നവംബറില്‍ ഒമ്പത് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നു. ദീപാവലിയോട് അനുബന്ധിച്ചാണ് കൂടുതല്‍ ചിത്രങ്ങളും തിയേറ്ററില്‍ എത്തുന്നത്. ഫിലിപ്സ് ആന്റ് ദ മങ്കിപെന്‍, ഗീതാഞ്ജലി, തിര, എസ്കേപ് ഫ്രം ഉഗാണ്ട, വിശുദ്ധന്, പുണ്യാളന് അഗര്‍ബത്തീസ്, സലാം കാശ്മീര്‍, 1983, കഥവീട് എന്നീ ചിത്രങ്ങളാണ് അടുത്ത മാസം പ്രദര്‍ശനത്തിനെത്തുന്നത്.
ഫിലിപ്സ് ആന്റ് ദ മങ്കിപ്പെന്നില്‍ ജയസൂര്യയും രമ്യ നമ്പീശനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാസ്റ്റര്‍ സനൂപ്, ജോയ് മാത്യു തുടങ്ങിയവരും അഭിനയിക്കുന്നു. ഷനില്‍ മുഹമ്മദ് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ സംവിധായകന് ലിജോ ജോസ് പല്ലിശേരി, മുകേഷ്, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഗീതാഞ്ജലിയാണ് തിയേറ്ററില്‍ എത്തുന്ന മറ്റൊരു ചിത്രം. മേനകയുടെ മകള്‍ കീര്‍ത്തി, നിഷാന്‍, ഇന്നസെന്റ് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബര്‍ 14 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
വിനീത് ശ്രീനിവാസന് സംവിധാനം നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം തിരയും അടുത്ത മാസം പ്രദര്‍ശനത്തിനെത്തും. ശ്രീനിവാസന്റെ മകന് ധ്യാന്‍ ശ്രീനിവാസനാണ് നായകന്. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭന ഈ ചിത്രത്തിലൂടെ പ്രധാനവേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്.
ആഫ്രിക്കയില്‍ പൂര്‍ണമായും ചിത്രീകരിച്ച എസ്കേപ് ഫ്രം ഉഗാണ്ടയാണ് തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. രാജേഷ് നായരാണ് സംവിധായകന്. റിമ കല്ലിങ്കല്ലാണ് മുഖ്യകഥാപാത്രമായെത്തുന്നത്.
കുഞ്ചാക്കോ ബോബനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന വിശുദ്ധനാണ് നവംബറില്‍ റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. രഞ്ജിത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ച് ജയസൂര്യ, നെയില ഉഷ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുണ്യാളന് അഗര്‍ബത്തീസ്, സുരേഷ് ഗോപി, ജയറാം, മിയ ജോര്‍ജ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ജോഷി ചിത്രം സലാം കാശ്മീര്‍ എന്നീ ചിത്രങ്ങളും അടുത്തമാസം തിയേറ്ററില്‍ എത്തും.
അബ്രിത് ഷൈന്‍, നിവിന്‍ പോളി, നിക്കി ഗല്‍രാനി തുടങ്ങിയവര്‍ അഭിനയിക്കുന്ന 1983, കുഞ്ചാക്കോ ബോബന്, ഭാമ തുടങ്ങിയവര്‍ ഒരുമിക്കുന്ന സോഹന്‍ലാല്‍ ചിത്രം കഥവീടും നവംബറില്‍ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: