സിനിമയുടെ മായാലോകത്തില്‍ മിന്നിമറയുന്ന കഥാപാത്രങ്ങള്‍ ഏറെയാണ്. ചില കഥാപാത്രങ്ങള്‍ പ്രേക്ഷകമനസില്‍ സ്ഥാനം പിടിക്കുമ്പോള്‍ ആ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയവര് പ്രതിഭകളായി മാറുന്നു. എന്നാല്‍ ഒരു സിനിമ കണ്ടിറങ്ങിയവരും കാണാത്തവരും ഒരു കഥാപാത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുക എന്നത് ഒരു അപൂര്‍വതയാണ്. മലയാളസിനിമാ ചരിത്രത്തില്‍ ഈ അടുത്തകാലത്ത് ഇത്രയധികം ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു കഥാപാത്രമുണ്ടാവില്ല. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന് സിനിമയില്‍ ആര്‍പിഎം പാര്‍ട്ടി സെക്രട്ടറിയായി അവതരിച്ചപ്പോള്‍, കനേഡിയന്‍ കരാറും ഉന്മൂലന രാഷ്ട്രീയവുമെല്ലാം സിനിമ ചര്‍ച്ചചെയ്തപ്പോള്‍ കൈതേരി സഹദേവന് സമകാലീന രാഷ്ട്രീയത്തിലും ചര്‍ച്ചാവിഷയമായി.
കൈതേരി സഹദേവന് കേരളമൊട്ടാകെ ചര്‍ച്ചചെയ്യുമ്പോഴും സഹദേവന് ജന്മം നല്കിയ പ്രതിഭയെ അധികമാരും തിരിച്ചറിഞ്ഞിട്ടില്ല. മോഹന്‍ലാല്‍ ചിത്രമായ ‘റെഡ് ചില്ലീസി’ലെ വില്ലന്‍ ഫ്രാങ്കോ ആലങ്കാടനെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കില്ല. റെഡ് ചില്ലീസിലെ മുടിനീട്ടി വളര്‍ത്തിയ വില്ലനാണ് കൈതേരി സഹദേവനായതെന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് ദഹിക്കില്ല. അതുതന്നെയാണ് കൈതേരി സഹദേവനെ അനശ്വരനാക്കിയ ഹരീഷ് പേരടി എന്ന നടന്റെ വിജയവും.
കോഴിക്കോട് ചാലപ്പുറം ഗോപിനിവാസില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന എം. ഗോവിന്ദന്‍നായരുടെയും അമ്മ സാവിത്രിയുടെയും മൂന്നുമക്കളില്‍ ഇളയവനായ ഹരീഷിന്റെ ലോകം കുട്ടിക്കാലം മുതല്‍ നാടകങ്ങളായിരുന്നു. വീടിനടുത്തുള്ള കോഴിക്കോട് ടൗണ്‍ഹാളില്‍ അരങ്ങേറിയ നാടകങ്ങള്‍ കുഞ്ഞുമനസിലുള്ളില് കലയുടെ ശബ്ദവും വെളിച്ചവുമൊരുക്കി. കോഴിക്കോട് സാമൂതിരി ഹൈസ്ക്കൂളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ നാടകവേദിയില്‍ അരങ്ങേറിയ ഹരീഷ് പിന്നീടൊരിക്കലും വേറിട്ടു ചിന്തിച്ചിട്ടില്ല. കലയെ സ്നേഹിച്ചിരുന്ന അച്ഛനും അമ്മയും മകന്റെ നാടകഭ്രമത്തെ ആവോളം പ്രോത്സാഹിപ്പിച്ചു. ഇരുപതാം വയസ്സില്‍ അച്ഛന്റെ വിയോഗം. എന്നിട്ടും മകന് നാടകത്തിന്റെ വഴി തെരഞ്ഞെടുക്കുന്നതിന് അമ്മ തടസ്സം നിന്നില്ല. നാടകം കളിച്ച് മടങ്ങിവരുവോളം മകന്റെ നാടകവിശേഷങ്ങള്‍ അറിയാന്‍ ആ അമ്മ കാത്തിരിക്കുമായിരുന്നു.
ഡിഗ്രി പഠനം കഴിഞ്ഞ് ഹരീഷ് നേരെപോയത് ജയപ്രകാശ് കുളൂരിനടുത്തേക്കാണ്. ഗുരുകുല വിദ്യാഭ്യാസസമ്പ്രദായ രീതിയിലുള്ള നാടക പഠനം. വല്ലപ്പോഴും കിടന്നുറങ്ങാന്‍ മാത്രം സ്വന്തം വീട്ടിലേക്ക്. ജയപ്രകാശ് കുളൂരിന് കീഴില്‍ ഹരീഷ് പേരടിയും സുഹൃത്ത് ശശികുമാര്‍ എരഞ്ഞിക്കലും ചേര്‍ന്നൊരുക്കിയ ‘അപ്പുണ്ണികള്‍ ‘എന്ന നാടകം അരങ്ങേറിയത് 3500 ലധികം വേദികളിലാണ്. പതിനഞ്ച് കൊല്ലത്തെ നാടകയാത്ര ഹരീഷിനെ കൊണ്ടെത്തിച്ചത് സീരിയല്‍ രംഗത്താണ്. തിരക്കഥാകൃത്തായ വി.എസ്.അനില്‍ വഴിയായിരുന്നു ടെലിവിഷന്‍ രംഗത്തേക്കുള്ള ഹരീഷിന്റെ കാല്‍വെയ്പ്പ്. അനില്‍ തിരക്കഥയെഴുതിയ ‘കായംകുളം കൊച്ചുണ്ണിയില്‍’, ‘കാക്ക ശങ്കരന്’ എന്ന ശക്തമായ കഥാപാത്രം. ‘കാക്ക ശങ്കരന്’ ശ്രദ്ധേയമായതോടെ സീരിയലുകളില്‍ പല വേഷങ്ങളും ലഭിച്ചുതുടങ്ങി. രജപുത്ര രഞ്ജിത്ത് നിര്‍മിച്ച ‘ഗുരുവായൂരപ്പനി’ലെ കിംവദന് എന്ന കഥാപാത്രവും ശ്രദ്ധേയമായി. ഇതിനിടെ സിബി മലയിലിന്റെ ‘ആയിരത്തില്‍ ഒരുവനി’ ലൂടെ സിനിമയില്‍ അരങ്ങേറ്റം. നാടകവും സീരിയലുമായി സജീവമായി മുന്നോട്ടുപോകുമ്പോഴാണ് രഞ്ജിത്ത് നിര്‍മിച്ച റെഡ് ചില്ലീസിലെ വില്ലന്‍ ഫ്രാങ്കോ ആലങ്കാടന് ഹരീഷിനെ തേടിയെത്തുന്നത്. ഫ്രാങ്കോ ആലങ്കാടനെ ബോധിച്ച നിര്‍മാതാവ് രഞ്ജിത്ത് തന്റെ ചിത്രമായ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ലെ കൈതേരി സഹദേവനെ ഹരീഷില്‍ കണ്ടെത്തുകയായിരുന്നു.
രഞ്ജിത്ത് വിളിക്കുമ്പോള്‍ കൈതേരി സഹദേവന് എന്ന കഥാപാത്രത്തിന്റെ ആഴം ഒരിക്കലും ഹരീഷ് മനസിലാക്കിയിരുന്നില്ല. ചര്‍ച്ചയ്ക്കിടെ മുരളീ ഗോപി തിരക്കഥ മുന്‍കൂട്ടി നല്കി. കൈതേരി രാമു, രാമുവിന്റെ മകന് ചാത്തു, ചാത്തുവിന്റെ മകന് സഹദേവന് തിരക്കഥയിലൂടെ കടന്നുപോകുന്നത് മൂന്നുതലമുറകളിലെ കഥാപാത്രങ്ങള്‍. രാമു പ്രതിപാദിക്കപ്പെടുന്നുണ്ടെങ്കിലും ചിത്രത്തില്‍ കടന്നുവരുന്നില്ല. ചാത്തുവിനെയും ചാത്തുവിന്റെ മകന് സഹദേവനെയും അവതരിപ്പിക്കുന്നതിനുമുമ്പ് നാടകത്തിന്റെ റൂട്ടിലൂടെയാണ് താന്‍ രണ്ട് കഥാപാത്രങ്ങളെയും സമീപിച്ചതെന്ന് ഹരീഷ് പറയുന്നു. ബാല്യകാലത്തെ കാഴ്ചകളും ജനിതകഘടകങ്ങളും ഒരു വ്യക്തിയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നതാണ് ചിത്രം പറയുന്നത്. വടക്കന്‍ കേരളത്തില്‍ ജനിച്ച കൈതേരി സഹദേവന്റെയും മധ്യകേരളത്തില്‍ ജനിച്ച ചെഗുവേര റോയിയുടെയും തെക്കന്കേരളത്തില് ജനിച്ച വട്ട് ജയന്റെയും ശരികള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. കൃത്യമായ കാലവും സ്ഥലവും പ്രതിപാദിക്കുന്ന കഥാപാത്രങ്ങള്‍. എട്ടാമത്തെ വയസ്സില്‍ അനാഥത്വം വേട്ടയാടിയ ബാല്യമാണ് സഹദേവന്റേത്. അനുജന്റെ മരണത്തിന് പകരം ചോദിക്കാനായി പോകുന്ന സഹദേവന്റെ അച്ഛന് ചാത്തു തിരിച്ചുവരുന്നില്ല. പോകാന്നേരം ചാത്തുപറഞ്ഞ വാക്കുകളാണ് സഹദേവനെ കൈതേരി സഹദേവനാക്കുന്നത്. ‘സഹദേവാ കരയാതെ കണ്ടോണം, കണ്ടു പഠിച്ചോണം’. ചാത്തുവിന്റെ പരകായ പ്രവേശം സഹദേവനില്‍ തുടങ്ങുന്നത് അവിടെനിന്നാണ്. പിന്നീട് ചിത്രത്തില്‍ പലപ്പോഴും ചാത്തു മിന്നിമറയുന്ന കഥാപാത്രമാണ് കൈതേരി സഹദേവനെന്ന് വരികള്‍ക്കിടയിലൂടെ വായിക്കാനായി. ജീവിതാനുഭവങ്ങളിലൂടെ പക്വതയാര്‍ജ്ജിക്കുന്ന സഹദേവനും സഹദേവനിലേക്കെത്തുന്ന ചാത്തുവിന്റെ സ്വാധീനവും മനസിലാക്കാനായതോടെ കൈതേരി സഹദേവന് മനസില്‍ കടന്നുവന്നതായി ഹരീഷ്. നാടകാഭിനയത്തില്‍നിന്നും കിട്ടുന്ന ഒരു പാഠമുണ്ട്. അഭിനയത്തിന്റെ കുറെ ഘട്ടങ്ങള്‍ കഴിയുമ്പോള്‍ നമുക്ക് മുന്നില്‍വരുന്ന കഥാപാത്രം ഏത് കാറ്റഗറിയില്‍പ്പെട്ടതാണെന്ന് തിരിച്ചറിയാനാകും. അത് തിരിച്ചറിഞ്ഞാല്‍ പിന്നെ ആ കഥാപാത്രത്തെ എത്രയുംവേഗം മനോഹരമായി വേദിയിലെത്തിക്കുക എന്ന ആഗ്രഹം മാത്രമേ മനസില്‍ കാണൂ- ഹരീഷ് പറയുന്നു.
സഹദേവനാകാന്‍ കഥാപാത്രത്തെ പഠിക്കുക മാത്രമല്ല ഹരീഷ് ചെയ്തത് നിത്യവും വ്യായാമം ചെയ്തിരുന്നത് സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കി. നീട്ടിവളര്‍ത്തിയ മുടി മുറിച്ചു, വടക്കന്ഭാഷാ ശൈലി പരിശീലിച്ചു. കേരളത്തിലങ്ങോളമിങ്ങോളം നാടകം കളിച്ചു നടന്നതുകൊണ്ട് ഭാഷാപ്രയോഗം അനായാസേന വഴങ്ങി.
കൈതേരി സഹദേവനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഹരീഷിന് വ്യക്തമായ മറുപടിയുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ സിനിമ കണ്ട ആരും ഉന്നയിച്ചിട്ടില്ല. കൈതേരി സഹദേവന് ഒരു നല്ല കഥാപാത്രം മാത്രമാണ്. കൈതേരി സഹദേവന്റെ പശ്ചാത്തലം രാഷ്ട്രീയമാകുന്നുവെന്നുമാത്രം. ഇന്ദ്രജിത്ത് അവതരിപ്പിച്ച വട്ട് ജയന്റെ പശ്ചാത്തലം പോലീസ് സേനയാണ്. അങ്ങനെയെങ്കില്‍ വട്ട് ജയനെയും ചുറ്റുമുള്ള പോലീസ് ഓഫീസര്‍മാരേയും ഉപമിക്കേണ്ടിവരുമല്ലോ. കൈതേരി സഹദേവനും റോയിക്കും ജയനും അവരുടേതായ ശരികളുണ്ട്. ആ ശരികള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.
സിനിമ നേരിടുന്ന അപ്രഖ്യാപിത വിലക്കിനുള്ള ഹരീഷിന്റെ മറുപടിയിതാണ്. സിനിമ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്നു എന്ന സത്യം നിലനില്ക്കുന്നു. അതാണ് അത്തരക്കാര്‍ക്കുള്ള മറുപടി. എല്ലാ നിരോധനങ്ങളെയുമാണ് ആദ്യം നിരോധിക്കേണ്ടത് എങ്കില്‍മാത്രമേ കല രക്ഷപ്പെടുകയുള്ളൂ.
സീരിയല്‍ നാടകരംഗത്ത് സജീവമാണെങ്കിലും സിനിമ തന്നെയാണ് ഹരീഷിന് താല്‍പ്പര്യം. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഒരു ‘ലൈഫ് ഉണ്ട്. സിനിമ ചെയ്തുകഴിഞ്ഞാല്‍ അത് എക്കാലത്തും ഉണ്ടാവും. അത് ആ മാധ്യമത്തിന്റെ മാത്രം പ്രത്യേകതയാണ് എന്നു കരുതി സീരിയലിനോട് സ്നേഹമില്ല എന്നല്ല. നമ്മള് അവതരിപ്പിക്കുന്ന ഒരു കഥാപാത്രം പോപ്പുലര്‍ ആകണമെന്ന് സ്വാഭാവികമായും ആരും ആഗ്രഹിക്കും.
നെഗേറ്റെവ് കഥാപാത്രങ്ങള്‍മാത്രം തന്നെതേടിയെത്തുമോയെന്ന ഭയമൊന്നും ഹരീഷിനില്ല. ഫ്രാങ്കോ പൂര്‍ണമായും നെഗേറ്റെവ് കഥാപാത്രമായിരുന്നു. എന്നാല്‍ സഹദേവന് വളരെ ‘ഹെവിയായ’ പോസിറ്റീവ് വശങ്ങളുള്ള കഥാപാത്രമാണ്. ഇത്തരം കഥാപാത്രങ്ങളോട് എന്നും താല്‍പ്പര്യമുണ്ടായിരിക്കും.
കൈതേരി സഹദേവന്റെ മാനറിസങ്ങള്‍ വിട്ടുപോയോ എന്ന ചോദ്യത്തിന് ഹരീഷിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. രൂപമുള്ളൊരു വ്യക്തിയും രൂപമില്ലാത്ത ഒരു കഥാപാത്രവും തമ്മിലുള്ള ഇഴുകിച്ചേരല്‍ ആണ് ഓരോ കഥാപാത്രവും. നമ്മള് ഒരു കഥാപാത്രത്തിനുവേണ്ടി ശരീരം ദാനം ചെയ്യുന്നു. ശരീരം തിരിച്ചുവാങ്ങുമ്പോള്‍ കഥാപാത്രവും പഴയഭാവങ്ങളും ഉപേക്ഷിക്കപ്പെടും.
സംവിധായകന് ഭദ്രന്റെ അടുത്തചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഹരീഷ്. കൈതേരി സഹദേവന്റെ പേരില്‍ വിവാദങ്ങള്‍ പുകയുമ്പോള്‍ ഹരീഷിന് അതും അംഗീകാരമാണ്. സഹദേവനെ കൈതേരി സഹദേവനായി പ്രേക്ഷകര്‍ ഏറ്റെടുത്തതു തന്നെയാണ് വിവാദങ്ങള്‍ക്കിടയാക്കിയതും.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: