തിരുവനന്തപുരം: കഠിനമായ സ്വന്തം ജീവിതാനുഭവങ്ങളെ കഥാപാത്രങ്ങളുടെ കരുത്താക്കിമാറ്റിയ സത്യന് തനിക്ക് ഗുരുവും സുഹൃത്തും ജേഷ്യഠനുമായിരുന്നുവെന്ന് നടന് മധു. രാജ്യാന്തര ചലച്ചിത്രമേളയില്‍ അഭിനയ പ്രതിഭയായ സത്യന്റെ നൂറാം ജന്മദിനവാര്ഷികത്തോടനുബന്ധിച്ചുള്ള ‘സത്യന് അറ്റ് 100’ , ‘ഇന്ത്യന്‍ സിനിമ 100’ എക്സിബിഷനുകള്‍ കനകക്കുന്നു കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറന്നാലും മറക്കാന്കഴിയാത്ത ചിരഞ്ജീവിയായ സത്യന് മരിച്ചുപോയി എന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇളംതലമുറയിലുള്ളവര്ക്ക് സത്യന്റെ സിനിമകള്‍ കാണാന്‍ ഈ എക്സിബിഷന് പ്രചോദനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൃഹാതുരത്വവും ഇന്ത്യന്‍ സിനിമയുടെ ചരിത്രവും വിശകലനം ചെയ്യുന്ന എക്സിബിഷനുകള്‍ പുതുതലമുറയ്ക്ക് പ്രയോജനപ്രദമാകുമെന്ന് അധ്യക്ഷനായിരുന്ന ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്ശന് പറഞ്ഞു. 20 വര്‍ഷത്തിനിടയില്‍ 153 ചിത്രങ്ങളില്‍ കഥാപാത്രങ്ങളായി ജീവിച്ച സത്യന് മാഷ് ഇതിഹാസമാണെന്ന് സംവിധായകന് സുരേഷ് കുമാര്‍ പറഞ്ഞു. പിതാവിന്റെ ഓര്മ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്നതിലും മേളയില്‍ സത്യെന്റ പേരില്‍ റെട്രോസ്പെക്ടീവും,എക്സിബിഷനും ഉള്‍പ്പെടുത്തിയതിലും സന്തോഷമുണ്ടെന്ന് സത്യന്റെ മകന് സതീഷ് സത്യന് പറഞ്ഞു. ചലച്ചിത്രപ്രവര്‍ത്തകരെ അദ്ദേഹം ഒരിക്കലും വേദനിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി വൈസ് ചെയര്മാന് ഗാന്ധിമതി ബാലന്, പ്രോഗ്രാം കണ്‍വീനര്‍ റോയ്, സത്യന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.
സത്യന് അനശ്വരമാക്കിയ കഥാപാത്രങ്ങളുടേയും നായികമാരുടെയും സംവിധായകരുടെയും ചിത്രങ്ങളും സതീഷ് സത്യന്റേയും ശേഖരത്തിലുള്ള അപൂര്‍വ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്. ആദ്യ ചിത്രമായ 1952 ലെ ആത്മസഖി മുതലുള്ള ചിത്രങ്ങള്‍ എക്സിബിഷനിലുണ്ട്. വാര്‍ത്താവിനിമ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഫിലിം ഡിവിഷന്റെ ആഭിമുഖ്യത്തിലാണ് ഇന്ത്യന്‍ സിനിമ 100 പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ നാഷണല്‍ സിനിമാ മ്യൂസിയം സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള ഈ സംരംഭം ഇന്ത്യന്‍ സിനിമയുടെ പരിണാമം വരച്ചുകാട്ടുന്നു. ആദ്യകാല സിനിമാസങ്കേതങ്ങളായ ക്യാമറ, ലൈറ്റ്, ലെന്‍സ്, മെക്കാനിക്കല്‍ അനിമേഷന്‍ ഉപകരണങ്ങളായ പ്രാക്ലീനോസ്കോപ്പ്, പിനാക്കിസ്റ്റിസ്കോപ്പ് തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: