രാമായണകഥയെ അധികരിച്ച് ഉത്തരരാമായണത്തിലെ ലവ-കുശന്മാരുടെ ജീവിതവും ഉള്‍പ്പെടുത്തി തെലുങ്കിലെ ഒന്നാംകിട സംവിധായകനായ ബാബു സംവിധാനം ചെയ്യുന്ന നയന്‍താരയുടെ ശ്രീരാമരാജ്യം മലയാളത്തില്‍.
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തില്‍ അലിഞ്ഞു ചേര്‍ന്ന ഈ കഥ ചലച്ചിത്രത്തിന് വിഷയമാവുമ്പോള്‍ പഴമയെ പുതുമയോടെയാണ് സെല്ലുലോയിഡില്‍, പകര്‍ത്തിയിരിക്കുന്നത്. ഓരോ ഫ്രെയിമിനും ലക്ഷങ്ങള്‍ ചെലവു ചെയ്ത് നാല്‍പ്പത്തി അഞ്ചു കോടിയിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ഇന്ത്യയില്‍ ചിത്രീകരിച്ച ചെലവു കൂടിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്ക്കുന്ന ഈ ചിത്രം ദൃശ്യഭംഗിയുടെ പൂരക്കാഴ്ചയാണ് ഒരുക്കുന്നത്. സീതയായി അഭിനയിക്കുന്നത് മലയാളത്തിന്റെ പ്രിയതാരം നയന്‍താരയാണ്.
കഥാപാത്രമായി മാറാന്‍ നീണ്ട നാളത്തെ വ്രതശുദ്ധിയും പരിശീലനവും നേടിയ ശേഷമാണ് നയന്‍താര സീതയായി ക്യാമറയുടെ മുന്നിലെത്തിയത്. ഭക്തി ചിത്രങ്ങളുടെ കാരണവരായ എന്‍.ടി. രാമറാവുവിന്റെ മകനും സൂപ്പര്‍സ്റ്റാറുമായ ബാലകൃഷ്ണയാണ് ശ്രീരാമനായി അഭിനയിക്കുന്നത്. നാഗാര്‍ജുനയുടെ പിതാവ് നാഗേശ്വരറാവുവാണ് വാല്മീകിയായി എത്തുന്നത്. പ്രേമാനന്ദം, കെ.ആര്. വിജയ, ജയസുധ, റോജ, ജൂനിയര്‍ താരാസിംഗ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍, ഇളയരാജയാണ് സംഗീതം, ഛായാഗ്രഹണം പി.കെ.ആര്. രാജു മലയാള പതിപ്പില്‍ ഗാനങ്ങളും സംഭാഷണവും മങ്കൊമ്പ് ഗോപാലകൃഷ്ണന് എഴുതിയിരിക്കുന്നു. എസ്.പി. ബാലസുബ്രഹ്മണ്യം, മധു ബാലകൃഷ്ണന്, ഗണേഷ് സുന്ദരം, ചിത്ര, റിമിടോമി, ജ്യോത്സന, പ്രീത തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മ്യൂസിക് കണ്ടക്ടര്‍ വേണുജി മുളവുകാട്, നിര്‍മ്മാണ നിര്‍വ്വഹണം ടി. കൃഷ്ണസുന്ദര്റാവു, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ ടി. ജയപ്രസാദ്, മലയാളികള്‍ക്ക് ഹൃദ്യമായ ഈ കഥ ചലച്ചിത്രമായി എത്തുമ്പോള്‍ ഭക്തിയിലൂടെ പ്രേക്ഷകന് അനുഭൂതി പകരുന്നു. ആന്ധ്രയില്‍ ഇരുനൂറ് ദിവസം പിന്നിട്ട് പ്രദര്‍ശനം തുടരുന്ന ശ്രീരാമരാജ്യം മലയാള സിനിമാരംഗത്ത് വിജയപ്രതീക്ഷകളുമായി ഉടന്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: