സെക്കന്റ്ഷോയിലെ ഗീതുവിനെയും ഡയമണ്ട് നെക്ലെയ്സിലെ ലക്ഷ്മിയെയും പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മറക്കാനാവില്ല. ഒരു സാധാരണ പെണ്‍കുട്ടിയുടെ നിഷ്കളങ്കതയോടെ ഗീതുവിനെയും വിദേശത്ത് നഴ്സിംഗ് ജോലി തേടിയെത്തിയ ലക്ഷ്മി എന്ന തമിഴ് പെണ്‍കുട്ടിയെയും തന്മയത്വത്തോടെ അവതരിപ്പിച്ചത് ഗൗതമിനായരാണെന്ന് പറഞ്ഞാല്‍ ഗൗതമിയെ അറിയാവുന്നവര്‍ ആദ്യം ഒന്നമ്പരക്കും. മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിച്ച,് എപ്പോഴും അടിപൊളിയായി നടക്കുന്ന ഒരു മോഡേണ്‍ പെണ്‍കുട്ടി എങ്ങനെ ഗീതുവും ലക്ഷ്മിയുമായി എന്ന ചോദ്യം സ്വാഭാവികമായി ഉയരും.
എംബിബിഎസ് സ്വപ്നം കണ്ടുനടന്നിരുന്ന ഗൗതമി തന്റെ ആദ്യചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകന്റെ ഹൃദയത്തെ കീറിമുറിച്ച് അതിലിടം പിടിച്ചുകഴിഞ്ഞു. ഡയമണ്ട് നെക്ലെയ്സിലൂടെ ലക്ഷ്മിയായി തിളങ്ങിയ ഗൗതമിയുടെ വിശേഷങ്ങള്‍.
സെക്കന്റ് ഷോയിലേക്കെത്തിയത്, അനുഭവങ്ങള്‍?
സെക്കന്റഷോയുടെ ഓഡീഷന് നടക്കുന്ന സമയത്ത് എന്റെ കസിന് സിസ്റ്റര്‍ ശാന്തിയും ശാന്തിയുടെ സുഹൃത്തും സെക്കന്റ് ഷോയുടെ സഹസംവിധായകനുമായ വിഷ്ണുവും ചേര്‍ന്നാണ് എന്നോടുപറയുകപോലും ചെയ്യാതെ ഫോട്ടോ അയച്ചുകൊടുക്കുന്നത്. സംവിധായകന് ശ്രീനാഥ് രാജേന്ദ്രനെ കാണാന്‍ എറണാകുളത്തെത്തിയപ്പോള്‍ അവിടെ ടീമിനൊപ്പം ദുല്‍ക്കര്‍ സല്‍മാനുമുണ്ടായിരുന്നു. ദുല്‍ക്കര്‍ മമ്മൂക്കയുടെ മകനാണെന്ന് എന്നോടാരും പറഞ്ഞില്ല. ഏതോ പുതുമുഖനടനാണെന്നേ ഞാനും കരുതിയിരുന്നുള്ളൂ. ഗീതുവിന്റെ ക്യാരക്ടര്‍ പറഞ്ഞുകേട്ടപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നില്ല. പക്ഷേ എന്തു സംഭവിക്കും എന്ന ഉത്കണ്ഠയുണ്ടായിരുന്നു. സിനിമയ്ക്ക് മുന്നോടിയായി ഒരു മാസത്തെ അഭിനയക്യാമ്പ് ഉണ്ടായിരുന്നു. എല്ലാവരുമായി നല്ല സൗഹൃദം സൃഷ്ടിച്ചെടുക്കാനും അഭിനയത്തെക്കുറിച്ച് വളരെയേറെ കാര്യങ്ങള്‍ പഠിക്കാനും ക്യാമ്പ് സഹായിച്ചു.
സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ മകനുമൊത്തുള്ള അഭിനയം?
ഒരു പ്രശ്നവുമുണ്ടായില്ല. ദുല്‍ക്കര്‍ വളരെ സിമ്പിളായ വ്യക്തിയാണ്. പരിചയമില്ലാത്തവരോട് ഒരു അകലം പാലിക്കും. ഈ റിസര്‍വ്ഡ് സ്വഭാവം ചിലപ്പോള്‍ ജാടയെന്നു തെറ്റിദ്ധരിക്കും. എന്നാല്‍ പരിചയപ്പെട്ടുകഴിഞ്ഞാല്‍ വളരെ ജോളിയായ, നല്ല സുഹൃത്താണ്.
ഡയമണ്ട് നെക്ലെയ്സിലെ ലക്ഷ്മിയായത്?
ലക്ഷ്മിയുടെ വേഷം അമലാപോളിനു വേണ്ടി മാറ്റിവെച്ചിരുന്നതാണ്. അമലയുടെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം മറ്റൊരാളെ തിരയുകയായിരുന്നു. സെക്കന്റ്ഷോയുടെ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ട സംവൃതാസുനിലാണ് എന്റെ പേര് നിര്‍ദ്ദേശിച്ചത്. അതേ ദിവസം തന്നെ പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് ഷൊര്‍ണ്ണൂരും യാദൃശ്ചികമായി എന്റെ പേരു പറഞ്ഞു.
ലക്ഷ്മിയാവാനെടുത്ത തയ്യാറെടുപ്പുകള്‍?
ലക്ഷ്മിയുടെ ക്യാരക്ടര്‍ പറഞ്ഞശേഷം തിരക്കഥാകൃത്ത് ഡോ.ഇക്ബാല്‍ കുറ്റിപ്പുറം പറഞ്ഞത് കുറച്ച് തമിഴ്സിനിമകള്‍ കണ്ടുനോക്കൂ എന്നായിരുന്നു. കുറെ തമിഴ് സിനിമകളുടെ സിഡികളും തന്നു. ജീവിത്തില്‍ ആദ്യമായാണ് ഒറ്റയിരുപ്പില്‍ ഇരുന്ന് ഇത്രയും സിനിമകള്‍ കാണുന്നത്. ഒരു തമിഴ്പെണ്‍കുട്ടിയുടെ പെരുമാറ്റം മനസ്സിലാക്കാന്‍ ഇത് സഹായിച്ചു.
ലാല്‍ജോസ് എന്ന സംവിധായകന്?
ഇന്ഡസ്ട്രിയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാള്‍. അദ്ദേഹത്തിനുകീഴില്‍ പ്രവര്‍ത്തിക്കാനാവുന്നത് വലിയ അനുഭവമാണ്. സെക്കന്റ്ഷോ പുതുമുഖങ്ങളുടെ കൂട്ടായ്മയായിരുന്നു. ഡയമണ്ട് നെക്ലെയ്സിന്റെ സെറ്റില്‍ എല്ലാകാര്യത്തിലും വളരെ പ്രൊഫക്ഷണലായ സമീപനമാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ സെറ്റില്‍ അതിന്റെ ഒരു പിരിമുറുക്കവുണ്ടായി.
ഡയമണ്ട് നെക്ലെയ്സിലെ അനുഭവങ്ങള്‍?
രസകരമായ അനുഭവങ്ങള്‍ നിരവധിയാണ്. സെറ്റ് ജോളിയാക്കണം എന്നതായിരുന്നു എന്റെ ലക്ഷ്യം. ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പൊട്ടത്തരങ്ങള്‍ ഉണ്ടാവും. മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഞാന്‍ പാഴാക്കില്ല. ദുബായിലെ ബുര്‍ജ് ഖലീഫയിലെ ഷുട്ടിംഗ് ദിനങ്ങള്‍ മറക്കാനാവാത്തതാണ്.
സിനിമ റിലീസായപ്പോള്‍?
പ്രേക്ഷകര്‍ ലക്ഷ്മിയെ എങ്ങനെ സ്വീകരിക്കുമെന്ന ഭയമുണ്ടായിരുന്നു. വീട്ടുകാര്‍ സിനിമ കണ്ടിട്ട് നന്നായി എന്നുപറഞ്ഞു. ദുല്‍ക്കറും കുടുംബവും മമ്മൂക്കക്കൊപ്പം സിനിമ കാണാന്‍ പോയിരുന്നു. സിനിമയ്ക്ക് കയറുന്നതിനുമുമ്പ് വിളിച്ചുപറയുകയും ചെയ്തു. അവര്‍ എന്തുപറയുമെന്ന ആശങ്കയുണ്ടായിരുന്നു. സിനിമ കണ്ടിട്ട് എല്ലാവര്ക്കും ഇഷ്ടമായെന്ന് ദുല്‍ക്കര്‍ പറഞ്ഞു. പിറ്റേന്ന് ദുബായ് എയര്‍പോര്‍ട്ടില്‍ ദുല്‍ക്കറിനെയും ഭാര്യ അമാലുവിനെയും കണ്ടുമുട്ടിയപ്പോഴും ഇതു പറഞ്ഞു. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി.
ഗൗതമിനായര്‍ എന്ന പെണ്‍കുട്ടി?
കുവൈറ്റിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പാട്ട്, ഡാന്‍സ്, പെയിന്റിംഗ്, സ്പോര്‍ട്സ് ഇതിലെല്ലാം ഒരു കൈനോക്കിയിട്ടുണ്ട്. കഥക് പഠിച്ചിട്ടുണ്ട്. സിനിമാഭ്രമമില്ലാതിരുന്ന കുട്ടിയായിരുന്നു ഗൗതമി. ആദ്യമായി കാണുമ്പോള്‍ ആള്ക്കാര് കരുതും വളരെ ‘സെയിലന്റ്’ ആയ കുട്ടിയാണെന്ന്. പരിചയപ്പെട്ടുകഴിഞ്ഞാല്‍ ധാരണയെല്ലാം മാറികൊള്ളും. അത്യാവശ്യം വാചകമടിയൊക്കെയുണ്ട്.
സിനിമയിലെത്തിയപ്പോള്‍ നഷ്ടമായ സ്വപ്നം?
കുട്ടിക്കാലം മുതല്‍ മനസില്‍ താലോലിച്ച് നടന്നിരുന്ന എംബിബിഎസ് എന്ന സ്വപ്നം. അച്ഛന് ന്യൂക്ലിയര്‍ മെഡിസിന് വിഭാഗം മേധാവിയാണ്. സ്കൂള്‍ അവധിക്കാലങ്ങളില്‍ നാട്ടില്‍ പോകാത്ത അവസരങ്ങളില്‍ സമയം ചെലവഴിച്ചിരുന്നത് അച്ഛന് ജോലിനോക്കിയിരുന്ന ആശുപത്രികളിലാണ്. അന്നേ മനസില്‍ കയറികൂടിയതാണ് എംബിബിഎസ് മോഹം. പക്ഷേ അമ്മയ്ക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. ഡോക്ടറാകണമെന്ന് അച്ഛന് നിര്‍ബന്ധിച്ചിട്ടുമില്ല. നാട്ടില്‍ വന്ന് എന്‍ട്രന്‍സ് എഴുതിയെങ്കിലും എംബിബിഎസിന് മെരിറ്റ് ക്വാട്ടയില്‍ കിട്ടിയില്ല. തുടര്‍ന്ന് ബിഫാമിന് അമൃതയില്‍ ചേര്‍ന്നു. അതിനോട് വലിയ താല്പര്യം തോന്നാത്തതിനാല്‍ ഇടയ്ക്കുവച്ച് നിര്‍ത്തി. വീണ്ടും എന്‍ട്രന്‍സിനുള്ള പരിശീലനം തുടര്‍ന്നു. ഇതിനിടെയാണ് സിനിമയിലേക്കെത്തുന്നത്. ആദ്യചിത്രങ്ങളില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട്. അതുകൊണ്ട് തേടിയെത്തുന്ന കുറച്ച് നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. ഇതിനിടയില്‍ എംബിബിഎസ് നടക്കില്ലെന്നുറപ്പായി. ഡിഗ്രി സൈക്കോളജി പഠനവിഷയമാക്കാന്‍ തീരുമാനിച്ചു.
ആഗ്രഹം?
സിനിമയില്‍ പാടണമെന്നത് ഒരു വലിയ ആഗ്രഹമാണ്. ഡയമണ്ട് നെക്ലെയ്സിന്റെ സെറ്റില്‍ സ്ഥിരം പാടുമായിരുന്നു. പലപ്പോഴും കമ്പനി ലാല്‍ജോസ് സാറിന്റെ ഇളയമകളായിരുന്നു.
കുടുംബം?
അച്ഛന് ദുബായില്‍ ന്യൂക്ലിയര്‍ മെഡിസിന് വിഭാഗം മേധാവിയായ ഡോ.മധുസൂദനന് നായര്‍. അമ്മ ശോഭ, സഹോദരി ഗായത്രി നായര്‍, സഹോദരീ ഭര്‍ത്താവ് അജീഷ്. അച്ഛന്റെ വീട് തകഴിയിലും അമ്മയുടെ വീട് അമ്പലപ്പുഴയിലുമാണ്.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: