ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പുതിയ മയാള സിനിമകളെത്തി. ഇത്തവണ ക്രിസ്മസിന് നാല് മലയാളചിത്രങ്ങളാണ് റിലീസ്ചെയ്തിരിക്കുന്നത്. ആഷിക് അബുവിന്റെ ടാ തടിയാ, രഞ്ജിത്ത്-ജി.എസ്. വിജയന് ടീമിന്റെ ബാവുട്ടിയുടെ നാമത്തില്‍, മോഹന്‍ലാല്‍-മേജര്‍ രവി ടീമിന്റെ കര്‍മയോദ്ധ, ബി. ഉണ്ണികൃഷ്ണന്റെ ഐ ലവ് മി എന്നീ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.
മമ്മൂട്ടി സാധാരണക്കാരില്‍ സാധാരണക്കാരനായി അഭിനയിക്കുന്ന ബാവുട്ടിയുടെ നാമത്തിലും മോഹന്‍ലാല്‍ യോദ്ധാവായി അഭിനയിക്കുന്ന കര്‍മയോദ്ധയും ആദ്യ ദിനങ്ങളില്‍ത്തന്നെ തീയറ്ററില്‍ നല്ല റിസള്ട്ടുണ്ടാക്കിയിട്ടുണ്ട്.
മലബാറിലെ സാധാരണക്കാരുടെ കഥപറയുന്ന ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന് രഞ്ജിത്താണ് കഥ, തിരക്കഥ എഴുതിയിരിക്കുന്നത്. 11 വര്‍ഷത്തിനുശേഷം ജി.എസ്. വിജയന് എന്ന സംവിധായകന് തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ആനവാല്‍മോതിരം എന്ന ഹിറ്റ് ചിത്രത്തിനുശേഷമാണ് ജി.എസ്. വിജയന് മമ്മൂട്ടി ചിത്രവുമായി തിരിച്ചുവരുന്നത്. കാവ്യാമാധവന്, ശങ്കര്‍ രാമകൃഷ്ണന്, കനിഹ, റിമ കല്ലിങ്കല്‍ എന്നിവരാണ് താരങ്ങള്‍.
‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 22 ഫീമെയില്‍ കോട്ടയം’ എന്ന ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷമാണ് മറ്റൊരു പുതുമയുമായി ആഷിക് അബു രംഗത്തെത്തുന്നത്. ‘ടാ തടിയ’ തടിയന്മാരുടെ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. സമ്പന്നകുടുംബത്തില്‍പ്പെട്ട ലൂക്ക് (ശേഖര്‍ മേനോന്) ഭക്ഷണപ്രിയനും തടിയനുമാണ്. എല്ലാ വിധ സൗഭാഗ്യങ്ങളോടെയും കടന്നുപോകുന്ന ലൂക്കിന്റെ ജീവിതത്തിലേക്ക് കളിക്കൂട്ടുകാരിയായ ആന്‍ മേരി (ആന്‍ അഗസ്റ്റിന്) തിരിച്ചെത്തുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. പുതുതലമുറയിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.
മോഹന്‍ലാല്‍ നായകനായ കര്‍മയോദ്ധ, മേജര്‍ രവിയുടെ പതിവുരീതിയില്നിന്ന് വിഭിന്നമായ ചിത്രമാണ്. മിലിട്ടറി പശ്ചാത്തലത്തിലുള്ള ചിത്രമല്ല ഇത്. അനീതിക്കെതിരെ പേരാടുന്ന യോദ്ധാവിന്റെ വേഷമാണ് ഇതില്‍ ലാലിനുള്ളത്. പുതിയ വില്ലനെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ഐ ലവ് മി’ യുവാക്കളുടെ കഥയാണ്. ആസിഫ് അലി, ഉണ്ണി മുകുന്ദന്, ഇഷ തല്‍വാര്‍, അനൂപ് മേനോന് എന്നിവരാണ് മുഖ്യ താരങ്ങള്‍. വിയറ്റ്നാം, ബാങ്കോക്ക് എന്നിവിടങ്ങളിലാണ് ഇത് ചിത്രീകരിച്ചിട്ടുള്ളത്. സേതു എന്ന പുതിയ പ്രതിഭയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. നാല് മലയാളചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ സല്മാന്ഖാന് നായകനായ ‘ദബാങ്ങ്2’ എന്ന ഹിന്ദിചിത്രവും കാണികളെ ഹരംകൊള്ളിക്കാന്‍ എത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: