“എനിക്കീ താടിക്കാരനെ ഇഷ്ടമാ-ഒത്തിരി ഒത്തിരി ഇഷ്ടമാ” പ്രതിരോധമന്ത്രി എ.കെ. ആന്റണി തുറന്ന സദസ്സിലാണ് ടി.എന്‍. ഗോപകുമാറിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്കുള്ള അഭിപ്രായം കൂടിയാണിത്. ഏഷ്യാനെറ്റിന്റെ സാമൂഹ്യ പ്രതിബദ്ധതയുള്ള ‘കണ്ണാടി’യുടെ അവതരണമാണ് ഗോപകുമാറിനെ ഈ പ്രശംസക്ക് അര്‍ഹനാക്കിയത്.
മിമിക്രിക്കാര് ആദ്യം അനുകരിച്ച മലയാളി മാധ്യമപ്രവര്ത്തകന് ടി.എന്‍. ഗോപകുമാറായിരുന്നു. അദ്ദേഹത്തിന്റെ പതര്ച്ചയുള്ളതും മൂര്‍ച്ചയേറിയതുമായ ശബ്ദവും ഏഷ്യാനെറ്റിലെ ‘കണ്ണാടി’ എന്ന പരിപാടിയും യുവജനോത്സവ വേദികളില്‍ അനുകരണ കലാകാരന്മാര്ക്ക് ഇഷ്ടവിഷയമായി. പ്രൊഫഷണല്‍ മിമിക്രി സംഘങ്ങള്‍ മാത്രമല്ല സിനിമയില്‍ പോലും ‘കണ്ണാടി’ക്ക് അനുകരണങ്ങള്‍ ഉണ്ടായി.
കേരളീയ സമൂഹം ‘കണ്ണാടി’ എന്ന പരിപാടിക്കും അവതാരകന് ടി.എന്‍. ഗോപകുമാറിനും നല്കിയ സ്വീകാര്യതയായിരുന്നു ഇതിനെല്ലാം കാരണം.
ഏഷ്യാനെറ്റ് എന്ന വാണിജ്യ ചാനലിന്റെ ജനകീയ മുഖമാണ് കണ്ണാടി. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും നിരവധി പ്രശ്നങ്ങളേയും പ്രയാസങ്ങളേയും ജനസമക്ഷത്തിലെത്തിക്കാനും ഒട്ടനവധി കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും ശ്രദ്ധേയമായ പങ്ക് വഹിക്കാന്‍ ‘കണ്ണാടി’ക്ക് കഴിഞ്ഞു.
നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി മാറുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യസ്നേഹികളായ നിരവധി പേരെ അവശതയനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ പങ്കാളികളാക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞു. ‘കണ്ണാടി’ കണ്ട് മനസ്സലിഞ്ഞ് പ്രേക്ഷകര്‍ സഹായമെത്തിക്കുന്നു.
വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് പത്ര പ്രവര്ത്തകന് എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു നില്‍ക്കുമ്പോഴാണ് ടി.എന്‍. ഗോപകുമാര്‍ ഏഷ്യാനെറ്റുമായി ബന്ധപ്പെടുന്നത്. ഏഷ്യാനെറ്റിന്റെ തുടക്കത്തിലെ അമരക്കാരന് ശശികുമാറുമായുള്ള ബന്ധമായിരുന്നു കാരണം.
“1993ല്‍ വാര്‍ത്താധിഷ്ഠിത പരിപാടി എന്ന നിലയിലാണ് ‘കണ്ണാടി’ അവതരിപ്പിച്ചത്. ദൂരദര്‍ശനും മറ്റും സംസ്കൃത വാക്കുകള്‍ക്ക് പുറകെ പോയിരുന്നതിനാലാണ് തനി മലയാളം വാക്കായ ‘കണ്ണാടി’ തെരഞ്ഞെടുത്തത്. കെ. കരുണാകരന്റെ ജീവിതരേഖയായിരുന്നു ആദ്യ കണ്ണാടി”. ഗോപകുമാര്‍ തന്റെ പരിപാടിയുടെ തുടക്കം വിശദീകരിച്ചു.
എല്ലാ ഞായറാഴ്ചയും രാത്രി 10 മണിക്ക് സംപ്രേഷണം ചെയ്യുന്ന ‘കണ്ണാടി’ 19 വര്‍ഷമായി മുടങ്ങാതെ പ്രേക്ഷകരിലെത്തുന്നു. 900 എപ്പിസോഡില്‍ എത്തിനില്‍ക്കുന്ന ‘കണ്ണാടി’ പോലെ സാമൂഹികമായി ഇടപെടുന്ന ഒരു പരിപാടി മലയാള ചാനലുകളുടെ മാത്രമല്ല ചാനലുകളുടെ ചരിത്രത്തില്‍ തന്നെ ഇല്ലെന്നു പറയാം.
“ആദ്യകാലത്ത് ‘കണ്ണാടി’ കൈകാര്യം ചെയ്തത് തനി രാഷ്ട്രീയമായിരുന്നു. എന്നാലിപ്പോള്‍ സാമൂഹ്യ പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത്. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ മത, ജാതി, സമുദായ വിദ്യാഭ്യാസ, സാമ്പത്തിക അസമത്വങ്ങള്‍ അനുഭവിക്കുന്നവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള ഒരു ശ്രമം. അതിന്റെതായ ഒരു രാഷ്ട്രീയം ഉണ്ടെങ്കിലും തനി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പരിപാടിയല്ല ഇപ്പോള്‍ ‘കണ്ണാടി’ – ഗോപകുമാര്‍ പറഞ്ഞു.
‘കണ്ണാടി’ അവശതയനുഭവിക്കുന്നവര്‍ക്കായി നാലുകോടിയിലധികം രൂപ ഇതിനകം വിതരണം ചെയ്തു. പ്രേക്ഷകര്‍ നേരിട്ട് അയച്ച പണം വേറെയും. ഗുജറാത്തില്‍ ഭൂകമ്പം ഉണ്ടായപ്പോഴും സുനാമി ആഞ്ഞടിച്ചപ്പോഴും ‘കണ്ണാടി’ പ്രേക്ഷകനിധിയിലൂടെ സ്വരൂപിച്ച പണം ഒരു വലിയ ജനതയ്ക്ക് ആശ്വാസം തന്നെയായിരുന്നു. താഴത്തങ്ങാടി ബോട്ട് ദുരന്തത്തിനിരയായവരുടെ കുടുംബത്തിനും എയ്ഡ്സിന്റെ പേരില്‍ സമൂഹം ഒറ്റപ്പെടുത്തിയവര്‍ക്കും അവശതമൂലം കഷ്ടപ്പെട്ട കലാകാരന്മാര്ക്കും ഒക്കെ ‘കണ്ണാടി നിധി’ ആശ്വാസമായെത്തി.
“കാസര്‍ഗോഡ് നീലേശ്വരത്തെ ഒരു കോളനിയില്‍ കഴിഞ്ഞിരുന്ന സുമിത്രയ്ക്കാണ് ആദ്യമായി ‘കണ്ണാടി നിധി’യില്‍ നിന്ന് ധനസഹായം നല്‍കിയത്. കുടിയനായ അച്ഛന്, അമ്മ മരിച്ചു. മൂന്ന് മക്കളില്‍ മൂത്തവളായ ഒന്പത്വയസ്സുകാരി സുമിത്രയ്ക്കായിരുന്നു കുടുംബത്തിന്റെ ചുമതല. നിവര്‍ന്നുനില്‍ക്കാന്‍പോലും സൗകര്യമില്ലാത്ത ചെറ്റക്കുടിലില്‍ താമസം. സുമിത്രയുടെ കഥ ‘കണ്ണാടി’യില്‍ കണ്ട് പ്രേക്ഷകര്‍ എഷ്യാനെറ്റിലേക്ക് പണം അയയ്ക്കുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ കൂടി സഹായത്തോടെ സുമിത്രയ്ക്ക് പുതിയ വീട് നല്കി. കോളനിയിലെ മുഴുവന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ചെലവിനുള്ള പണവും നല്കി”. മനുഷ്യസ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞ പരിപാടിയെക്കുറിച്ച് പറയുമ്പോള്‍ ഗോപകുമാറിന് വേറൊരു സ്വരം.
“കേരളത്തിനകത്തും പുറത്തുമുള്ള വലിയൊരു സമൂഹം സംഭാവനകള്‍ അയയ്ക്കാറുണ്ട്. നൂറ് മുതല്‍ അഞ്ച് ലക്ഷം വരെ അയച്ചു തന്നവരുണ്ട്. സ്ഥിരമായി പണം അയയ്ക്കുന്ന വ്യക്തികളും സംഘടനകളുമുണ്ട്. ചില കുടുംബങ്ങള്‍ വര്‍ഷത്തില്‍ പല തവണ പണം അയച്ചുതരുന്നു. ‘കണ്ണാടി’യോടുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നത്. പണം അയയ്ക്കണമെന്ന് ഒരിക്കല്‍പ്പോലും ആവശ്യപ്പെടാതെയാണിത്.” ഗോപകുമാര്‍ പറഞ്ഞു.
നീലകണ്ഠശര്‍മ്മയുടെയും തങ്കമ്മയുടെയും മകനായി 1957ല്‍ ശുചീന്ദ്രത്ത് ജനിച്ച ഗോപകുമാര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ആംഗലേയസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. മധുര സര്‍വ്വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ്, ഇന്ത്യാ ടുഡെ എന്നീ സ്ഥാപനങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. കണ്ണാടിക്ക് പുറമെ ‘വേരുകള്‍’ എന്ന അദ്ദേഹത്തിന്റെ മറ്റൊരു ടി.വി പരമ്പരയും സംസ്ഥാന പുരസ്കാരം നേടി. ‘ശുചീന്ദ്രം രേഖകള്‍’ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2009ലെ സുരേന്ദ്രന് നീലേശ്വരം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവന് മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഭാര്യ : ഹെദര്‍, മക്കള്‍ : ഗായത്രി, കാവേരി.
പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: