ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് തലസ്ഥാനത്തെ ബീമാപള്ളി എന്ന പ്രദേശത്ത് കലയെ സ്നേഹിച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍ ഡാന്‍സും മിമിക്രിയുമൊക്കെ പൊതുവേദിയില്‍ അവതരിപ്പിച്ചു. യാഥാസ്ഥിതികരായ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ നാട്ടുകാര്‍ കലാരംഗത്തോട് പൊതുവേ വിമുഖത കാട്ടിയിരുന്നു. അക്കാലത്ത് ബീമാപള്ളിപോലൊരു പ്രദേശത്ത് അത്തരമൊരു ശ്രമം നടത്താനുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല. കലാകാരന്മാരായ ആ ചെറുപ്പക്കാര്‍ക്ക് പിന്നീട് നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ ഭീകരമായിരുന്നു. അന്നത്തെ ജമാഅത്തെ ഭരണസമിതിക്കാരുടെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കളുടെ തലമൊട്ടയടിക്കുന്നതിനും ഊരുവിലക്കുന്നതിനും വരെവേണ്ടിയുള്ള നടപടികള്‍ എടുത്തു. കലയെ ഉള്ളില്‍ കൊണ്ടിരുന്ന ഒരു ചെറിയ വിഭാഗത്തിന്റെ ഇടപെടല്‍മൂലം കടുത്ത നടപടികളുണ്ടായില്ല. ആ ചെറുപ്പക്കാര്‍ക്ക് കലാമോഹങ്ങള്‍ ഉള്ളിലൊതുക്കിയെങ്കിലും നാട്ടില്‍ കഴിയാമെന്ന സ്ഥിതിയുണ്ടായി.
പതിനെട്ടുവര്‍ഷങ്ങള്‍ക്കുശേഷം ബീമാപള്ളിയിലെ അതേ നാട്ടുകാര്‍ ജമാഅത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഒരു യുവാവിന് പള്ളിയില്‍ വേദിയൊരുക്കി സ്വീകരണം നല്കി. ആ യുവാവിന്റെ സ്വരമാധുരിക്കുമുന്നില്‍ അവര്‍ ആവേശംകൊണ്ടു. പ്രതിസന്ധികള്‍ക്കിടയിലും കലയെ കൈവിടില്ലെന്ന വാശിയുമായി നീങ്ങിയ അന്‍വര്‍ സാദത്തെന്ന ആ യുവാവ് ഇന്ന് മലയാള സിനിമാഗാനരംഗത്തെ പ്രതീക്ഷയാണ്.
മത്സ്യത്തൊഴിലാളിയായ മുഹമ്മദ് റംസാന്റെയും ബീമാറംസാന്റെയും നാലുമക്കളില്‍ മൂത്തവനായ അന്‍വര്‍ സാദത്തിന്റെ സ്കൂള്‍വിദ്യാഭ്യാസം ഏഴാംക്ലാസുവരെ പൂന്തുറ സെന്ത്തോമസ് സ്കൂളിലായിരുന്നു. പൂന്തുറ കലാപത്തിന്റെ സംഘര്‍ഷഭരിതമായ ദിനങ്ങളില്‍ അന്‍വര്‍ അവിടെനിന്നും പറിച്ചുമാറ്റപ്പെട്ടു. വള്ളക്കടവ് ഹാജി സി.എച്ച്.മുഹമ്മദുകോയ സ്കൂളിലായിരുന്നു തുടര്‍വിദ്യാഭ്യാസം. എസ്എസ്എല്‍സി കഴിഞ്ഞപ്പോള്‍ മകന് ഏതെങ്കിലും തൊഴില്‍ കണ്ടെത്തണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി ചെറിയകൊണ്ണി ഐറ്റിസിയില്‍ ഇലക്ട്രീഷ്യന് കോഴ്സിന് ചേര്‍ന്നു. കുട്ടിക്കാലം മുതല്‍ സംഗീതത്തെ സ്നേഹിച്ചിരുന്ന അന്‍വറിന്റെ ജീവിതം വഴിമാറി തുടങ്ങിയത് അവിടെ നിന്നായിരുന്നു. മുടങ്ങാതെ ബീമാപള്ളി ഉറൂസിന് ഭക്തിഗാനങ്ങള്‍ പാടാനെത്തിയിരുന്ന ഇശൈമുരശ് ഇ.എം.നാഹൂര്‍ ഹനീഫയുടെ ഗാനങ്ങളാണ് അന്‍വറിനെ സംഗീതത്തെ പ്രണയിക്കാനിടയാക്കിയത്. ബീമാപള്ളിയിലെ ഏതു വീട്ടില്‍ എന്തു ചടങ്ങുനടന്നാലും നാഹൂര്‍ ഹനീഫയുടെ ഭക്തിഗാനങ്ങളുടെ അകമ്പടിയുണ്ടാവുമായിരുന്നു. ഹനീഫയുടെ ഗാനങ്ങള്‍ അന്‍വറിന്റെ മനസ്സില്‍ നിറച്ച സംഗീതമഴ പെയ്തിറങ്ങിയത് ചെറിയ കൊണ്ണി ഐറ്റിസിയിലാണ്. കലയ്ക്ക് വലിയ പ്രാധാന്യമൊന്നും നല്‍കാതിരുന്ന ഐറ്റിസിയില്‍ പ്രിന്‍സിപ്പലിനെ മണിയടിച്ച് അന്‍വറടങ്ങുന്ന അഞ്ചംഗ സംഘം സംഗീതപരിപാടികള്‍ ചെയ്യാന്‍ അനുവാദം നേടിയെടുത്തു.
കോഴ്സിന്റെ അവസാനവര്‍ഷം സ്റ്റഡിടൂര്‍ കട്ട്ചെയ്ത് നാട്ടുകാര്‍ ബീമാപള്ളിയിലെ പത്തേക്കര്‍ മൈതാനത്ത് സംഘടിപ്പിച്ച ഗാനമേളയില്‍ പാടാന്‍വരെയെത്തി അന്‍വര്‍. പ്രാദേശിക ക്ലബ് സംഘടിപ്പിച്ച ആ പരിപാടി അന്‍വറിന് പുതിയ പാത തുറന്നുകൊടുത്തു. ആ ഗാനമേളയില്‍ ഓര്‍ക്കസ്ട്രയിലെ സ്ഥിരം സാന്നിധ്യമായ തബലിസ്റ്റ് സുരേഷ്മോഹനന്റെ ക്ഷണം അന്‍വറിനെ ജൂപീറ്റര്‍ സമിതിയിലെ സ്ഥിരഗായകനാക്കി. എന്നാല്‍ പിന്നീട് അന്‍വറിന് അവഹേളനത്തിന്റെ ദിനങ്ങളായിരുന്നു. ഗായകനെന്ന നിലയില്‍ ഗാനമേളകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും നാട്ടുകാരുടെ കളിയാക്കലുകളും അവഹേളനങ്ങളും അന്‍വറിനെ വേദനിപ്പിച്ചിരുന്നു. അറിവില്ലായ്മയില്‍ നിന്നുള്ള ആ അവഹേളനങ്ങള്‍ക്കു മുന്നില്‍ അന്‍വര്‍ പതറിയില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം അന്‍വറും സംഘവും ചേര്‍ന്ന് മെഗാമിക്സ് എന്ന സമിതി രൂപീകരിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അന്‍വര്‍ സിംഗിംഗ് ബോര്‍ഡ്സിലെത്തി. അവിടെ നിന്നും ഗാനകൈരളിയിലെത്തി പാടുമ്പോഴാണ് സിനിമ അന്‍വറിന്റെ ജീവിത്തിലേക്ക് കടന്നുവരുന്നത്. സംഗീതസംവിധായകന് മോഹന്സിതാരയുടെ അസോസിയേറ്റായ ഗണേശ്കുമാര്‍ അന്‍വറിനെ മോഹന്സിതാരയുടെ മുന്നിലെത്തിക്കുകയായിരുന്നു. ജയപ്രകാശ് സംവിധാനം ചെയ്ത ‘കൂട്ട്’ എന്ന ചിത്രത്തില്‍ അഫ്സലുമായി ചേര്‍ന്ന് ഗും ഗും എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അന്‍വറിന്റെ തുടക്കം. തുടര്‍ന്ന് അനില്‍ബാബു സംവിധാനം ചെയ്ത ‘പറയാം’ എന്ന ചിത്രത്തില്‍ തുള്ളിത്തുള്ളി നടക്കുന്നൊരു ഇളമാനേ…. എന്ന ഗാനം യുവാക്കളുടെ ഹരമായി. ബ്ലെസിയുടെ കാഴ്ച എന്ന ചിത്രത്തിലെ കച്ച് ഭാഷയിലുള്ള ജുഗുനൂരേ ജുഗുനൂരേ…… എന്ന ഗാനമാണ് അന്‍വര്‍സാദത്തിനെ ശ്രദ്ധേയനാക്കിയത്. കെ.ജെ.സിംഗ് എന്ന പഞ്ചാബി എഴുതി മോഹന്‍സിതാര സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം ആസ്വാദകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന് ഡബ്ചിത്രങ്ങളടക്കം നൂറില്‍പരം ചിത്രങ്ങളില്‍ അന്‍വര്‍സാന്നിധ്യമായി. ബല്‍റാം ഢട താരാദാസിലെ മത്താപ്പൂവേ—– രാപ്പലകലിലെ കഥ കഥ കിളിപ്പെണ്ണേ…. ഉടയോനിലെ ചിരിചിരിച്ചാല്‍…. പോക്കിരിരാജയയിലെ കേട്ടില്ലേ കേട്ടില്ലേ…., ചെന്തെങ്കി……. പ്രമാണിയിലെ കറകറങ്ങണ കിങ്ങിണി താറാവേ…. ആര്യയിലെ മിസ്റ്റര്‍ പെര്‍ഫെക്ട്….. തുടങ്ങിയ ഗാനങ്ങള്‍ അന്‍വറിനെ ആസ്വാദകരുടെ ഇഷ്ടഗായകനാക്കി മാറ്റി. മെഗാഷോകളിലെയും സജീവസാന്നിധ്യമായി മാറിയ അന്‍വര്‍ സൂര്യ ടിവിയിലെ സംഗീതമഹായുദ്ധം. കൈരളിയിലെ കസവുതട്ടം, താരോത്സവം, ഏഷ്യാനെറ്റിലെ മ്യൂസിക്കല്‍ ചെയര്‍ തുടങ്ങിയ പരിപാടികളിലൂടെ ടിവി പ്രേക്ഷകര്‍ക്കിടയിലും താരമായി.
ശങ്കര്‍മഹാദേവന്റെ പാട്ടുകളോട് ഇഷ്ടം പുലര്‍ത്തുന്ന അന്‍വര്‍ യേശുദാസ്, മുഹമ്മദ് റാഫി, കിഷോര്‍കുമാര്‍, മെഹബൂബ് തുടങ്ങിയവരുടെയും ആരാധകനാണ്. ഗാനരംഗത്ത് പുതുതലമുറയ്ക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നാണ് അന്‍വറിന്റെ പക്ഷം. പുതുതലമുറയ്ക്ക് അര്‍പ്പണബോധമില്ലെന്ന വാദം ശരിയല്ല. പണ്ട് ഓര്‍ക്കസ്ട്ര അടങ്ങുന്ന 20ഓളം വരുന്ന ടീം ഒരാഴ്ച പണിയെടുത്താവും ഒരുഗാനം യാഥാര്‍ത്ഥ്യമാക്കുന്നത്. ഇന്ന് അതല്ല അവസ്ഥ. ഗായകന് തിരുവനന്തപുരത്തും സംഗീതസംവിധായകന് ചെന്നൈയിലുമാവും. എല്ലാംകട്ട് ആന്റ് പേസ്റ്റ് രീതിയായി. ഗാനങ്ങളുടെ നിലവാരത്തെ ഇത് ബാധിച്ചിട്ടുണ്ട്. റിയാലിറ്റിഷോകളുടെ വരവും മികച്ച ഗായകരുടെ കടന്നുവരവിന് പ്രതികൂലമായിട്ടുണ്ടെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നു. റിയാലിറ്റിഷോകളുടെ നേട്ടം ചാനലുകള്‍ക്കാണ്. റിയാലിറ്റി ഷോകളുടെ വരവോടെ ഗാനമേളക്കാര് പാര്‍ശ്വവത്കരിക്കപ്പെട്ടു. ഗാനമേളയിലൂടെ ജീവിതം ഉപജീവനമാക്കിയവരില്‍ പലരും പട്ടിണിയിലായി. ഗാനമേളകളില്‍ പാടുന്നവരുടെ അനുഭവം ഒരിക്കലും റിയാലിറ്റിഷോകള്‍ വഴിയെത്തുന്നവര്‍ക്കുണ്ടാവില്ല. ഗാനമേളകളിലെ ഗായകര്‍ക്ക് ആര്‍ട്ടിസ്റ്റുകളോട് എങ്ങനെ പെരുമാറണം, വേദികള്‍ക്കനുസരിച്ച് എങ്ങനെ പാടണം എന്നതിക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും. റിയാലിറ്റിഷോകളില്‍ പഠിച്ചുപാടുന്ന ശൈലിയാണ്. ഒന്നുമുതല്‍ ആറുവരെ സ്ഥാനങ്ങളിലെത്തുവന്നവര്‍ ആ ചൂടില്‍ കുറച്ചുനാളുണ്ടാവും. പിന്നീടവരെ കണികാണാന്‍ കിട്ടില്ലെന്ന് അന്‍വര്‍ പറയുന്നു.
2007ലെ ഗള്‍ഫ് മലയാളി അവാര്‍ഡ്, ഏഷ്യാനെറ്റിലെ മികച്ച ടിവി സീരിയല്‍ ഗാനത്തിനുള്ള ജനപ്രിയ അവാര്‍ഡ്, 2009ലെ ഫ്രെയിംസ് മീഡിയ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും അന്‍വറിനെ തേടിയെത്തി. ബീമാപള്ളി നിവാസികള്‍ക്ക് അന്‍വര്‍ സാദത്ത് ഇന്ന് പ്രിയപ്പെട്ടവനാണ്. ബീമാപള്ളി മില്‍ക്ക് കോളനിയിലെ നസ്റാന എന്ന വീട്ടില്‍ ഭാര്യ സുമയ്യയ്ക്കും മക്കളായ റുഫ്സാന, നസ്റീന്, പീര്‍മുഹമ്മദ് എന്നിവര്‍ക്കുമൊപ്പം കഴിയുമ്പോള്‍ ഒരു കലാകാരനായി സ്വന്തം നാട്ടുകാര്‍ക്കിടയിലും താന്‍ അംഗീകരിക്കപ്പെടുന്നതില്‍ അന്‍വര്‍ ഏറെ സന്തുഷ്ടനാണ്.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: