തിരിച്ചറിവിന്റെ നാള് മുതല്‍ സിനിമാ ഭ്രമവുമായി നടന്ന് ഉയര്‍ച്ചയുടെ പടവുകളിലെത്തിയവരാണ് സിനിമാലോകത്തെ ഭൂരിപക്ഷം പേരും. എന്നാല്‍ സ്വന്തം വീട്ടില്‍ വെള്ളിത്തിരയുടെ വര്‍ണ്ണപ്രപഞ്ചം നിറഞ്ഞുനിന്നപ്പോഴും അതിലേക്ക് എത്തിനോക്കാതെ വേറിട്ടു സഞ്ചരിച്ച ചെറുപ്പക്കാരന്. സ്വന്തം ജ്യേഷ്ഠ സഹോദരി മലയാളസിനിമയില്‍ തന്റേതായ മുഖമുദ്ര പതിപ്പിച്ചപ്പോഴും അവന് സിനിമയെ തിരിഞ്ഞുനോക്കിയില്ല. നേവിയില്‍ ഓഫീസറായിരുന്ന അച്ഛന്റെ പാത പിന്തുടര്ന്ന് മിലിട്ടറി ഓഫീസറാകണമെന്ന സ്വപ്നവും പേറി നടന്നു. എന്‍.സി.സി.യും പുസ്തകവായനയും ക്രിക്കറ്റ് കളിയുമൊക്കെയായി നടന്നപ്പോള്‍ ഒരിക്കല്‍പോലും അവന് തിയേറ്ററുകളില്‍ എത്തിനോക്കിയില്ല. തിരുവനന്തപുരം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ഇടനാഴികളും യൂണിവേഴ്സിറ്റി ലൈബ്രറിയുമായിരുന്നു അവന്റെ ജീവിതം. ആര്.കെ. നാരായണന്റെ പുസ്തകങ്ങള്‍ മറിച്ചും തിരിച്ചും വായിച്ച് മനസില്‍ പുതിയ സങ്കല്പലോകം അവന് സൃഷ്ടിച്ചെടുത്തു.
എന്നാല്‍ അവനുവേണ്ടി കരുതിവച്ചിരുന്നത് മറ്റൊരു ലോകമായിരുന്നു. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച പ്രതിഭയോട് ഉണ്ടായ ആദരവ് അവനെ പുതിയ ലോകത്തെത്തിച്ചു. വിന്റര്‍, ക്രേസി ഗോപാലന്, തേജോഭായി ആന്റ് ഫാമിലി, എന്നീ മൂന്ന് ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ യുവസംവിധായകന് ദീപു കരുണാകരനായിരുന്നു ആ ചെറുപ്പക്കാരന്.
സിനിമ മനസിലേക്കെത്തുന്നത്
ഡിഗ്രി പ്രവേശനം പൂര്‍ത്തിയാവുന്നതുവരെ ഒരു തിയേറ്ററില്‍പോയിപോലും സിനിമ കണ്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു ഞാന്‍. ചേച്ചി സുചിത്ര (നടി സുചിത്ര) സിനിമാലോകത്ത് സജീവമായിരുന്നുവെങ്കിലും സിനിമ എന്റെ ലോകമായിരുന്നില്ല. സിനിമയില്‍ ഒരിക്കലും വരരുതെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഞാന്‍. ഒരു സുരക്ഷിത പ്രൊഫഷന് ആയി സിനിമയെ കണ്ടിട്ടില്ലാത്ത, മിലിട്ടറി ഓഫീസര്‍ അല്ലെങ്കില്‍ സിവില്‍ സര്‍വ്വീസ് സ്വപ്നം കണ്ടിരുന്ന എന്റെ മനസിലേക്ക് സിനിമ ഇടംപിടിക്കുന്നത് അവിചാരിതമായിട്ടാണ്. സംവിധായകന് പ്രിയദര്ശന് അച്ഛന്റെ സുഹൃത്തായിരുന്നു. ഡിഗ്രി അവസാന വര്‍ഷ വേളയില്‍ ഒരു ദിവസം ചേച്ചിയുടെ നിര്‍ബന്ധത്തിന് വഴങ്ങി നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പോയതാണ് വഴിത്തിരിവായത്. സൂര്യാമേളയില്‍ പ്രിയദര്ശന് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയായിരുന്നു രംഗം. നടന് അമിതാഭ് ബച്ചനായിരുന്നു ഉദ്ഘാടകന്‍. പ്രിയദര്ശന് എന്ന സംവിധായകന് കിട്ടിയ ജനങ്ങളുടെ സ്നേഹവും ആദരവും എന്നെ അതിശയിപ്പിച്ചു. അന്ന് മനസില്‍ കയറിയ ഭ്രമമാണ് ഇതുവരെ എത്തിച്ചത്.
സംവിധായകനിലേക്കുള്ള വഴി
ഡിഗ്രി അവസാന വര്‍ഷം കഴിഞ്ഞതോടെ ഒരു സംവിധായകനാവണമെന്ന് മനസ്സില്‍ കുറിച്ചിരുന്നു. സിനിമകള്‍ കണ്ടുതുടങ്ങി. സംവിധായകന് ടി.വി. ചന്ദ്രന്റെ മകന് യാദവ് സുഹൃത്തായിരുന്നു. സിനിമയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ യാദവ് ചെന്നൈയില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കാന്‍ ക്ഷണിച്ചു. അക്കാലയളവില്‍ ഒരു മാസം ടി.വി. ചന്ദ്രന് സാറിന്റെ വീട്ടിലായിരുന്നു. സിനിമയെക്കുറിച്ചുള്ള പല അടിസ്ഥാനകാര്യങ്ങളും പഠിക്കുന്നതവിടെനിന്നാണ്. ലയോളയില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷന്‍ കോഴ്സില്‍ പി.ജി. ചെയ്തു.
കുടുംബവുമായി അടുപ്പമുള്ളതുകൊണ്ട് പ്രിയദര്ശന് സാറിന്റെ കൂടെ അസിസ്റ്റന്റായി എളുപ്പം കൂടാമെന്നൊരു വിചാരമുണ്ടായിരുന്നു. എന്നാല്‍ അതത്ര എളുപ്പമല്ലായിരുന്നു. നല്ല സംവിധായകനാകണമെങ്കില്‍ എഡിറ്റിംഗും പോസ്റ്റ് പ്രൊഡക്ഷനും നല്ലതുപോലെയറിയണം എന്നായിരുന്നു പ്രിയന്‍സാറിന്റെ ഉപദേശം. തുടര്‍ന്ന് അരുണിന്റെ (കോക്ടെയിലിന്റെ സംവിധായകന്) കൂടെ എഡിറ്റിംഗിന് കൂടി. രാജാകൃഷ്ണനോടൊപ്പം നിന്ന് സൗണ്ട് എഞ്ചിനീയറിംഗും ഒരു കൈ നോക്കി. ഇതിനുശേഷം നാട്ടിലെത്തിയപ്പോള്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന്‍ ടെക്നോളജിയുടെ കീഴില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മുപ്പതോളം ഡോക്യുമെന്ററികള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. ഇതിനുശേഷമാണ് സഹസംവിധായകനും സൗണ്ട് എഞ്ചിനീയറുമായ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ കഥ എന്ന ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. അതിനുശേഷം രാജീവ് കുമാറിന്റെ സീതാ കല്യാണം എന്ന ചിത്രത്തില്‍ സഹസംവിധായകനും സൗണ്ട് എഞ്ചിനീയറുമായി. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലാണ് പ്രിയദര്‍ശന്റെ കീഴില്‍ സഹസംവിധായകനായി എത്തുന്നത്. ഇതിനുശേഷം നിരവധി പരസ്യചിത്രങ്ങള്‍ ചെയ്തു. ഭീമയ്ക്കും കേരളകൗമുദിക്കും മനോരമയ്ക്കും വേണ്ടി പരസ്യചിത്രങ്ങളൊരുക്കിയിരുന്നു. സജീവ്സേനന്‍ നിര്‍മ്മാതാവായി സുരേഷ് പൊതുവാള് എഴുതിയ ഒരു ബോബന് കുഞ്ചാക്കോ ചിത്രമായിരുന്നു ആദ്യമായി മനസില്‍ കണ്ടിരുന്നത്. ചിത്രത്തിലെ കോളേജ് രംഗം ഷൂട്ട് ചെയ്യാനായി ഹൈദരാബാദിലെ ലൊക്കേഷനിലെത്തിയതോടെ സിനിമ നടക്കില്ലെന്നായി. മനസില്‍ ഉദ്ദേശിക്കുന്ന സിനിമയ്ക്കുവേണ്ടി സെറ്റിടുന്നതിന് വന്‍തുക വേണ്ടിവരുമായിരുന്നു. ഈ നിരാശയില്‍ റാമോജി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി മടങ്ങുമ്പോള്‍ വഴിയില്‍ ഒറ്റപ്പെട്ട് കണ്ട് ഒരു പടുകൂറ്റന്‍ വീടാണ്?വിന്റര്‍ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് പ്രേരണയാകുന്നത്. ആദ്യചിത്രം വിന്റര്‍ ആണെങ്കിലും പുറത്തിറങ്ങിയ ആദ്യചിത്രം ക്രേസി ഗോപാലനായിരുന്നു.
പ്രിയദര്ശന് എന്ന സംവിധായകനില്‍നിന്നുള്ള അനുഭവം.
ഏതൊരു വിഷമം പിടിച്ച ഘട്ടവും സ്വതസിദ്ധമായ ശൈലിയില്‍ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ളയാള്‍. അമ്പലത്തില്‍ പോയി ഈശ്വരനെ ദര്‍ശിച്ചാല്‍ ഊര്‍ജ്ജം കിട്ടുന്നതുപോലെയാണ് അദ്ദേഹവുമൊത്തുള്ള നിമിഷങ്ങള്‍. മാതൃകയായി പിന്തുടരാന് ആഗ്രഹിച്ച വ്യക്തിത്വം. പ്രിയദര്ശന് എന്ന സംവിധായകന്റെ സെറ്റില്‍ പേടിക്കേണ്ട കാര്യമില്ല. ഒരു വര്‍ക്ക് നിശ്ചയിച്ചാല്‍ അത് നടക്കേണ്ട രീതിയില്‍ നടന്നിരിക്കും.
തേജാഭായിയുടെ ഉദയം
പണ്ട് വായിച്ചിട്ടുള്ള പി.ജി. വുഢൗസിന്റെ കഥകള്‍ തേജഭായി എന്ന കഥാപാത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. മുമ്പ് റോട്രാക്റ്റ് ക്ലബിന്റെ മാഗസിനില്‍ എഴുതിയ എക്സല്‍സിയര്‍ എന്ന ചെറുകഥയാണ് തേജാഭായി ആന്റ് ഫാമിലിയായി മാറിയത്. സച്ചി സേതു എഴുതി ശാന്താമുരളീധരന്‍ നിര്‍മ്മിക്കുന്ന ഒരു പ്രോജക്ടായിരുന്നു മനസില്‍. അത് നീണ്ടുപോയപ്പോഴാണ് ശാന്താ മുരളീധരനോട് തേജോഭായിയുടെ കഥ പറയുന്നത്. നിര്‍മ്മാതാവ് ഓകെ പറഞ്ഞതോടെ പൃഥ്വിരാജിനോട് കഥ പറഞ്ഞു. കഥ പറഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞ് പൃഥ്വിരാജ് ജോയിന്‍ ചെയ്തു.
പൃഥ്വിരാജിന്റെ വിവാഹം, വിവാദങ്ങള്‍ ഇവ സിനിമയെ ബാധിച്ചുവോ?
പ്രേക്ഷകര്‍ക്ക് മുഴുവന്‍ സമയം ചിരിക്കാന്‍ കഴിയുന്ന ഒരു സിനിമ അതുമാത്രമാണ് തേജോഭായി കൊണ്ടുദ്ദേശിച്ചത്. വിവാദങ്ങള്‍ ഒന്നും സിനിമയെ ബാധിച്ചിട്ടില്ല. എന്തു വിവാദമുണ്ടായാലും നല്ല സിനിമയാണെങ്കില്‍ ജനം കാണും. വിവാദങ്ങള്‍ക്ക് ഇടം നല്‍കാതെ ഒരു സിനിമ വജയിപ്പിക്കുക എന്നതാണ് ഒരു നല്ല സംവിധായകന്റെ ഉത്തരവാദിത്തം.
സിനിമ വിജയിച്ചാല്‍ അതില്‍ പലര്‍ക്കും പങ്കുണ്ടാവും. പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം സംവിധായകനു തന്നെയാവും. അത് മറ്റുള്ളവരുടെ മേല്‍ ചാരിയിട്ടു കാര്യമില്ല.
അങ്ങനെ സംഭവിച്ചുപോകുന്നതാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന, സെയിലബിലിറ്റിയുള്ള, നല്ല പ്രൊഡ്യൂസറെ കിട്ടുന്ന കഥകള്‍ സിനിമയാക്കുന്നു. വേറിട്ടുള്ള ഒരു ചിന്ത സ്വയം ഉരുത്തിരിയുന്നതാണ്. വേണ്ടത്ര പക്വതയെത്തുമ്പോള്‍ അതും സംഭവിക്കാം. സിനിമയിലൂടെ ജീവിതത്തില്‍ കാണാന്‍ പറ്റാത്തത് അനുഭവവേദ്യമാക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. ഷങ്കറിന്റെ വഴിയാണ് ഇഷ്ടപ്പെടുന്നത്. രജനീകാന്തിന്റെ സിനിമകളെ സ്നേഹിക്കുന്നു. ജനങ്ങളെ ചിരിപ്പിക്കാന്‍ കഴിയുന്ന സിനിമകള്‍ ചെയ്യണം. ചെയ്ത മൂന്നു സിനിമകള്‍ക്കും പോരായ്മയുണ്ട്. അത് പരിഹരിച്ചുള്ള ചിത്രമാവും അടുത്തത്. ഒരു സംവിധായകന് എന്ന നിലയില്‍ മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ ചെയ്യാന്‍ കഴിയണം.
തിരക്കഥാകൃത്തെന്ന നിലയില്‍
നര്‍മ്മപ്രാധാന്യമുള്ള കഥകള്‍ എഴുതാന്‍ പറ്റുന്നുവെന്നതില്‍ സംതൃപ്തിയുണ്ട്. ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ ആയുധമാണ് നര്‍മ്മം. നര്‍മ്മത്തിനു മുന്‍തൂക്കം നല്കി ക്രേസി ഗോപാലനും തേജോഭായിയും വെള്ളിത്തിരയിലെത്തിക്കാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ച് ഒരതിശയമാണ്.
എന്റെ എഴുത്തിന് കഥാപരമായ കുറവുകളുണ്ടെന്നത് തിരിച്ചറിയുന്നു. ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ ഫുള്‍ സ്ക്രിപ്റ്റ് ബൈന്‍ഡ് ചെയ്ത് കൊടുത്തശേഷമേ അഡ്വാന്‍സ് വാങ്ങുകയുള്ളു. മറ്റു സംവിധായകര്‍ക്കുവേണ്ടി തിരക്കഥ ചെയ്യണമെന്നതാണ് ആഗ്രഹം.
ജീവിതത്തില്‍ ഇഷ്ടപ്പെടുന്നത്
യാത്രകള്‍. യാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എല്ലാവര്‍ഷവും ഹിമാലയത്തിലേക്കുള്ള യാത്രകള്‍ പതിവാണ്. കോളേജ് ജീവിതകാലത്ത് ട്രെയിനിംഗ് കമ്യൂണിറ്റിയുടെ യൂത്ത്വിംഗ് സെക്രട്ടറി ജനറലായിരുന്നു. ഇതിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ പല ഭാഗത്തും യാത്ര ചെയ്തിരുന്നു. ഹിമാലയത്തിലേക്കുള്ള യാത്ര ആത്മീയവികാസം ലക്ഷ്യമിട്ടുള്ളതാണ്.
ഭാവി പദ്ധതികള്‍
ടൈഗര്‍ കിംഗ് എന്ന ഹിന്ദിസിനിമ. ഹിമാലയന്‍ താഴ്വരകളിലെ ചമോലിയിലെ ജിം കോര്‍ബെറ്റ് ദേശീയ പാര്‍ക്ക് കേന്ദ്രീകരിച്ച് കടുവസംരക്ഷണം പ്രമേയമാക്കിയിട്ടുള്ള സിനിമ. നൈനിറ്റാളിലെ ഡി.എഫ്.ഒ. ടി.ആര്. ബിജുലാലാണ് ഇത്തരമൊരു സിനിമയ്ക്ക് പ്രേരണയായത്. മലയാളത്തില്‍ രാഷ്ട്രീയം പ്രമേയമാക്കി നര്‍മ്മപ്രാധാന്യമുള്ള ഒരു ചിത്രമാണ് മനസ്സില്‍.
കുടുംബം
അച്ഛന് പരേതനായ വി.ആര്. കരുണാകരന് നായര്‍. നേവിയില്‍ ഓഫീസറായിരുന്നു. അമ്മ ഉഷ കെ. നായര്‍. ചേച്ചി സുചിത്ര പത്തു വര്‍ഷമായി അമേരിക്കയിലാണ്. ഭര്‍ത്താവ് മുരളീധരന് അമേരിക്കയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറാണ്.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: