തിരുവനന്തപുരം: സിനിമ തനിക്ക് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണെന്ന് ബംഗാളി സംവിധായിക അദിതി റോയ്. ‘അബോശിശേ’യെന്ന സിനിമയുടെ സംവിധായിക കൂടിയായ അവര്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മീറ്റ് ദിപ്രസ് പരിപാടിയില്‍ പറഞ്ഞു. 20 വര്‍ഷത്തെ വിദേശ ജീവിതത്തിന് ശേഷം കല്‍ക്കട്ടയിലേക്ക് തിരികെയെത്തുന്ന ‘സൗമ്യേയി’ യുടെ കഥയാണ് തന്റെ ചിത്രം പറയുന്നത്. വളരെ ലളിതമായ ആഖ്യാന ശൈലിയിലൂടെയാണ് ബംഗാളിന്റെ നഗരജീവിതത്തെ ഈ ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. സാധാരണക്കാരുടെ ഭാഷയാണ് സംഭാഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബന്ധങ്ങളുടെയും തിരിച്ചറിവുകളുടെയും കഥയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗൃഹാതുര സ്മരണകള്‍ പുറം മോടിയായി മാത്രം കൊണ്ടുനടക്കുന്നവരാണ് ഇന്നത്തെ ബംഗാളി ജനത എന്ന് ‘അബോശിശേ’യുടെ തിരക്കഥാകൃത്തായ നീല്‍.ബി.മിത്ര അഭിപ്രായപ്പെട്ടു. ഇത് ബംഗാളില്‍ മാത്രമല്ല ലോകത്തെവിടെയും കണ്ടുവരുന്ന ഒരു പ്രതിഭാസമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അബോശിശേയുടെ 90 ശതമാനവും ഔട്ട് ഡോറുകളിലായിരുന്നു ചിത്രീകരിച്ചത്. കൃത്രിമ സെറ്റുകള്‍ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. കഥാപാത്രത്തെ തെരുവിലേക്കിറക്കിവിട്ട് ക്യാമറ കയ്യിലെടുത്ത് പിറകെ പോയി. രൂപ ഗാംഗുലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വീടായി ചിത്രീകരിച്ച സ്ഥലം അവരുടെ വീട് തന്നെയായിരുന്നു. അപരിചിതമായ ലൊക്കേഷനുകളില്‍ നടീനടന്മാര്ക്ക് സ്വാഭാവികത നഷ്ടപ്പെടും. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഞങ്ങള്‍ക്ക് സിനിമ. തന്റെ ആദ്യചിത്രമായ ഫ്ലമിംഗോ 13 സ്വാതന്ത്ര്യത്തിന്റെ അടയാളമാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ഹമീദ് റിസ അലിഗോളിയാന്‍ പറഞ്ഞു. സിനിമയുടെ ചട്ടക്കൂടുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: