വന്‍ താരനിരകളോ ആര്‍ഭാടപൂര്‍വ്വമായ കാഴ്ചകളോ ഇല്ലാത്ത ഒരുചിത്രം വന്‍ പ്രദര്‍ശന വിജയം നേടുന്നുവെങ്കില് അതിനു പിന്നില്‍ ശരാശരി പ്രേക്ഷകര്‍ക്കു സ്വീകാര്യമായ ഏതാനും ഘടകങ്ങള്‍ ഉണ്ടായിരിക്കുമെന്ന കാര്യം ഉറപ്പ്. ഇന്നും തീയേറ്റര്‍ വിട്ടൊഴിയാതെ ആഴ്ചകളായി പ്രദര്‍ശനം തുടരുന്ന സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന മലയാള ചിത്രത്തിന്റെ പിന്നിലും ഇത്തരം ചില ഘടകങ്ങള്‍ പാര്ശ്വവര്ത്തികളാകുന്നു. അതാകട്ടെ ഇടക്കിടെ പ്രേക്ഷകരില്‍ ചിരിയും ചിന്തയും ഉണര്ത്തുന്നതാണുതാനും.
പുല്‍ച്ചാടിയെ തിന്നുന്ന തവളകള്‍, തവളകളെ തിന്നൊടുക്കുന്ന ഇഴ ജന്തുക്കള്‍, ഇഴ ജന്തുക്കളുടെ കാലനായി വര്‍ത്തിക്കുന്ന പരുന്ത്. ഇങ്ങനെ പ്രകൃതിയിലെ ശക്തി കൈമാറ്റം ചെയ്യപ്പെട്ട് ആവാസ വ്യവസ്ഥ നിലനില്ക്കുന്നു എന്ന് ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകന്. ഒടുവില്‍ അദ്ധ്യാപകന്റെ സ്വന്തം അഭിപ്രായം,
‘ജീവന് നിലനിര്‍ത്തുവാനാണ് മനുഷ്യന് അടക്കമുള്ള ജീവികള്‍ ഭക്ഷിക്കുന്നത്’.
എന്നാല്‍ ക്ലാസിലെ അല്പം വികൃതി എന്നു തോന്നാവുന്ന ഒരു കുട്ടിയുടെ അഭിപ്രായം അതൊന്നുമായിരുന്നില്ല.
‘തിന്നാനാണ് മനുഷ്യന് ജീവിക്കുന്നത്’.
മറ്റുകുട്ടികളില്‍ ഈ അഭിപ്രായം പൊട്ടിച്ചിരി ഉയര്‍ത്തിയെന്നതു വാസ്തവം. തുടര്‍ന്ന് പുതുമയുള്ള ക്രെഡിറ്റ് ടൈറ്റില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയായി.
ഉപ്പും മുളകുമൊന്നും ചേര്‍ക്കാതെ ഡൈനിംഗ് ടേബിളില്‍ നിരന്നിരിക്കുന്ന വിഭവങ്ങള്‍ക്കു രുചി പകരാന്‍ ആവശ്യാനുസരണം ഉപ്പും മുളകും പകരുവാനുള്ള സോള്‍ട്ട് ആന്റ് പെപ്പര്‍ സംവിധാനം വിദേശികള്‍ നമ്മളില്‍ പകര്ത്തിത്തന്നിട്ടു പോയതാണ്. വെറും കുരുമുളകല്ല, നാവു ചൊടിപ്പിക്കുന്ന തനി കാന്താരിമുളകും ഉപ്പും ചേര്‍ത്ത് പാകം ചെയ്യുന്ന നാടന്‍ ഭക്ഷണം തന്നെയാണ് നമുക്ക് പഥ്യം. എങ്കിലും മുട്ട ഓംലറ്റും പൈയും വിളമ്പി നമ്മുടെ ഡൈനിംഗ് ടേബിള്‍ നിറക്കുമ്പോള്‍ നാം വിദേശിയന്റെ പരിഷ്കാരം പിന്തുടരുന്നു. നമ്മുടെ പാരമ്പര്യത്തിന് നിരക്കാത്ത പരീക്ഷണം.
ആ പച്ചപ്പരിഷ്കാരത്തിന് ചുട്ട മറുപടി എന്ന നിലയിലാകണം ചക്കപ്രഥമനും തോരനും അവിയലും പൊരിച്ച മീനുമൊക്കെ തയ്യാറാക്കുന്ന കൊതിപ്പിക്കുന്ന കാഴ്ചകള്‍ ഓരോ ഫ്രെയ്മിലുമായി ഒരുക്കുന്നതാണ് ക്രെഡിറ്റ് ടൈറ്റിലിന്റെ പശ്ചാത്തലം. തികച്ചും പുതുമയേറിയ കാഴ്ചകള്‍ തന്നെ. ഇതിനു മുമ്പ് ആരും കാഴ്ച വെയ്ക്കുവാന്‍ തയ്യാറാകാത്തത്.
തല മൂടിക്കെട്ടിയ ഒരു ആദിവാസി മൂപ്പനെ കൊടും വനാന്തരത്തിലൂടെ ആദ്യം കാല് നടയായും പിന്നീട് കാറിലും നാട്ടിലേക്കു കടത്തിക്കൊണ്ടു വരുന്ന കാഴ്ചയാണ് അടുത്തത്. അതിനു പിന്നിലുള്ള ഉദ്ദേശ്യമെന്തെന്ന് അപ്പോള്‍ നമുക്കു വ്യക്തമാകുന്നില്ല. ആര്‍ക്കിയോളജി വകുപ്പിലെ ഉദ്യോഗസ്ഥനായ കാളിദാസ് തന്നെയാണ് അതിനു പിന്നിലെ പ്രേരണാഘടകം എന്ന് നമുക്കു വ്യക്തമാകുന്നു.
ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് മായ എന്ന യുവതി. മീനാക്ഷി എന്ന അനുജത്തിയും ഒപ്പമുണ്ട്. സ്റ്റുഡിയോകളിലെ വിശ്രമ സമയത്ത് വിശന്നുപൊരിഞ്ഞ മായ ടെലിഫോണ്‍ വിളിച്ച് കൊച്ചിയിലെ പൈ സഹോദരന്മാരുടെ ദോശക്കടയിലേക്ക് ഓര്‍ഡര്‍ നല്കുന്നു. നല്ല മൊരിഞ്ഞ ദോശ കൊടുത്തയയ്ക്കണം എന്നാണ് ആവശ്യം. റോങ്ങ് നമ്പരായി സന്ദേശം എത്തിച്ചേരുന്നത് കാളിദാസന്റെ ഫോണില്‍. അയാള്‍ തെറ്റിദ്ധാരണ മാറ്റാന്‍ ശ്രമിച്ചില്ല. പകരം പരസ്പരം കണ്ടു മുട്ടിയിട്ടില്ലാത്ത ശബ്ദത്തിന്റെ ഉടമയെ മനസ്സില്‍ വെച്ചാരാധിക്കാനാണ് തുടങ്ങിയത്.
മദ്ധ്യപ്രായം പിന്നിട്ട വ്യക്തിയാണ് കാളിദാസ്. അവിവാഹിതന്. നല്ല പ്രായത്തില്‍ പെണ്ണുകാണുവാന്‍ പോയ കാളിദാസ് അവിടെ വച്ച് ഒരു കുസൃതി ഒപ്പിച്ചു. പെണ്ണുവീട്ടിലെ സമര്‍ത്ഥനായ പാചകക്കാരനെ അടിച്ചുമാറ്റിക്കൊണ്ടു സ്വന്തം ഭവനത്തിലെത്തി. പിന്നീടയാള്‍ വിവാഹത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ല. തന്റെ സമര്‍ത്ഥനായ പാചകക്കാരന് വെച്ചു വിളമ്പുന്ന സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിച്ചു കൊണ്ടും മദ്യം സേവിച്ചുകൊണ്ടും കെട്ടുപാടുകളില്ലാത്ത ഒരു ജീവിതം നയിക്കുകയാണ് അയാള്‍.
പക്ഷേ ടെലിഫോണിലൂടെ കേട്ട അജ്ഞാത ശബ്ദത്തിന്റെ ഉടമ അയാളില്‍ എന്തോ അനുഭൂതി സൃഷ്ടിച്ചു. ആ ശബ്ദത്തിന്റെ ഉടമയെ കണ്ടെത്തുവാന്‍ നിയോഗിക്കുന്നത് സ്വന്തം അനന്തിരവനെ. അയാള്‍ മായ എന്നു തെറ്റിദ്ധരിക്കുന്നത് അനുജത്തി മീനാക്ഷിയെ. അവര്‍ തമ്മില്‍ അടുത്തു. ആ കഥ അവിടെ നില്ക്കട്ടെ. ഒട്ടൊക്കെ സമാധാനപരമായ ജീവിതം നയിച്ചിരുന്ന കാളിദാസനെ തേടി പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തുന്നു. കൂടെ പോലീസുമുണ്ട്. ആദിവാസി മൂപ്പനെ തട്ടിക്കൊണ്ടുപോയതിന് ‘മാന്‍ മിസ്സിംഗിന്’ കേസെടുക്കുമെന്നാണ് അവരുടെ ഭീഷണി.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് വനമേഖലയില്‍ നിലനിന്നിരുന്ന ഒരു സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും മണ്ണിനടിയില്‍ സുരക്ഷിതമായി നിലകൊള്ളുന്നുവെന്നും തട്ടിക്കൊണ്ടുവരപ്പെട്ട ആദിവാസിമൂപ്പന് അതു ഖാനനം ചെയ്തു കണ്ടെത്തുവാന്‍ സഹായിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് മൂപ്പനെ തട്ടിക്കൊണ്ടു പോയതെന്നും അപ്പോള്‍ പ്രേക്ഷകര്‍ മനസ്സിലാക്കുന്നു. എന്നാല്‍ മൂപ്പന്റെ കാതില്‍ അണിഞ്ഞിരിക്കുന്ന അമൂല്യമായ ലോഹ വളയം അപഹരിക്കുവാനാണ് കാളിദാസന്റെ ശ്രമമെന്നാണ് പരിസ്ഥിതിവാദികളുടെ ധാരണ.
ഏതായാലും കാര്യങ്ങള്‍ കലങ്ങിത്തെളിയുന്നു. മദ്ധ്യപ്രായം കഴിഞ്ഞു വിവാഹം കഴിക്കുവാനുള്ള അയാളുടെ ആഗ്രഹം സഫലമടയുന്നുണ്ട്.
ഒരു ത്രികോണ പ്രേമമാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും ആര്‍ക്കുമാര്‍ക്കും ചേതം സംഭവിക്കാതെ കാളിദാസന്റെയും അനന്തിരവന്റെയും ഒപ്പം വിവാഹപ്രായം ഏതാണ്ട് കവിഞ്ഞു നില്ക്കുന്ന മായയുടെയും ആഗ്രഹം സാഫല്യമടയുന്നുണ്ട്.
പുതിയ ആവിഷ്കരണ ശൈലിയിലൂടെ പ്രേമസാഫല്യം കൈവരുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ആ പുതുമ ഉള്‍ക്കൊള്ളുവാന്‍ പ്രേക്ഷകര്‍ സന്മനസു കാണിച്ചതാണ് ചിത്രത്തിന്റെ വിജയം.
റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്കും പുതുമ അവകാശപ്പെടാം. ലാല്‍, ശ്വേതാമേനോന്, വിജയരാഘവന്, ബാബുരാജ് എന്നിവരാണ് താരങ്ങള്‍. ശ്വേതാമേനോന് അഭിനയത്തിന്റെ കടമ്പകള്‍ കടന്നുവരുന്ന അനുഭവം പ്രേക്ഷകര്‍ വളരെ വേഗം ഉള്‍ക്കൊള്ളുന്നു. ബാബുരാജ് പാചകക്കാരന്റെ റോളാണ് ഇത്തവണ കൈകാര്യം ചെയ്യുന്നത്. പഴയ വില്ലന്‍ ഭാവത്തില്‍ നിന്നുള്ള ആ മാറ്റം പ്രേക്ഷകര്‍ സ്വീകരിക്കുന്നുമുണ്ട്.
വളരെ സാധാരണമായ ഒരു പ്രമേയം പുതുമയുള്ള ശൈലിയില്‍ ആവിഷ്കരിച്ചതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ വിജയകാരണവും അതു തന്നെ.
മോഹന്‍ദാസ് കളരിക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: