പ്രണയം പോലെ മനോഹരം- ബ്ലെസിയുടെ പുതിയ ചിത്രം പ്രണയത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിലയിരുത്താം. പരമ്പരാഗത ചിന്താരീതികളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന പ്രണയ സങ്കല്പത്തെ അതിന്റെ മൗലിക ഭാവത്തിലേക്കുയര്ത്തുന്ന ചിത്രം നൂതനമായ കാഴ്ചപ്പാടും മുന്നോട്ട് വയ്ക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴപോലെ മലയാളത്തിന് ഒരു നല്ല ചിത്രം കൂടി.
നല്ല സിനിമയെ പ്രണയിക്കുന്ന പ്രണയാതുരനായ കാമുകനാണ് ബ്ലെസിയും. താരപരിവേഷങ്ങള്‍ക്കപ്പുറത്ത് സംവിധാനവും തിരക്കഥയും നായികാനായകന്മാരാകുന്ന ചിത്രങ്ങളാണ് ബ്ലെസിയുടേത്. സൂപ്പര്‍ താരങ്ങളഭിനയിച്ച ചിത്രങ്ങള്‍ പോലും ബ്ലെസിയെന്ന സംവിധായകന്റെ പേരില്‍ അറിയപ്പെടുന്നു. സിനിമ സംവിധായകന്റെ കലയെന്നതിന് മേറ്റ്ന്തു തെളിവ് വേണം ! പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളും കുടുംബബന്ധങ്ങളുടെ തീവ്രതയും അതിമാനുഷികതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ബ്ലെസിയുടെ ചിത്രങ്ങള്‍.
ഒരേ സമയം കഥാമൂല്യവും ജനപ്രിയവുമായ സിനിമകളാണ് ബ്ലസിയെ സമകാലിക സംവിധായകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. വിപണിക്കു വേണ്ടി മൂല്യങ്ങളില്‍ വിട്ടുവീഴ്ച വരുത്താത്ത ബ്ലെസിയുടെ കഥാപാത്രങ്ങളും സത്യസന്ധതയും ധാര്‍മ്മികതയും പുലര്‍ത്തുന്നവയാണ്. അവര്‍ ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നവയാണ്. ജീവിതം സ്വപ്നങ്ങളേക്കാള് മനോഹരമാണ്. എന്ന ബ്ലെസിയുടെ ചിന്തയും പങ്കുവയ്ക്കുന്നത് മറ്റൊന്നല്ല- ജീവിതത്തെ പ്രണയിക്കുക.
പുതിയ സിനിമയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ചലച്ചിത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ബ്ലെസി.
ഒരുപാട് സിനിമകളില്‍ പ്രണയം പ്രമേയമാണ്. എന്നാല്‍ ഉപാധികളില്ലാതെ പ്രണയം പങ്കുവയ്ക്കുന്ന അച്ചുതമേനോനും മാത്യൂസും ഗ്രേസും പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കാണ് പ്രേക്ഷകരെ നയിക്കുന്നത്. പ്രണയം മനസിലേയ്ക്ക് കടന്നുവന്നത് എപ്പോഴാണ്
എന്റെ എല്ലാ സിനിമകളും ഏതെങ്കിലും ഒരു ഫ്രെയിമില്‍ നിന്നാണ് മനസിലേക്കെത്തുന്നത്. പ്രണയവും വ്യത്യസ്തമല്ല. കോളേജ് വിദ്യാഭ്യാസത്തിനുശേഷം സിനിമയെ മോഹിച്ച് പലരുടെ കൂടെയും അസിസ്റ്റന്റാകാന്‍ നടക്കുന്ന സമയത്താണ് പ്രണയത്തിലുള്ള ആ രംഗം ഞാന്‍ കാണുന്നത്- മേല്‍ക്കൂരയില്ലാത്ത ഒരു റെയില്‍വേസ്റ്റേഷനില്‍ മഴനനഞ്ഞ് നില്ക്കുന്ന ആണ്‍കുട്ടിയും തൊട്ടടുത്തായി കുടചൂടി നിന്ന് അവനെ നോക്കി ചിരിക്കുന്ന പെണ്‍കുട്ടിയും അവിടേക്ക് കടന്നുവരുന്ന ഒരു കരിവണ്ടി എന്‍ജിനും- അത് അങ്ങിനെ ഒരുപാട് കാലം മനസ്സില്‍ ഉണ്ടായിരുന്ന ഫ്രെയിമാണ്. പിന്നീടാണ് അതിന്റെ തുടര്‍ച്ചയെന്നോണം പ്രണയം, വിവാഹം, വേര്‍പിരിയല്‍, നാല്പതുവര്ഷങ്ങള്ക്കുശേഷം നഗരത്തില്‍ വച്ചുള്ള കണ്ടുമുട്ടല്‍ തുടങ്ങിയവയൊക്കെ വരുന്നത്. അത് പിന്നീട് എഴുതിത്തുടങ്ങിയപ്പോഴാണ് ഭര്‍ത്താവ് മാത്യൂസ് എന്ന കഥാപാത്രം ഉണ്ടാവുന്നത്. ലോഹിയേട്ടനെക്കൊണ്ട് എഴുതിക്കാന്‍ അദ്ദേഹത്തിന്റെടുത്തൊക്കെ ഞാന്‍ ഈ കഥ പറഞ്ഞിട്ടുണ്ട്.
മോഹന്‍ലാല്‍, അനുപംഖേര്‍, ജയപ്രദ .. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കള്‍. പ്രണയത്തിലെ അവരുടെ സാന്നിദ്ധ്യത്തെ എങ്ങനെ വിലയിരുത്തുന്നു
പ്രണയത്തില്‍ എനിക്ക് ലഭിച്ച ഭാഗ്യം കൃത്യമായ കാസ്റ്റിംഗ് ഉണ്ടായി എന്നതാണ്. പല ടെക്നിക്കലായിട്ടുള്ള കാരണങ്ങളാല്‍ പലപ്പോഴും മാറ്റിവച്ചിരുന്ന സിനിമയായിരുന്നു ഇത്. ചെറുപ്പക്കാരായ സ്ത്രീപുരുഷന്മാരിലല്ലാതെ പ്രായമുള്ള ആള്‍ക്കാരില്‍ പ്രണയം കടന്നുവരുന്നതും ഒപ്പം അവരുടെ ചെറുപ്പകാലവുമൊക്കെ പങ്കുവെയ്ക്കണമെന്നുണ്ടായിരുന്നു. അതിലേയ്ക്ക് ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖരായ മൂന്ന് പേരെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞു എന്നത് സന്തോഷം തന്നെയാണ്. പ്രത്യേകിച്ച് എന്റെ വാക്കുകളിലൂടെ തന്നെ ഉണ്ടായ കഥാപാത്രങ്ങള്‍ക്ക് ഈ അഭിനേതാക്കളില്കൂടി വലിയ മികവുകള്‍ ഉണ്ടാകുമ്പോള്‍ ഒരു എഴുത്തുകാരനും സംവിധായകനും ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണത്.
വളരെയധികം അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളാണ് പ്രണയത്തില്‍. ഇവരിലേക്കെത്തിപ്പെട്ടത് എങ്ങനെയാണ് ? കഥയെഴുതുമ്പോള്‍ ഇവര്‍ തന്നെയായിരുന്നോ മനസില്‍
ഒരിക്കലുമല്ല. ആദ്യമൊക്കെ പല അഭിനേതാക്കള്‍ മനസിലുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഒഴിവാക്കുകയും ഒഴിവാക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. വളരെ മുമ്പ് യാദൃച്ഛികമായി സൗഹൃദ സംഭാഷണത്തില്‍ എന്താണ് ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ലാലേട്ടന് ചോദിച്ചപ്പോള്‍ ഞാന്‍ കഥ പറഞ്ഞുകൊടുത്തു. കഥ കേട്ടപ്പോള്‍ തന്നെ ലാല്‍ പറഞ്ഞു. ‘മാത്യൂസിനെ ഞാന്‍ ചെയ്യാം’. സൂപ്പര്‍സ്റ്റാര്‍ രീതിയില്‍ നില്ക്കുന്ന ഒരാളില്‍ നിന്ന് അത്തരം ഓഫര്‍ ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായും ആ കഥാപാത്രത്തിന് കൂടുതല്‍ മികവ് ഉണ്ടാകും. അതുപോലെ തന്നെ മറുഭാഗത്ത് നില്‍ക്കുന്നയാളുടെ പ്രാധാന്യം കൂടുകയും ചെയ്യും. അങ്ങനെയാണ് അനുപംഖേറിലേക്കെത്തുന്നത്. ഇവരുടെ രണ്ടുപേരുടെയും ഇടയില്‍ നില്ക്കുന്ന സുന്ദരി എന്നു പറയുമ്പോള്‍ ജയപ്രദ തന്നെയാണ് അനുയോജ്യം എന്ന് തോന്നി.
ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന തത്വചിന്താപരമായ നിരവധി സംഭാഷണങ്ങളുണ്ട് ചിത്രത്തില്‍. പ്രത്യേകിച്ച് ഫിലോസഫി പ്രൊഫസറായിരുന്ന മാത്യൂസിലൂടെ ഒരു ഫിലോസഫിക്കല്‍ ആംഗിള്‍ സിനിമയില്‍ സ്വീകരിച്ചതെന്തുകൊണ്ടാണ്
ജീവിതത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ വീക്ഷണമുള്ള ഒരു കഥാപാത്രമാണ് മാത്യൂസ്. ഭാര്യയുടെ പഴയ ഭര്‍ത്താവ് എന്നു പറഞ്ഞ് ഒരാള്‍ വരുമ്പോള്‍ അയാളുമായി സൗഹൃദത്തിലാകാന്‍ വലിയ ചിന്തകളുള്ള ഓരാള്‍ക്കേ സാധിക്കൂ. അത് സിനിമയില്‍ പ്രകടമാവണം എന്നുണ്ടെങ്കില്‍ ഇങ്ങനെ ഒരു സപ്പോര്‍ട്ട് ആവശ്യമാണ്.
സ്വപ്നങ്ങളേക്കാള് മനോഹരമാണ് ജീവിതം ജീവിക്കാന്‍ അറിയാമെങ്കില്‍, സന്തോഷങ്ങളുടെ തുടര്‍ച്ചയാണ് ജീവിതം തുടങ്ങിയ മാത്യൂസിന്റെ വാക്കുകള്‍ പങ്കുവെയ്ക്കുന്നത്. നമ്മുടെ ശ്രമമുണ്ടെങ്കില്‍ വിധിപോലും നമുക്ക് വഴിമാറും എന്നാണ്. ഇതിലെ പല സംഭാഷണങ്ങളും എന്റെ ചിന്തയില്‍ നിന്നും അറിയാതെ ഇതിലേയ്ക്ക് വന്നു എന്നതാണ്. ഓരോ ദിവസവും നമ്മള് മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന മരണത്തെക്കുറിച്ചുള്ള വാക്കുകള്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാന്‍ ആലോചിക്കുകയും ചിന്തിക്കുകയും പറയുകയും ചെയ്തിട്ടുള്ള കാര്യമാണ്.
പ്രകൃതിയുടെ ശക്തമായ സാന്നിദ്ധ്യം താങ്കളുടെ സിനികളിലെ പ്രത്യേകതയാണ്. പ്രണയത്തില്‍ കടല്‍തന്നെ ഒരു കഥാപാത്രമാണ്
മനുഷ്യജീവിതം പൂര്‍ണ്ണമാകുന്നത് എപ്പോഴും ജീവജാലങ്ങളോടും പ്രകൃതിയോടും കൂടെ ഇണങ്ങുമ്പോഴാണ്. പ്രകൃതിയുടെ ഭാവഭേദങ്ങള്‍ സാഹിത്യത്തിലൊക്കെ നല്ല രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. സിനിമയിലേക്കെത്തുമ്പോള്‍ അത് കൂടുതല്‍ സൗന്ദര്യാത്മകമാവുന്നു എന്നുള്ളതാണ്. പ്രണയവും കടലും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. പ്രണയത്തിന്റെ ഓരോ നിമിഷങ്ങളും വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് കടലും. കടല്‍ പോലെ അഗാധമാണ് പ്രണയം. സിനിമയില്‍ തന്നെ പറയുന്നുണ്ട് ‘ഓരോ തിര വരുമ്പോഴും കടലിന് പുതിയ ഭാവമാണ്’. മനുഷ്യനെ സന്തോഷിപ്പിക്കാനായി പ്രകൃതി ഓരോ നിമിഷത്തിലും മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കടലാണ്. പുതിയ പുതിയ കാഴ്ചകള്‍ക്കായി പ്രകൃതി ഒരുങ്ങുകയാണ്. ആ കാഴ്ചകാണുന്നത് മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവരും.
മലയാളത്തില്‍ അടുത്ത കാലത്തായി വ്യത്യസ്തത പുലര്‍ത്തുന്ന പ്രമേയങ്ങളുമായി നിരവധി സിനിമകള്‍ ഉണ്ടായി. മലയാള സിനിമയുടെ നല്ല കാലത്തേക്കുള്ള മടങ്ങിപ്പോക്കായി ഇതിനെ വ്യാഖ്യാനിക്കാന്‍ കഴിയുമോ
സിനിമയെ നിരൂപിക്കുന്നവരാണ് അതൊക്കെ പറയേണ്ടത്. അതുപോലെ തന്നെ സ്ഥിരമായ സാധനങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ട, വ്യത്യസ്തമായത് കൊണ്ടുവരൂ എന്നാവശ്യപ്പെടുന്നത് പ്രേക്ഷകരാണ്. പ്രേക്ഷകര്‍ നല്ല സിനിമകള്‍ സ്വീകരിച്ചാല്‍ അത്തരം സിനിമകളുമായി മുന്നോട്ട് വരാന്‍ ആള്ക്കാര് തയ്യാറാകും. അത് വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണ്.
സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകന്റെ ആസ്വാദന രീതികള്‍ പരിഗണിക്കാറുണ്ടോ
പ്രേക്ഷകന് ആവശ്യപ്പെടുന്നത് കൊടുക്കുന്നതല്ല നല്ല സിനിമ. പ്രേക്ഷകനെ മുന്നില്‍ കണ്ട് ഒരാള്‍ സിനിമ ചെയ്താല്‍ അതിന് വ്യക്തിത്വം ഉണ്ടാകില്ല. ട്രാഫിക് അല്ലെങ്കില്‍ പോക്കിരിരാജ എന്ന സിനിമയാണ് ഏറ്റവും കൂടുതല്‍ ഓടിയത് എന്നതുകൊണ്ട് അത്തരം സിനിമയെടുക്കാന്‍ മറ്റൊരാള്‍ ശ്രമിച്ചാല്‍ അതിലെന്താണ് കാര്യം ? പ്രേക്ഷകന്റെ ചിന്തകളിലില്ലാത്ത പുതിയ അനുഭവങ്ങള്‍ നല്കാന് സംവിധായകന് തയ്യാറാകണം. എഴുത്തുകാരന്റെ അല്ലെങ്കില്‍ സംവിധായകന്റെ മൗലികതയില്‍ വളരുന്ന ഒരു കലാസൃഷ്ടിയെ ആസ്വദിക്കപ്പെടുവാനായിട്ട് പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കാനുള്ള ചങ്കൂറ്റം കലാകാരന്മാര് കാണിക്കണം.
യുവതാരങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം കൊടുക്കുന്നില്ല എന്നൊരു വിമര്‍ശനമുണ്ടല്ലോ? നടികളാണെങ്കില്‍ അന്യഭാഷയില്‍ നിന്നുള്ളവരും
ആര്‍ക്കെങ്കിലും അവസരം കൊടുക്കാനോ ആരെയെങ്കിലും വളര്‍ത്താനോ അല്ല ഞാന്‍ സിനിമയെടുക്കുന്നത്. എന്റെ ചിന്തകളില്‍ തോന്നുന്ന കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ചുള്ള നടീനടന്മാരെ തെരഞ്ഞെടുക്കുക എന്നുള്ളതാണ്. ജയപ്രദയ്ക്കു പകരം മറ്റൊരാളെ പറയൂ! എന്റെ നടികള്‍ അധികവും മിഡില്‍ ഏജ്ഡ് ആണ്. അതുകൊണ്ടാണ് മലയാള സിനിമാലോകത്തിന്റെ പരിധികള്ക്കപ്പുറത്തുനിന്നും നടികളെ തെരഞ്ഞെടുക്കേണ്ടി വരുന്നത്. സിനിമ പ്രാദേശികമായ പരിഗണനകള്‍ക്കപ്പുറം പോകുന്ന വിശ്വവ്യാപകമായ കലയാണ്. അതിനാല്‍ നടികളെ തെരഞ്ഞെടുക്കുമ്പോള്‍ ഭാഷ ഒരു തടസമാകണമെന്നില്ല.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: