മാക്സിം ഗോര്‍ക്കിയുടെ അമ്മയില്‍നിന്നും വ്യത്യസ്തയായ ഒരമ്മയെയാണ് വിജയകൃഷ്ണന്റെ ഉമ്മയില്‍ നാം പരിചയപ്പെടുന്നത്. മാക്സിംഗോര്ക്കിക്ക് ക്ഷമാപണപൂര്‍വ്വം എന്ന പ്രസ്താവനയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഈ ചിത്രത്തിലെ അമ്മയായ സുബൈദ വലിയ പഠിപ്പൊന്നുമില്ലാത്ത ഒരു സാധാരണ സ്ത്രീയാണ്. എന്നാല്‍ അസാധാരണമായ ഗുണഗണങ്ങളാല്‍ അനുഗൃഹീതയും. ഭര്‍ത്താവ് ഖാദറും മകന് മന്‍സൂറും അടങ്ങിയതാണ് സുബൈടയുടെ കുടുംബം.
ഫാക്ടറി തൊഴിലാളിയായ ഖാദര്‍ ദിവസവും മദ്യപിച്ചുവന്നു വഴക്കുണ്ടാക്കുകയും ഭാര്യയെ തല്ലുകയും ചെയ്യും. മകന് മന്‍സൂര്‍ പഠിക്കാന്‍ നിര്‍വാഹമില്ലാതെയും ജോലിയൊന്നും കിട്ടാതെയും വീട്ടിലെ സാഹചര്യമോര്‍ത്തു വിഷമിച്ചു കഴിയുന്നു. ഒരുദിവസം ഉമ്മയെ തല്ലിച്ചതക്കുന്നതുകണ്ട് സഹികെട്ട മകന് എതിര്‍ത്തു. ഖാദര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നീടയാള്‍ നാട്ടുകാരോടായി വഴക്ക്.
ഒരിക്കല്‍ ചായക്കടക്കാരന് വാസുവിനേയും കൂട്ടരേയും അയാള്‍ അടിച്ചു ചതച്ചു. അതിന്റെ പ്രതികാരമായി എതിരാളികളുടെ അടിയേറ്റു വീണ ഖാദറിനെ ആശുപത്രിയിലാക്കി. പിന്നെ വീട്ടില്‍ കൊണ്ടുവന്നു. അയാള്‍ മരിച്ചു. ഈ സമയത്ത് മന്‍സൂറിനെ ചില നേതാക്കള്‍ അവരുടെ വശത്താക്കി. അതുവരെ അവിടെ നിലനിന്നിരുന്ന മതസൗഹാര്‍ദ്ദം അതോടെ തകരാന്‍ തുടങ്ങി. ഉമ്മയുടെ മനസ്സ് അപ്പോഴും അചഞ്ചലമായി നിലകൊണ്ടു. മകനെ ഉപദേശിച്ചു നേരെയാക്കാന്‍ ശ്രമിക്കുന്ന ഉമ്മ അവസാനം രാജ്യദ്രോഹിയായ മകനെ തള്ളിപ്പറയുന്നു… തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായ ശ്യാമള അന്യമതസ്ഥയാണെങ്കിലും ആ സൗഹൃദത്തിനു യാതൊരു കോട്ടവും ഉണ്ടാകുന്നില്ല. സുബൈടയുടെ ഏതാവശ്യത്തിനും അയല്‍ക്കാരിയായ ശ്യാമള ഓടിയെത്തും. ശ്യാമള, ശ്രീധരന് സാര്‍ ,അദ്ദേഹത്തിന്റെ കൊച്ചുമകള്‍ മല്ലിക, മന്‍സൂറിന്റെ കൂട്ടുകാരന് ദിനേശ് തുടങ്ങി എല്ലാവരും സുബൈടയ്ക്ക് ഒരു കുടുംബത്തിലെ അംഗങ്ങള്‍ പോലെയാണ്. അവരെല്ലാം പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുന്നു.
മതവിദ്വേഷം ആളിപ്പടര്‍ത്താന്‍ ശ്രമിക്കുന്ന നേതാക്കള്‍ ഇഷ്ടം പോലെ പണം നല്കി നല്ലവരായ ചെറുപ്പക്കാരെപ്പോലും ചാവേറുകള്‍ ആക്കിമാറ്റുന്ന ഇന്നത്തെ സമൂഹത്തിന്റെ ഒരുനേര്ച്ചിത്രം ഇതിലുണ്ട്. തീവ്രവാദം വ്യാപകമായിരിക്കുകയും കൊടുംഭീകരന്മാര് നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ മാനവ മനസ്സില്‍ മതമൈത്രിയും സദ്വികാരങ്ങളും ഉണര്‍ത്തി മനുഷ്യബന്ധങ്ങള്‍ക്ക് സമുന്നതസ്ഥാനം കാഴ്ച വെക്കുന്ന ചലച്ചിത്രമാണ് “ഉമ്മ”.
ആരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിഷ്കളങ്കനായ ഒരു യുവാവാണ് മന്‍സൂര്‍. ക്രമേണ അവന് മതമൗലികവാദികളുടെയും തീവ്രവാദികളുടെയും കയ്യില്‍പ്പെട്ടു സ്വത്വം നഷ്ടപ്പെട്ടു ഭീകരാക്രമണത്തിനിടെ കൊല്ലപ്പെടുന്നു. വഴിതെറ്റിപ്പോകുന്ന യുവാക്കള്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണിത്. ദീപം കണ്ടു പറന്നുചെല്ലുന്ന ശലഭങ്ങളെപ്പോലെ വിവേകശൂന്യരായി മതാസിരുടെ കൈകളിലെത്തുന്ന ഇവര്‍ ആ ഭീകരര്‍ ഒരുക്കുന്ന ചിതയില്‍ ചാമ്പലാകുന്നു.
നമ്മുടെ ചുറ്റുപാടും കാണുന്ന മനുഷ്യജീവിതത്തിന്റെ ഹൃദയാര്‍ദ്രമായ ചിത്രം ഈ സിനിമയിലുണ്ട്. ദേശത്തിന്റെ വര്ത്തമാനകാലചിത്രവും ഇതില്‍ ഉള്‍ക്കൊള്ളുന്നു. പട്ടിണി കിടക്കുമ്പോള്‍ പോലും മന്‍സൂര്‍ നല്കുന്ന പണം ഉമ്മ സ്വീകരിക്കുന്നില്ല. ആ പണംകൊണ്ട് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ പട്ടിണി കിടന്നു മരിക്കുന്നതാണ് നല്ലതെന്ന് അവര്‍ കരുതുന്നു. ഭര്‍ത്താവ് മരിച്ചത്കൊണ്ട് കിട്ടിയ തൂപ്പുജോലി അവര്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു. വീട്ടില്‍ വന്ന പോലീസിനു മകന് സംഭരിച്ചുവെച്ചിരുന്നതെല്ലാം, പണം ഉള്‍പ്പെടെ എടുത്തുകൊടുക്കുന്നു. മനുഷ്യമഹത്വത്തിന്റെ മഹനീയ മാതൃകയാണ് ഈ ഉമ്മ.
ഇതിലുമുണ്ട് ഒരു പ്രേമം. പാട്ടും ചാട്ടവും ഇല്ലാതെ തന്നെ പ്രേക്ഷകര്‍ അത് ആസ്വദിക്കുന്നു. മന്‍സൂറിനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയ്ക്ക് അവനോടുള്ള സ്നേഹം ഔചിത്യപൂര്‍വ്വം ചിത്രീകരിച്ചിരിക്കുന്നു. അത് മധുരതരമായി അനുഭവപ്പെടുകയും ചെയ്യുന്നു.
മനസ്സില്‍ തങ്ങിനില്ക്കുന്ന അര്‍ത്ഥവത്തായ സംഭാഷണങ്ങളും ഇതിലുണ്ട്. “മന്‍സൂറിന്റെ പണംകൊണ്ട് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ പട്ടിണികിടന്നു ചാകാനാണ് എനിക്കിഷ്ടം”, എന്ന സുബൈടയുടെ വാക്കുകള്‍ കേട്ട് “നിന്നെ ഈ നാട്ടിലെ ആര്‍ക്കെങ്കിലും മനസ്സിലാകുമോ”, എന്ന് ശ്യാമള ചോദിക്കുന്നു. നിങ്ങളും ഞങ്ങളും എന്ന ഭേദചിന്ത അതുവരെ അവിടെ നിലനിന്നിരുന്നില്ല. കൊച്ചുമകള്‍ക്ക് അപ്പൂപ്പന് നല്കുന്ന ഉപദേശം ഏത് പെണ്‍കുട്ടിയും എക്കാലത്തും അറിഞ്ഞിരിക്കേണ്ടതാണ്. “കാലം മാറിപ്പോയി. ഇന്നലെ കണ്ടവരല്ല ഇന്ന് കാണുന്നവര്‍. നമ്മള് സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടമാകുന്നത് ജീവിതമാണ്. സ്നേഹം സല്പാത്രത്തില് വേണം അര്‍പ്പിക്കാന്‍. അര്‍ഹിക്കുന്നവനെ സ്നേഹം കൊടുക്കാവൂ, ദുഷ്ടനും വഞ്ചകനും കൊടുക്കുന്ന സ്നേഹം ആപത്തായി തിരിച്ചുവരും”.
സിനിമയെ വെറുമൊരു വിനോദോപാധിയായി കാണുന്നവരുണ്ട്. എന്നാല്‍ മനുഷ്യാനുഭവങ്ങളുടെ തീക്ഷണഭാവങ്ങള്‍ കലാപരമായി ചിത്രീകരിച്ചു പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും അവരുടെ മനസ്സില്‍ ഉദാത്തഭാവങ്ങള്‍ ഉണര്‍ത്തുകയും ചെയ്യുന്നതായിരിക്കണം സിനിമയെന്ന് കരുതേണ്ടവരുമുണ്ട്. ആവര്‍ത്തനവിരസമായ സിനിമകണ്ടു മടുത്തവര്‍ക്ക് പ്രത്യാശയുടെ പ്രകാശമായെത്തുന്ന മികച്ച കലാസൃഷ്ടിയാണ് “ഉമ്മ”.
ഡോ. കെ. കെ. ചന്ദ്രിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: