നടന് സത്യന് വിട വാങ്ങിയിട്ട് ജൂണ്‍ പതിനഞ്ചിന് നാല്‍പ്പത് വര്‍ഷം തികഞ്ഞു. സത്യന് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും മലയാളികളുടെ മനസില്‍ തങ്ങി നില്ക്കുന്നു. മലയാളിയുടെ നായക സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ച നടനായിരുന്നു സത്യന്.
നാല്‍പ്പതാം വയസിലാണ് സത്യന് സിനിമയിലെത്തുന്നത്. ഇരുണ്ട നിറം, പൊക്കം നന്നേ കുറവ്. എന്നാല്‍ സത്യനേശന് നാടാര്‍ എന്ന സത്യന് മലയാള സിനിമയുടെ നായക മുഖമായി. അമിതമായ ഭാവ പ്രകടനമില്ലാതെ പക്വമായ ചലനങ്ങളിലൂടെ വെള്ളിത്തിരയില്‍ ജീവിക്കുകയായിരുന്നു സത്യന്.
നീലക്കുയില്‍, പാലാട്ട് കോമന്, തച്ചോളി ഒതേനന്, മുടിയനായ പുത്രന്, ഭാര്യ, പഴശ്ശിരാജ, ഓടയില്‍ നിന്ന്, കാട്ടുതുളസി, യക്ഷി, അടിമകള്‍, മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒരു പെണ്ണിന്റെ കഥ, കടല്‍പ്പാലം, ചെമ്മീന്‍…..തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ പ്രതിഭയുടെ അവിസ്മരണീയ സാന്നിധ്യമേകി സത്യന് മലയാളസിനിമയെ അനുഗ്രഹിച്ചു.
ഓടയില്‍ നിന്നും എന്ന ചിത്രത്തിലെ റിക്ഷാക്കരന്‍ പപ്പുവും യക്ഷിയിലെ ശ്രീനിയും ചെമ്മീനിലെ പളനിയും കടല്‍പ്പാലത്തിലെ അച്ഛനും മകനുമെല്ലാം ഇന്നും ജനമനസുകളില്‍ ജീവിക്കുന്നു. 1954ല്‍ പി.ഭാസ്കരനും രാമുകാര്യാടും ചേര്‍ന്നൊരുക്കിയ നീലക്കുയിലിലെ ശ്രീധരന് എന്ന കഥാപാത്രത്തിന് രാഷ്ട്രപതിയുടെ രജതകമലം. മലയാളത്തിന് കിട്ടുന്ന ആദ്യത്തെ അംഗീകാരം കൂടിയാണിത്. പിന്നീട് കടല്‍പ്പാലം, ചെമ്മീന്‍ സിനിമകളും ദേശീയ അംഗീകാരങ്ങള്‍ നേടിത്തന്നു.
1912 നവംബര്‍ ഒമ്പതിന് തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തായിരുന്നു സത്യന്റെ ജനനം. അധ്യാപകന്, സെക്രട്ടേറിയറ്റില്‍ ക്ലാര്‍ക്ക്, കരസേനാ ഉദ്യോഗസ്ഥന്, എസ്.ഐ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ച ശേഷമായിരുന്നു 1951 ല്‍ സത്യന് സിനിമയില്‍ എത്തുന്നത്. ആദ്യം അഭിനയിച്ച ചിത്രം ത്യാഗസീമ ആയിരുന്നെങ്കിലും ആത്മസഖിയായിരുന്നു ആദ്യം പുറത്തിറങ്ങിയ ചിത്രം.
സത്യന് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും ആ വലിയ പ്രതിഭ ഇന്നും നിത്യ വിസ്മയമായി നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: