ബോളിവുഡിലേക്ക് കരിഷ്മ തിരിച്ചു വരവിനൊരുങ്ങുന്നു. സംവിധായകന് വിക്രംഭട്ട് ഒരുക്കുന്ന ഡയ്ഞ്ചറസ് ഇഷ്ക് എന്ന 3ഡി ഹൊറര്‍ ചിത്രത്തിലൂടെയാണ് കരിഷ്മ രണ്ടാം വരവിനൊരുങ്ങുന്നത്. വിക്രംഭട്ട് തന്നെയാണ് തിരിച്ചുവരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
‘ചിത്രത്തിന്റെ കഥകേട്ടപ്പോള്‍ തന്നെ കരിഷ്മയ്ക്ക് ഇഷ്ടമായി. ചിത്രത്തില്‍ സ്ത്രീ കഥാപാത്രത്തിനായിരിക്കും പ്രാധാന്യം. കരിഷ്മ തന്നെയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞുപോയ ജീവിതത്തിന്റെ പുനരാവിഷ്കാരമായ ഡയ്ഞ്ചറസ് ഇഷ്ക് ഒരു സൂപ്പര്‍ നാച്വറല്‍ ത്രില്ലറാണ്. സെപ്തംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്’, ഭട്ട് അറിയിച്ചു.
വിവാഹശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുന്ന നടികള്‍ തിരിച്ചുവരുന്നത് ബോളിവുഡില്‍ ഇപ്പോള്‍ പതിവ് കാഴ്ചയാണ്. കാജോളും മാധുരി ദീക്ഷിതും രണ്ടാംവരവിലും വിജയങ്ങള്‍ സൃഷ്ടിച്ചു. ഷാരൂഖ് ഖാന്റെ ‘ഓം ശാന്തി ഓ’മില്‍ കരിഷ്മയായി തന്നെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലുംകഴിവുള്ള അഭിനേത്രിയ്ക്ക് അനുയോജ്യമായ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്തു വിലകൊടുത്തും കരിഷ്മയെ തിരിച്ചുകൊണ്ടുവരാനുള്ള വാശിയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 2006 ല്‍ സുനില്‍ ദര്‍ശന്റെ മേരെ ജീവന് സാത്തി എന്ന ചിത്രത്തിലാണ് കരിഷ്മ അവസാനമായി അഭിനയിച്ചത്.
‘ഇതുവരെ ചെയ്യാത്ത ഒരുവേഷമാണ് തന്നെ തേടിയെത്തിയിട്ടുള്ളത്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വളരെ താത്പര്യപൂര്‍വ്വമാണ് കേട്ടിരുന്നത്. 3ഡി രൂപത്തിലുള്ള ചിത്രമെന്നതും പുതിയ അനുഭവം തന്നെ’, കരിഷ്മ പറഞ്ഞു. ബുദ്ധാ ഹോഗാ തേരാ ബാപ്പ് എന്ന അമിതാഭ് ബച്ചന് ചിത്രത്തിലൂടെ രവീണാ ടണ്ഡനും സിനിമാ ജീവിതത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: