തമിഴ് സൂപ്പര്‍ഹിറ്റ് ചലച്ചിത്രം മൈനയിലൂടെ പ്രശസ്തയായ അമലപോള്‍ തത്ക്കാലം മലയാളത്തില്‍ അഭിനയിക്കാന്‍ ഇല്ലെന്ന്. പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പിയില്‍ അമലപോള്‍ അഭിനയിക്കുമെന്ന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് അമല ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ റുപ്പിയില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചുവെന്നത് ശരിതന്നെ. പക്ഷെ നേരത്തെ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്തുപോയതിനാല്‍ മലയാളത്തിലേക്ക് വരാന്‍ സാധിക്കില്ല. അതേസമയം, മലയാളത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതായും അമല വ്യക്തമാക്കി. മലയാളത്തില്‍ നിന്നാണ് ഞാന്‍ അഭിനയ ജീവിതം ആരംഭിച്ചത്. അതിനാല്‍ നല്ല ഓഫറുകള്‍ കിട്ടിയാല്‍ മലയാളത്തില്‍ വീണ്ടും തിരിച്ചെത്തും. എന്നാല്‍ തന്നെ പ്രശസ്തയാക്കിയത് തമിഴ് സിനിമാ ലോകമായതിനാല്‍ തമിഴ് ജനതയോട് കടപ്പാടുണ്ട്, അമല പറയുന്നു.
ലിന്ഗുസ്വാമിയുടെ സംവിധാനത്തില്‍ ആര്യയും മാധവനും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘വേട്ടൈ’ യുടെ ചിത്രീകരണത്തിരക്കിലാണ് അമലയിപ്പോള്. എ.എല്‍. വിജയ് സംവിധാനം നിര്‍വഹിച്ച് അമലയും വിക്രമും നായികാ നായകന്മാരാകുന്ന ‘ദൈവ തിരുമകള്‍’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: