തലച്ചോറിനും മുഖത്തിനും ധാരാളം രക്തം ലഭിക്കുന്നതിന് സഹായകരമാണ് ശശാസനം. തോളുകളുടെ അകത്തോട്ടുള്ള വളവ് മാറ്റാനും അരക്കെട്ടിന് അയവും ഉറപ്പും ഉണ്ടാക്കാനും ഈ ആസനം അഭ്യസിക്കുന്നതിലൂടെ സാധിക്കുന്നു. ശശാസനം ദിവസവും അഭ്യസിക്കുന്നതിലൂടെ അടിവയറ്റിലെ മസിലുകളും അവയവങ്ങളും ശക്തമാകും. നട്ടെല്ലിന്റെ പല പ്രയാസങ്ങളും മാറുകയും മനസ് നിയന്ത്രണാധീനമാവുകയും ചെയ്യും. ശശാസനം വളരെ ലളിതമാണെങ്കിലും പതിവായി അഭ്യസിക്കുന്നവര്‍ക്ക് ശാരീരികമായും മാനസികമായും പല നേട്ടങ്ങളും ഉണ്ടാകുന്നതാണ്.
ചെയ്യേണ്ട വിധം:-
1. വജ്രാസനത്തിലിരിക്കുക. രണ്ട് ഉപ്പൂറ്റികളുടെയും ഇടയില്‍ പൃഷ്ഠ ഭാഗം നിലത്ത് ചേര്‍ന്നിരിക്കണം. കൈകള്‍ നീട്ടി കാല്‍മുട്ടുകളില്‍ കമഴ്ത്തി വയ്ക്കുക.
2. ശ്വാസം സാവധാനം എടുക്കുന്നതോടൊപ്പം കൈകള്‍ നേരെ മുമ്പില്‍ കൂടി ഉയര്‍ത്തി, ചെവികളെ സ്പര്‍ശിച്ചുകൊണ്ട് തലയുടെ ഇരു ഭാഗത്തുമായി നിര്‍ത്തുക. ഉള്ളം കൈകള്‍ ചേര്‍ത്ത് തൊഴുത് പിടിക്കുക. കൈമുട്ടുകള്‍ നിവര്‍ന്നിരിക്കണം.
3. ശ്വാസം ഉള്ളില്‍ നിര്‍ത്തിക്കൊണ്ട് അതേ ഇരിപ്പില്‍ കൈയും തലയും ഉടലും കഴിയുന്നിടത്തോളം പുറകോട്ട് ചായ്ക്കുക.
4. അടുത്തതായി സാവധാനം ശ്വാസം വിട്ടുകൊണ്ട് അരയ്ക്ക് മുകളിലുള്ള സര്‍വ ഭാഗങ്ങളും മുന്പോട്ട് ചാഞ്ഞ് താണു വന്ന് കൈകള്‍ ആവുന്നിടത്തോളം നീട്ടി നിലത്തു വയ്ക്കുക, നെറ്റിയും തറയില്‍ വയ്ക്കുക.
5. ശ്വാസം വിട്ടു തീര്‍ന്ന് രണ്ട് സെക്കന്‍ഡ് കഴിഞ്ഞ് ശ്വാസം എടുത്തുകൊണ്ട് കൈകള്‍ അല്പം പുറകോട്ട് നിലത്തു കൂടി വലിച്ചിട്ട് സാവധാനം ഉയര്‍ന്ന് കൈകള്‍ തലയ്ക്കു മുകളില്‍ എത്തിയ്ക്കുക. ഇപ്പോഴും കൈകള്‍ ചെവിയോട് ചേര്‍ന്നിരിക്കണം. ഉയരുമ്പോഴും പൃഷ്ഠഭാഗം പൊങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
6. ശ്വാസം വിട്ടുകൊണ്ട് കൈകള്‍ കാല്‍മുട്ടുകളില്‍ വയ്ക്കുക. ഇങ്ങനെ അഞ്ചു പ്രാവശ്യം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: