ന്യൂദല്‍ഹി: കൊഗ്നിസെന്റിനും ഇന്‍ഫോസിസിനും വിപ്രോയ്ക്കും പുറകെ ടെക് മഹീന്ദ്രയും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു. താഴ്ന്ന തലത്തില്‍ നിന്നുള്ള ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി നൂറോളം ജീവനക്കാര്‍ക്ക് കമ്പനി പിങ്ക് സ്ലിപ്പ് നല്കി.
ഇന്ത്യന്‍ ഐടി സംരംഭങ്ങള്‍ക്കിടയില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനത്താണ് ടെക് മഹീന്ദ്രയുടെ സ്ഥാനം. ഐടി രംഗം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ നടപ്പ് വര്‍ഷത്തെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ടെക് മഹീന്ദ്ര അറിയിച്ചു.
എല്ലാ വര്‍ഷവും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താഴ്ന്നതലത്തില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടാറുണ്ടെന്നും ജീവനക്കാരുടെ വൈദഗ്ധ്യം മുന്‍നിര്‍ത്തിയുള്ള സ്വാഭാവിക നടപടി മാത്രമാണ് ഇതെന്നും ടെക് മഹീന്ദ്ര ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് മഹീന്ദ്ര എത്ര ജീവനക്കാരെ കമ്പനിയില്‍ നിന്ന് ഒഴിവാക്കുമെന്ന കൃത്യമായ വിവരം ലഭിച്ചിട്ടില്ല. എന്നാല്‍, നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന സൂചനയാണ് വ്യാവസായിക വൃത്തങ്ങള്‍ നല്‍കുന്നത്.
2016 ഡിസംബര്‍ അവസാനത്തെ കണക്കനുസരിച്ച് കമ്പനിയില്‍ 1.17 ലക്ഷം ജീവനക്കാരാണുണ്ടായിരുന്നത്. ഐടി വ്യാവസായിക രംഗത്ത് ടെക് മഹീന്ദ്രയുടെ മുഖ്യ എതിരാളികളായ വിപ്രോയും, ഇന്‍ഫോസിസും കൊഗ്നിസെന്റും ഇതിനോടകം തന്നെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഈ കമ്പനികളില്‍ നിന്നും ആയിരക്കണക്കിന് ജീവനക്കാര്‍ പുറത്തുപോയേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് മികച്ച സര്‍വീസ് ലഭ്യമാക്കുന്നതിന് തങ്ങളുടെ തൊഴില്‍ ശേഷി പ്രാപ്തമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായാണ് തൊഴിലാളികള്‍ക്കിടയില്‍ യുക്തിപരമായ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നതെന്നുമാണ് കമ്പനികളുടെ വാദം. യുഎസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസ്ലന്ഡ് തുടങ്ങിയ രാജ്യങ്ങള്‍ തൊഴില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും ഐടി വ്യവസായം നേരിടുന്ന വെല്ലുവിളികളുമാണ് കൂട്ടത്തോടെ പിരിച്ചുവിടല്‍ നടപടിയിലേക്ക് നീങ്ങാന്‍ ഐടി കമ്പനികളെ പ്രേരിപ്പിച്ചിട്ടുള്ളത്.
പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനുള്ള ചെലവുചുരുക്കല്‍ നടപടിയായിട്ടും ഇത് വിലയിരുത്തപ്പെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടങ്ങളിലൊന്നാണ് ഐടി കമ്പനികള്‍. എച്ച് 1ബി വിസാ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്നതിനു പുറമെ വര്‍ധിച്ചുവരുന്ന ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങളും വരും വര്‍ഷങ്ങളില്‍ ഐടി കമ്പനികളിലേക്കുള്ള നിയമനങ്ങളില്‍ ഇടിവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















