ശ്രീനഗര്‍: പഠനത്തിലും കളികളിലും മിടുക്കനായിരുന്നു ഭീകരര്‍ നിഷ്കരുണം വധിച്ച ലഫ്റ്റനന്റ് ഉമര്‍ ഫയസ്. പഠനത്തിലെ മികവ് ഫയസിനെ ദക്ഷിണ കശ്മീരിലെ അസ്മുക്വാമിലെ നവോദയ വിദ്യാലയത്തിലെത്തിച്ചു. തന്നിലെ രാജ്യസ്നേഹം ആളിക്കത്തിച്ച ഇവിടത്തെ പഠനം ഫയസിനു മുന്നില്‍ വച്ച ലക്ഷ്യം ഒന്നു മാത്രം, രാജ്യസേവനം.
അതിനുള്ള വഴി മാത്രമായിരുന്നു സൈനിക സേവനം. പരീക്ഷകള്‍ വിജയിച്ച് പൂനെയിലെ ദേശീയ പ്രതിരോധ അക്കാദമിയിലെത്തി. മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഈ കശ്മീരി യുവാവിന് നിയമനം ലഭിച്ചത് രണ്ട് രജപുത്താന റൈഫിള്‍സില്‍. ഡിസംബറില്‍ ബറ്റാലിയനൊപ്പം ചേര്‍ന്നു. കലുഷിതമായ അഖ്നൂരിലായിരുന്നു ആദ്യ നിയമനം.
ബന്ധുവിന്റെ വിവാഹം ആഘോഷമാക്കാനാണ് അവധിക്ക് വീട്ടിലെത്തിയത്. മെയ് 25 വരെ അവധി അനുവദിച്ചിരുന്നു. അതു പൂര്‍ത്തിയാക്കി വര്‍ധിത വീര്യത്തോടെ മടങ്ങിപ്പോകാനുള്ള ഒരുക്കത്തിനിടെയാണ് ഭീകരര്‍ക്ക് ഇരയായത്. കശ്മീരികളായ സൈനികരെ ലക്ഷ്യമിട്ടാണ് അടുത്തിടെ ഭീകരരുടെ കൂടുതല്‍ നീക്കം. ഭയപ്പെടുത്തി പിന്വലിപ്പിക്കുകയെന്ന തന്ത്രം.
എന്നാല്‍, ഫയസിന്റെ വധത്തിനു ശേഷം മേഖലയില്‍ സംഘര്‍ഷം കനത്തു. ഭീകരര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. പണവുമായി പോകുകയായിരുന്ന ബാങ്കിന്റെ വാന്‍ ഭീകരര്‍ ദിവസങ്ങള്‍ക്കു മുന്‍പ് ആക്രമിച്ചിരുന്നു. ഇതില്‍ കൊലപ്പെട്ട അഞ്ച് പോലീസുകാരും രണ്ട് ഗാര്‍ഡുകളും തദ്ദേശീയരാണ്. ഈ സംഭവത്തിലും നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
സൈന്യത്തിനെതിരെ കല്ലേറ് കനക്കുമ്പോഴാണ് ഭീകരര്‍ക്കെതിരെയുള്ള ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍. വരും ദിവസങ്ങളില്‍ ഇതു വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങും. ഫയാസിന്റെ വീരമൃത്യു വിഘടനവാദികള്‍ക്കെതിരായ പോരാട്ടത്തിന് ബലമേകുമെന്ന ജെയ്റ്റലിയുടെ വാക്കുകളും ഇതുമായി ചേര്‍ത്തുവായിക്കാം. ഫയാസ് മാതൃകാ വ്യക്തിത്വമെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.
ഭീകരര്‍ക്കായി പ്രദേശത്ത് സൈന്യം തെരച്ചില്‍ ശക്തമാക്കിയെന്ന് പ്രത്യേക ദൗത്യസംഘത്തലവന്‍ മേജര്‍ ജനറല്‍ ബി.എസ്. രാജു അറിയിച്ചു.
















