മെഡിക്കല്‍ പ്രവേശനത്തിന് സിബിഎസ്ഇ നടത്തിയ ദേശീയ പൊതുപ്രേവശനപരീക്ഷയില് (നീറ്റ്) ഡോക്ടറാവാന്‍ മോഹിച്ച് പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് കേരളത്തിന്റെ ക്രൈം ക്യാപ്പിറ്റലായ കണ്ണൂരില്‍ നേരിടേണ്ടിവന്ന വസ്ത്രാക്ഷേപം മഹാഭാരതത്തിലെ വസ്ത്രാക്ഷേപത്തെ അനുസ്മരിപ്പിക്കുന്നതാണ്. കണ്ണൂരിലെ ഒരു പരീക്ഷാസെന്ററിലും പയ്യന്നൂര്‍ കുഞ്ഞിംഗലത്തെ സ്വകാര്യ സ്കൂളിലുമാണ് വിദ്യാര്‍ത്ഥിനികളെ ഡ്രസ് കോഡിന്റെ പേരില്‍ പീഡിപ്പിച്ചത്.
ഒരു വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചു. ചിലരുടെ ജീന്‍സുകള്‍ ഊരിച്ചു. ഫുള്‍സ്ലീവ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയുടെ സാല്‍വാറിന്റെ ഒരു കൈ മുറിച്ചു. മുടി അഴിപ്പിച്ച് പരിശോധകരുടെ മുന്നില്‍വച്ച് വീണ്ടും കെട്ടിച്ചു. പാന്റിന്റെ ബട്ടണ്‍ പൊട്ടിച്ചു. കീശ മുറിച്ചു. ജീന്‍സ് മാറ്റി ധരിക്കാന്‍ നിര്‍ബന്ധിതരായി. ഈ വസ്ത്രാക്ഷേപം മുഴുവനും നടന്നത് യാതൊരു സ്വകാര്യതയുമില്ലാത്ത ക്ലാസ്മുറികളില്വച്ചാണ്. ഇത് ആരൊക്കെ കണ്ടുവെന്നോ ഇതുമൂലം പിന്നീടുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാകുമെന്നോ വ്യക്തമല്ല. പരീക്ഷാ നിര്‍ദ്ദേശങ്ങളില്‍ ശിരോവസ്ത്രം, ആഭരണങ്ങള്‍, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍, പാന്റ്സ്, ഷൂ എന്നിവ ധരിക്കരുതെന്ന നിബന്ധനകള്‍ ഉണ്ടായിരുന്നു. ലോഹം പാടില്ല എന്നും. പക്ഷെ ഇതിന് അടിവസ്ത്രം അഴിപ്പിക്കേണ്ടതുണ്ടോ? ബട്ടണുകള്‍ പാടില്ല എന്നി നിബന്ധനപ്രകാരം ഒന്നോ രണ്ടോ ബട്ടണുകളുള്ള വസ്ത്രങ്ങള്‍ പോലും കീറിമുറിക്കപ്പെട്ടു.
ദേഹപരിശോധനയുടെ പേരില്‍ നടന്നത് വസ്ത്രാക്ഷേപംതന്നെയായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ ബ്രാ അഴിച്ചുമാറ്റേണ്ട ഗതികേടുപോലും പെണ്‍കുട്ടികള്‍ക്ക് ഉണ്ടായി എന്നു പറയുമ്പോള്‍ അവര്‍ സഹിച്ച അപമാനത്തിന്റെ ആഴം വ്യക്തമാവുന്നുണ്ട്. ഇക്കാരണത്താല്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കടുത്ത മനുഷ്യാവകാശലംഘനമായി മാറി. സ്ത്രീപീഡനത്തിന് പേരുകേട്ട കേരളത്തില്‍ സ്ത്രീകള്‍തന്നെ പെണ്‍കുട്ടികളുടെ ആത്മാഭിമാനം കെടുത്തുന്ന സംഭവങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുവെന്നത് ഖേദകരമാണ്. കേരളത്തില്‍ ഇന്ന് മെഡിക്കല്‍ പരീക്ഷക്ക് ധാരാളം വിദ്യാര്‍ത്ഥിനികള്‍ വരുന്നത് ഡോക്ടറാകാനുള്ള അമിതാവേശംകൊണ്ടാണ്. ഒന്നാംക്ലാസിലെ പരീക്ഷായണെങ്കില്പോലും മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനെ ആരും അനുകൂലിക്കില്ല. അപ്പോള്‍ തങ്ങളുടെ ജീവിതാഭിലാഷമായ ഡോക്ടറാകാനുള്ള പരീക്ഷയില്‍ മോഹഭംഗം വന്നാല്‍ എങ്ങനെ സഹിക്കും? ഏതു പരീക്ഷക്കും ഭയങ്കര ടെന്ഷനോടെ പരീക്ഷാഹാളിലെത്തുന്ന കുട്ടികള്‍ക്ക് എഴുതുന്നതിന് തൊട്ടുമുന്‍പ് അനുഭവിക്കേണ്ടിവന്ന മാനസിക സമ്മര്‍ദ്ദം അവരുടെ പരീക്ഷ എഴുതാനുള്ള ആവേശം കെടുത്തും. ഇതായിരുന്നോ കണ്ണൂരിലെ വസ്ത്രാക്ഷേപകരുടെ ഉദ്ദേശ്യം? ഇപ്പോള്‍ ഇത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസായി എടുത്തിട്ടുണ്ട്. സിബിഎസ്ഇ ഡയറക്ടര്‍, പോലീസ് മേധാവി എന്നിവര്‍ മൂന്നാഴ്ചക്കകം വിശദീരണം നല്‍കണം. ഇൗ പരിശോധന വ്യക്തിയുടെ അവകാശത്തിന്മേലുള്ള കൈകടത്തലാണ്.
കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ അപമാനം അവരുടെ ഭാവിയില്‍തന്നെ കരിനിഴല്‍ വീഴ്ത്തിയേക്കാം. ഇന്ന് പല രംഗങ്ങളിലും പുരോഗതിയാര്‍ജിച്ച കേരളത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ മെഡിക്കല്‍ പരീക്ഷ എഴുതാന്‍ മുന്നോട്ടുവരുന്നു. അവര്‍ പരീക്ഷാ കേന്ദ്രീകൃതമായ പലതരം മാനസിക സംഘര്‍ഷങ്ങളെ നേരിടുന്നുണ്ട്. ഇവരെ പഠിച്ചതെല്ലാം മറക്കുന്ന വിധത്തിലുള്ള, അപമാനകരമായ വസ്ത്രപരിശോധനക്ക് വിധേയമാക്കിയത് കടുത്ത അപരാധംതന്നെയാണ്. എത്ര കുട്ടികളുടെ ഭാവിയായിരിക്കും ഇതുമൂലം തകര്‍ന്നത്? മാനസിക സംഘര്‍ഷത്തിന് ഇവരെ ഇരയാക്കിയവര്‍ക്ക് കടുത്ത ശിക്ഷതന്നെ നല്‍കണം. പരീക്ഷാഭയം അനുഭവിച്ച് ജയിച്ചുവന്നവര്‍ തന്നെയാണ് ഈ കൗമാരക്കാരുടെ സ്വപ്നങ്ങള്‍ ദുഃസ്വപ്നമാക്കി മാറ്റാന്‍ ശ്രമിച്ചത്! മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കുശേഷം നീറ്റ് പരീക്ഷയ്ക്കെത്തിയവര്‍ക്ക് പരീക്ഷയെക്കാള്‍ വലിയ മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവന്നശേഷം എന്തു പ്രകടനമാണ് കാഴ്ചവയ്ക്കാനാവുക? ഈ ബാച്ചില്‍നിന്ന് എത്രപേര്‍ പരീക്ഷയില്‍ ജയിക്കുമെന്ന് കണ്ടറിയണം. കൂടുതല്‍ പേര് തോറ്റു എന്നറിയുമ്പോള്‍ വസ്ത്രാക്ഷേപം നടത്തിയ മാനസികരോഗികള്‍ സന്തോഷിക്കുമായിരിക്കും. സാങ്കേതിക പുരോഗതി നേടിയ ഇക്കാലത്ത് പരീക്ഷാ ക്രമക്കേടുകള്‍ തടയാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ഏതെങ്കിലും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവാത്തവിധം പരീക്ഷാഹാളില്‍ ‘ജാമര്‍’ ഘടിപ്പിക്കാവുന്നതാണ്. ഇതിനൊന്നും മുതിരാതെ വിദ്യാര്‍ത്ഥികളെ മാനംകെടുത്തിയവരെ വെറുതെവിടാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: