കാസര്‍കോട്: മുന്‍ മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഡി.എം.കെ.മുഹമ്മദിന്റെ സസ്പെന്ഷന് പിന്‍വലിച്ച കെപിസിസിയുടെ നടപടി താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാസര്‍കോട്ടെ ബന്ധപ്പെട്ട നേതാക്കളുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞമാസം 24നാണ് ഡി.എം.കെ.മുഹമ്മദിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ തീരുമാനമാണ് നിര്‍ത്തിവെച്ചത്. ഇത് സംബന്ധിച്ച് കെപിസിസി സെക്രട്ടറി നീലകണ്ഠന്, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡി.എം.കെ.മുഹമ്മദിനെ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചന നടത്താതെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹര്‍ഷാദ് വൊര്‍ക്കാടി ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് നല്‍കിയിരുന്നു. ഹര്‍ഷാദിന് പിന്തുണയുമായി 20 ഓളം കോണ്‍ഗ്രസ് നേതാക്കളും രാജി വെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വൊര്‍ക്കാടി ഡിവിഷനില്‍ നിന്നും ഹര്‍ഷാദിനെതിരെ ഡി. എം. കെ.മുഹമ്മദ് വിമതനായി മത്സരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് ഇന്നലെ രാവിലെ കാസര്‍കോട്ട് എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹര്‍ഷദ് വോര്‍ക്കാടിയുടെ രാജിയെ തുടര്‍ന്നാണ് എ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നത്.
കെപിസിസി നിര്‍വ്വാഹക സമിതി അംഗം പി.ഗംഗാധരന് നായരുടെ നേതൃത്വത്തിലാണ് രഹസ്യ യോഗം നടന്നത്. കാസര്‍കോട് ഗസ്റ്റ് ഹൗസിലാണ് ആദ്യം യോഗം ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെ യോഗസ്ഥലം മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: