പത്തനംതിട്ട: ചരക്കുനീക്കത്തിനും ആളുകളുടെ സഞ്ചാരത്തിനും ഉപയോഗിക്കാത്ത എല്ലാ നിര്‍മാണ ഉപകരണങ്ങള്‍ക്കും യന്ത്രങ്ങള്‍ക്കും പ്രത്യേക രജിസ്ട്രേഷന് ഏര്‍പ്പെടുത്തി ഇന്‍ഷ്വറന്‍സ്, സബ്സിഡി, ബാങ്ക് വായ്പ എന്നിവ ഉറപ്പാക്കണമെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റോഡ് നിര്‍മാണ ഉപകരണങ്ങളും യന്ത്രങ്ങളും വാഹനങ്ങളെന്ന നിലയില്‍ അമിത നികുതി വാങ്ങിയാണ് മോട്ടോര്‍ വാഹനവകുപ്പ് രജിസ്ട്രേഷന് നടത്തുന്നതെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളില്‍ ചൂണ്ടിക്കാട്ടി. ഈ ഉപകരണങ്ങളും യന്ത്രങ്ങളും വാഹന രജിസ്ട്രേഷനുള്ള ടിപ്പറുകള്‍, ട്രെയിലറുകള്‍ എന്നിവയാണ് ഒരു പണി സ്ഥലത്തുനിന്നും മറ്റൊരു പണി സ്ഥലത്തേക്ക് കരാറുകാര്‍ കൊണ്ടുപോകുന്നത്. ഇതുകാരണം വാഹനനികുതി പ്രകാരം വിലയുടെ ആറു ശതമാനം വരെ നികുതി അടയ്ക്കേണ്ടിവരുന്നുണ്ട്.
അസോസിയേഷന് ഭാരവാഹികള്‍ ഗതാഗതമന്ത്രിക്കു നല്കിയ നിവേദനത്തേ തുടര്‍ന്ന് രജിസ്ട്രേഷനുള്ള കാലാവധി 31വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നിര്‍മാണ ഉപകരണങ്ങളെയും യന്ത്രങ്ങളെയും വാഹനനികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടനെ പുറപ്പെടുവിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. നിര്‍മാണ ഉപകരണങ്ങളും യന്ത്രങ്ങളും നിര്‍മാണാവശ്യത്തിനായി രാജ്യത്തെവിടെ കൊണ്ടുപോകുന്നതിനും അനുമതി ലഭിച്ചാല്‍ മാത്രമേ നിര്‍മാണ മേഖലയില്‍ ആധുനിക നിര്‍മാണരീതികള്‍ അവലംബിക്കാനാകൂ. വായ്പാതുകയുടെ ഇരട്ടിമൂല്യമുള്ള വസ്തുക്കള്‍ ഈടുനല്‍കിയാണ് ബാങ്കുകള്‍ കരാറുകാര്‍ക്ക് പ്രവര്‍ത്തനമൂലധനം നല്‍കുന്നത്. അതോടൊപ്പം പ്രവൃത്തിയുടെ പവര്‍ ഓഫ് അറ്റോര്‍ണി കൂടി ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്നും കരാറുകാര്‍ ആവശ്യപ്പെട്ടു.
ടെന്‍ഡര്‍ സമര്‍പ്പിക്കുമ്പോള്‍ തന്നെ ബില്‍തുക നല്‍കേണ്ട ബാങ്ക് അക്കൗണ്ടുകള്‍ കൂടി കരാറുകാര്‍ നല്‍കാറുണ്ട്. പവര്‍ ഓഫ് അറ്റോര്‍ണി ഇല്ലെങ്കിലും ഇതുകാരണം ബാങ്കുകള്‍ക്കു നേരിട്ടു പണം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രശ്നം പൊതുമരാമത്ത് സെക്രട്ടറി ബാങ്കേഴ്സ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് അവ്യക്തത നീക്കണം. കിഫ്ബി മുഖേന സമാഹരിക്കുന്ന ഫണ്ട് ചെറുകിട നിര്‍മാണ പ്രവൃത്തികള്‍ക്കും പ്രയോജനപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളിയും ജില്ലാ പ്രസിഡന്റ്എന്.പി.ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: