പത്തനംതിട്ട: നഗര സായാഹ്നങ്ങള്‍ സുന്ദരമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സുബലാ പാര്‍ക്ക് വികസനം ഇഴഞ്ഞു നീങ്ങുന്നു.
ജില്ലാ ഭരണകൂടത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും അനാസ്ഥയാണ് മലയോര ജില്ലയുടെ ടൂറിസം സ്വപ്നങ്ങള്‍ക്ക് പതീക്ഷയാകേണ്ട സുബലാ പാര്‍ക്ക് വികസനം അനന്തമായി നീളാന്‍ കാരണം. ജില്ലാ കളക്ടര്‍ അദ്ധ്യക്ഷയായി പട്ടികജാതി വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 20 വര്‍ഷം മുമ്പ് തുടക്കം കുറിച്ച പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. ആരും തിരുഞ്ഞുനോക്കാതായതോടെ കാടുമൂടി കിടക്കുന്ന സ്ഥലം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടൂറിസം മന്ത്രിയായിരുന്ന എ.പി. അനില്‍കുമാര്‍ 5.8 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ ജിറ്റ്പായ്ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ മാസ്റ്റര്‍ പ്ളാനും തയ്യാറാക്കി. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങി. പട്ടികജാതി സ്ത്രീകള്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തയ്യല്‍പരിശീലന കേന്ദ്രവും ഇവിടെ തുടങ്ങിയിരുന്നു. 1995 ല്‍ വത്സലകുമാരി ജില്ലാ കളക്ടറായിരുന്ന കാലത്താണ് പദ്ധതി തുടങ്ങിയത്.
സര്‍ക്കാര്‍ ആര്‍ക്കിടെക്ചറല്‍ ഏജന്‍സിയായ തിരുവനന്തപുരം ജിറ്റ്പാക് ആണ് സുബല പാര്‍ക്കിനെ കോന്നി ആനക്കൂട്, അടവി ഇക്കോടൂറിസം പദ്ധതികളുമായി ബന്ധപ്പെടുത്തി മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിയത്. വിശാലമായ ജലാശയം ഉള്‍പ്പെടെ അഞ്ച് ഏക്കര്‍ സ്ഥലമാണ് പാര്‍ക്കിനുള്ളത്. ജലാശയത്തില്‍ ബോട്ടിംഗ്, നടപ്പാത, ചില്‍റന്‍സ് പാര്‍ക്ക്, ഓഡിറ്റോറിയം, ഫുഡ് കോര്‍ട്ട്, പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, പട്ടികജാതിക്കാരുടെ തൊഴില്‍ സൗകര്യം വര്‍ദ്ധിപ്പിക്കാനുള്ള പരിശീലന കേന്ദ്രങ്ങള്‍ എന്നിവ പാര്‍ക്കില്‍ ഒരുക്കാനായിരുന്നു തീരുമാനം. 5.8 കോടി രൂപയുടെ പ്രോജക്ടാണ് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: