പത്തടിപൊക്കക്കാരന്റെ മുന്നില്‍ ചിരിയോടെ നടന്നു നീങ്ങുന്ന മാമ്പി…നെറ്റിയില്‍ ചന്ദനക്കുറി. രാഖിച്ചരടുകെട്ടിയ കൈയ്യില്‍ തോട്ടിയും കോലും. നിറചിരിയോടെ അതിലേറെ കരുതലോടെ കാളിക്ക് മുന്നില്‍ കരുത്തനായി ഒരു അഞ്ചരയടി ഉയരക്കാരന്. കാളിയുടെയും മാമ്പിയുടെയും വരവ് കണ്ടാല്‍ ആരും കൊതിയോടെ നോക്കി നിന്ന് പോകും. ആരാണിവരെന്നല്ലേ. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം ആയിരം കോടി ക്ലബ്ബിലേക്ക് കുതിച്ചുകയറുമ്പോള്‍ മലയാളക്കരയാകെ നെഞ്ചിലേറ്റിയത് ചിറയ്ക്കല്‍ കാളിദാസനെന്ന ആനയെയും സാരഥി മാമ്പി എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന ശരത്തിനെയുമാണ്. അങ്ങനെ ഗജരാജപ്രജാപതി കാളിയും ഫ്രീക്കന്‍ പാപ്പാന് മാമ്പിയും മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറുകയാണ്.
ഗ്രാഫിക്സിലൂടെയും വിഷ്വല്‍ ഇഫക്ട്സിലൂടെയും സിനിമാരംഗത്ത് പുത്തന്ചരിത്രമെഴുതിയ ബാഹുബലി രണ്ടാംഭാഗത്തിലെ ആദ്യരംഗങ്ങളിലാണ് കാളിദാസന് പ്രത്യക്ഷപ്പെടുന്നത്. ഇടഞ്ഞ് ഓടിവരുന്ന കൊമ്പനു മുന്നില്‍ നായകന്. നായകന്റെ വീര്യത്തിന് മുന്നില്‍ മുട്ടുമടക്കി നില്ക്കുമ്പോള് ബാഹുബലിയായി അഭിനയിച്ച പ്രഭാസ് ആനയുടെ തുമ്പിക്കയ്യിലും മസ്തകത്തിലും ചവിട്ടി നെഞ്ച് വിരിച്ചു നില്ക്കുന്ന കാഴ്ചയുടെ വര്‍ണ വസന്തം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സീന്‍. യുവമനസുകളിലെ നായകസങ്കല്‍പ്പത്തിന് പൂര്‍ണത നല്കിയ രംഗം സ്ക്രീനില്‍ തെളിയുമ്പോള്‍ കാളി(കാളിദാസന്) ക്കും മാമ്പിക്കും ജയ് വിളിച്ച് ആര്‍പ്പുവിളികളും ആരവങ്ങളുമായി തിയേറ്ററുകള്‍ ഇളക്കിമറിക്കുകയായിരുന്നു മലയാളി യുവത്വം. കാളിദാസന് പ്രത്യക്ഷപ്പെട്ട രംഗങ്ങളെല്ലാം നിറഞ്ഞ കയ്യടികളോടെയാണ് സദസ് ഏറ്റുവാങ്ങിയത്.
ജൂനിയര്‍ തെച്ചിക്കോടന് എന്നറിയപ്പെടുന്ന ചിറയ്ക്കല്‍ കാളിദാസന്റെ ആദ്യ പടമല്ല ബാഹുബലി. പട്ടാഭിഷേകം, പുണ്യാളന്‍സ് അഗര്‍ബത്തീസ് തുടങ്ങിയ മലയാളം പടങ്ങളിലും ഷാറൂഖ് ഖാന് നായകനായ ദില്‍സേ എന്ന ഹിന്ദി പടത്തിലും ഈ ഗജവീരന് മുഖം കാണിച്ചിട്ടുണ്ട്. തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പേറ്റുന്ന ഒറ്റപ്പാളി കൊമ്പന്റെ സിനിമാ അഭിനയം അങ്ങനെ ഭാഷയുടെയും ദേശങ്ങളുടെയും അതിര്‍വരമ്പ് താണ്ടി സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു. കര്‍ണാടകയാണ് കാളിദാസന്റെ സ്വദേശം. വനത്തില്‍ നിന്ന് വനംവകുപ്പിലേക്കും തുടര്‍ന്ന് ഒരു ആശ്രമത്തിലേക്കും എത്തിയ ആന, തൃശൂര്‍ അന്നകര സ്വദേശി ചിറയ്ക്കല്‍ മധുവിന്റെ സ്വന്തമായതോടെയാണ് ചിറയ്ക്കല്‍ കാളിദാസനായത്. തലയെടുപ്പാണ് ഉയരക്കേമനായ കാളിദാസന് ബാഹുബലിയിലേക്കുള്ള വഴി തെളിച്ചത്.
കേരളത്തിലെ പേരുകേട്ട പതിനഞ്ചോളം കൊമ്പന്മാരില് നിന്നാണ് കാളിദാസന് ബാഹുബലിയില്‍ അഭിനയിക്കാനുള്ള നറുക്ക് വീണത്. ചിറ്റിലപ്പള്ളി പഴമ്പുഴ മഹാവിഷ്ണു ക്ഷേത്ര മൈതാനത്ത് ആയിരുന്നു ഷൂട്ടിങ്. സംവിധായകന്റെ മനസ് കണ്ടറിഞ്ഞ് ആനയെ മെരുക്കിയെടുക്കുകയെന്നത് ശ്രമകരമായിരുന്നുവെന്ന് സാരഥി ശരത്ത് പറയുന്നു. മാമ്പിയുടെ സ്നേഹത്തോടെയുള്ള ആജ്ഞകള്‍ക്കു മുന്പില് അനുസരണയുള്ള കൊച്ചുകുട്ടിയായി കാളി മാറുകയായിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രം ചരിത്രത്തിന്റെ ഭാഗമായപ്പോള്‍ കാളിദാസന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് കൂടെ നിന്നത് മാമ്പിയാണ്. കാളിദാസന്റെ ഒറിജിനല്‍ നായകന്.
നാളുകളായി മലയാളികള്‍ കണ്ടുവരുന്ന പാപ്പാന് എന്നുള്ള സങ്കല്‍പ്പത്തെ മുഴുവനായി മാറ്റിമറിച്ചാണ് മാമ്പിയുടെ കടന്നു വരവ്. പൂരപ്പറമ്പുകളില്‍ മാമ്പിയോടൊപ്പമുള്ള കാളിയുടെ മാസ് എന്‍ട്രി ഒന്നു കാണേണ്ട കാഴ്ചയാണ്. സിനിമയിലെ നായക കഥാപാത്രത്തെ വെല്ലുന്ന പരിവേഷമാണ് മാമ്പിക്ക്. ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും നിറസാന്നിദ്ധ്യമായി മാറുകയാണ് ഈ കൂട്ടുകെട്ട്. ഏകദേശം സമപ്രായക്കാരാണ് ഇരുവരും.. കൃത്യമായി പറഞ്ഞാല്‍ കാളിയേക്കാള്‍ ഒരു വയസ് ഇളപ്പമാണ് മാമ്പിക്ക്. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ തോട്ടിയുമായി ആനയെ മെരുക്കാന്‍ ഇറങ്ങിയതല്ല ഈ ഇരുപത്തിയേഴുകാരന്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല നഗരസഭ ഒന്നാംവാര്‍ഡ് ചിറയ്ക്കല്‍വെളി പുരുഷോത്തമന്റെ മകന് ശരത്ത് ആനപ്രേമം മൂത്ത് പല തവണ വീട് വിട്ടുപോയിട്ടുണ്ട്. നാട്ടുകാര്‍ സ്നേഹത്തോടെ വിളിച്ച പേരാണ് മാമ്പി. മാമ്പിയുടെ ചെറുപ്പത്തിലേ അമ്മ തങ്കമ്മ മരണമടഞ്ഞു. നാട്ടിലെ ഉത്സവപ്പറമ്പുകളിലെല്ലാം ആനകളുടെ പുറകേ നടന്ന കൊച്ചു പയ്യനെ വീട്ടുകാരും നാട്ടുകാരും ഇന്നും ഓര്‍ക്കുന്നു. ഉത്സവം കാണാന്‍ പോയ മകനെ തിരക്കി ബന്ധുക്കള്‍ നാട് മുഴുവന്‍ അലയുമ്പോള്‍ മാമ്പി ഏതെങ്കിലും ആനയുടെ കൂടെ അന്യദേശങ്ങളില്‍ കറങ്ങുകയാകും.
ആനച്ചോറ് കൊലച്ചോറാണ് എന്നൊക്കെ ഉപദേശിച്ച് പയ്യനെ പിടിച്ച് കെട്ടി ബന്ധുക്കള്‍ വീട്ടില്‍ കൊണ്ടുവരും. ദിവസങ്ങള്‍ക്കകം മാമ്പി വീണ്ടും മുങ്ങും. ഒടുവില്‍ മകന്റെ ആനയോടുള്ള ഇഷ്ടത്തിന് മുന്നില്‍ പുരുഷോത്തമനും ബന്ധുക്കള്‍ക്കും വഴങ്ങേണ്ടി വന്നു. അങ്ങനെ 11-ാമത്തെ വയസില്‍ തോട്ടിയും കോലുമെടുത്ത് ആനയോടൊപ്പമായി മാമ്പിയുടെ യാത്ര. കുളമാക്കില്‍ കുട്ടിക്കൃഷ്ണന്റെ രണ്ടാം പാപ്പാനായിട്ടായിരുന്നു തുടക്കം. ഇതിനിടയില്‍ പത്താം ക്ലാസ് വരെ എങ്ങനെയൊക്കെയോ പഠിച്ചുവെന്ന് മാമ്പി പറയുന്നു. പിന്നീട് നിരവധി ആനകളുടെ സാരഥിയായി ശരത്ത് ജോലി ചെയ്തു. ചിറയ്ക്കല്‍ കാളിദാസനോടൊപ്പം കൂടിയിട്ട് നാല് വര്‍ഷം കഴിഞ്ഞു.
കാളിയും മാമ്പിയും ഒന്നിച്ചിറങ്ങുമ്പോള്‍ പൂരപ്പറമ്പുകളില്‍ ആര്‍പ്പുവിളികള്‍ ഉയരും. ഇവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും ഒന്ന് തൊടാനുമായി ആരാധകര്‍ ചുറ്റും കൂടും. ജനസഹസ്രങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും കണ്ണുകളെല്ലാം തങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്ന മാസ്മരിക ശക്തിയുണ്ട് ഇവരുടെ കൂട്ടുകെട്ടിന്. പേരെടുത്ത ആഘോഷങ്ങളിലെല്ലാം കാളിദാസന്റെ ഉയരപ്പെരുമക്ക് ആവശ്യക്കാരേറുമ്പോള്‍ മലയാളികളൊന്നടങ്കം മാമ്പിയുടെയും കാളിയുടെയും ആരാധകരായി മാറുകയാണ്. മാമ്പിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നില്ക്കുന്ന കാളിയെ കണ്ടാല്‍ ഇരുവരുടെയും ആത്മബന്ധത്തിന്റെ ആഴം കാഴ്ചകാര്‍ക്ക് മനസിലാകും. ബാഹുബലിയുടെ ഭാഗമാകുന്നതിനും മുന്നേ ഇവര്‍ക്ക് കേരളം മുഴുവന്‍ ആരാധകരുണ്ടായിരുന്നു. എന്നാല്‍ ബാഹുബലി തിയേറ്ററുകളിലെത്തി വിജയക്കൊയ്ത്ത് തുടങ്ങിയതോടെ ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വന്‍ തരംഗമായി മാറുകയാണ് മാമ്പിയും കാളിദാസനും.
ഇവര്‍ക്കായി നിരവധി പേജുകളും ഗ്രൂപ്പുകളുമാണ് നവ മാധ്യമങ്ങളില്‍ ഉള്ളത്.
ഓരോ തവണയും ആയിരങ്ങളാണ് ഇവരുടെ വീഡിയോ യൂ ട്യൂബിലൂടെ കാണുന്നതും ഷെയര്‍ ചെയ്യുന്നതും. ആരാധകര്‍ സമര്‍പ്പിക്കുന്ന വീഡിയോകള്‍ വേറെ. കേരളമാകെ ചുറ്റി സഞ്ചരിച്ച് ആരാധകരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജൈത്രയാത്ര തുടരുകയാണ് ഇരുവരും… മദപ്പാടിന്റെ കാലമായതിനാല്‍ മൂന്ന് മാസത്തേക്ക് കാളി ചിറയ്ക്കല്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഇത്തവണ പൂരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമമുണ്ടെങ്കിലും വിശ്രമം കഴിഞ്ഞ് മലയാളി മനസിനെ കീഴടക്കാന്‍ വീണ്ടും വരും കാളിയും മാമ്പിയും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: