മുംബൈ: നേട്ടങ്ങളില്‍ നിന്നു നേട്ടങ്ങളിലേക്കു കുതിക്കുകയാണ് ബാഹുബലി. ബോക്സോഫില്‍ 1000 കോടി രൂപ എന്ന അപൂര്‍വ ബഹുമതിയുമായി ബാഹുബലി: ദി കണ്ക്ലൂഷന് എന്ന രണ്ടാം ഭാഗം സര്‍വകാല കളക്ഷന്‍ റെക്കോഡിലേക്കു നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആയിരം കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ബാഹുബലി.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്ന് 800 കോടിയും വിദേശത്തു നിന്ന് 200 കോടിയും ബാഹുബലിയുടെ പെട്ടിയില്‍ വീണുകഴിഞ്ഞു. ആഗോളതലത്തില്‍ 743 കോടി രൂപ നേടി അമീര്‍ ഖാന്റെ പികെ കുറിച്ച റെക്കോഡ് ബാഹുബലി തകര്‍ത്തു കഴിഞ്ഞു.
ബാഹുബലിയുടെ ഒന്നാം ഭാഗം 650 കോടി രൂപയാണ് ബോക്സോഫിസില്‍ നേടിയത്. രണ്ടു ഭാഗങ്ങളും കൂടിച്ചേര്‍ന്നാല്‍ കളക്ഷന്‍ 1650 കോടിയായി. ഇത് 2000 കോടി കടക്കുമെന്നുറപ്പായിക്കഴിഞ്ഞു.
1000 കോടി രൂപ കളക്ഷന്‍ എല്ലാവര്ക്കും നന്ദി അറിയിച്ച് ബാഹുബലി ടീമിന്റെ ഔദ്യോഗിക ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തു. ബാഹുബലിയെ തനിക്കു സമ്മാനിച്ച സംവിധായകന് രാജമൗലിക്കും വന്‍ വിജയമാക്കി മാറ്റിയ ആരാധകര്‍ക്കും നായകന് പ്രഭാസ് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.
ബാഹുബലിയുടെ ഹിന്ദി പതിപ്പ് ഞായറാഴ്ച വരെ 300 കോടി നേടിക്കഴിഞ്ഞു. പത്തു ദിവസത്തിനിടെയാണ് ഈ നേട്ടം. ഏറ്റവും വേഗത്തില്‍ 300 കോടി നേടുന്ന ഹിന്ദി സിനിമ എന്ന ബഹുമതിയാണ് ഇപ്പോള്‍ ബാഹുബലി സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കന്‍ ബോക്സോഫിസില്‍ ദംഗലിന്റെ റെക്കോഡിനെ ബാഹുബലി മറികടന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: