കോഴഞ്ചേരി: എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ കോഴഞ്ചേരിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മികച്ച നേട്ടം. കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പത്താം വര്‍ഷത്തിലും നൂറുശതമാനം വിജയം നേടിയപ്പോള്‍ ആറന്മുള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായി ആറാം വര്‍ഷവും നൂറുമേനി വിജയിച്ചു. കോയിപ്രം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇലന്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയും നൂറു ശതമാനം വിജയം നേടി.
പഠന വിഷയത്തിലും പാഠ്യേതര വിഷയത്തിലും പത്തനംതിട്ട ജില്ലയില്‍ മുന്‍ പന്തിയിലായിരുന്നു ഇലന്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സമീപ പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അനുവദിച്ചപ്പോള്‍ കുട്ടികള്‍ അവിടേക്ക് പോയതാണ് വിദ്യാര്‍ത്ഥികളുടെ എണ്ണം ഇലന്തൂര്‍ സ്‌കൂളിന് നഷ്ടമായത്. ഈ നഷ്ടപ്രതാപം ഇപ്പോള്‍ വീണ്ടെടുത്തിരിക്കുകയാണ്. ഇവിടെ അംഗന്‍വാടിമുതല്‍ ഡിഗ്രിയും ബിഎഡും ഒരു കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഇപ്പോഴുള്ള പ്രത്യേകത.
സ്വകാര്യസ്‌കൂളുകള്‍ക്ക് നടുവില്‍ പ്രവര്‍ത്തിക്കുന്ന കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ പതിനെട്ട് പേരും വിജയിച്ചാണ് പത്താം വര്‍ഷത്തിലും മുന്‍പന്തിയിലെത്തിയത്. തികച്ചും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കളും സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെയും കുട്ടികളുമാണ് ഇവിടെ പത്താംക്ലാസ്സില്‍ പഠിച്ചിരുന്നത്. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സ്‌കൂളുകളുടെ പട്ടികയില്‍ കോഴഞ്ചേരി ഗവണ്‍മെന്റ് സ്‌കൂളും മുന്‍പന്തിയിലുണ്ട്. അദ്ധ്യാപകരുടെയും പിടിഎയുടെയും പരിശ്രമവും ജാഗ്രതയുമാണ് ഇവിടെ വിജയം നിലനിര്‍ത്താന്‍ കഴിഞ്ഞത്.
പരീക്ഷയെഴുതിയ 16 കുട്ടികളും വിജയിച്ചാണ് ആറന്മുള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികവ് തെളിയിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ വീര്‍പ്പുമുട്ടിയിരുന്ന സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെയും അധ്യാപക രക്ഷകര്‍തൃ സംഘടനയുടെയും സജീവമായ ഇടപെടലാണ് മികച്ച നിലയിലേക്കുയരുവാനായത്. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായങ്ങള്‍ക്ക് പുറമേ നാട്ടുകാരും ചേര്‍ന്നാണ് ഇവിടെ വികസനം നടപ്പിലാക്കുന്നത്. കൂടുതല്‍ കുട്ടികളെ പുതിയ വര്‍ഷത്തില്‍ പ്രവേശിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
കോയിപ്രം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ 22 കുട്ടികളും വിജയിച്ചു. തുടര്‍ച്ചയായി സര്‍ക്കാര്‍ സ്‌കൂളുകള്‍ വിജയിക്കുന്നതില്‍ മുന്‍പന്തിയിലാണ്. തടിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആകെ പരീക്ഷയെഴുതിയ 138 പേരും വിജയിച്ചു. അയിരൂര്‍ പഞ്ചായത്തില്‍ ഏറ്റവും അധികം കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയത് ഈ സ്‌കൂളിലായിരുന്നു. കോഴഞ്ചേരി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളും നൂറു ശതമാനം വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: