കോഴഞ്ചേരി: ദേശീയ ചക്കമഹോത്സവത്തിനും കാര്‍ഷിക മേളയ്ക്കും ഇന്ന് സമാപനം. സമാപന സമ്മേളനം വൈകിട്ട് നാലിന് നടക്കും. കേന്ദ്രമന്ത്രി ബംഗാരു ദത്താത്രേയ, ഒ. രാജഗോപാല്‍, കെഎസ്എഫ്ഇ ചെയര്മാന് പീലിപ്പോസ് തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആറന്മുള വിജയാനന്ദവിദ്യാപീഠം സ്കൂളില്‍ ഏപ്രില്‍ 29 ന് കേന്ദ്രമന്ത്രി കൃഷ്ണപാല്‍ ഗുജ്ജാര്‍ ഉദ്ഘാടനം ചെയ്താരംഭിച്ച ചക്കമഹോത്സവത്തില്‍ സംസ്ഥാന മന്ത്രിമാര്‍, കേരള ഗവര്‍ണര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്കാരിക ആരോഗ്യരംഗത്തെ പ്രമുഖരും മേളയിലെത്തിയത് ഇതിന്റെ പ്രശസ്തി ഇന്ത്യക്ക് പുറത്തേക്കും വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഭക്ഷ്യസുരക്ഷ പ്രശ്നങ്ങള്‍ ഏതു വിധത്തില്‍ പരിഹരിക്കാമെന്ന ചിന്തയും ആശങ്കകളും വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യത്തിന് ചക്കയുടെ ഉപയോഗം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചക്കമഹോത്സവവും ആറന്മുളയില് നടന്നത്. വിവിധ ദിവസങ്ങളിലായി നടന്ന വിജ്ഞാനപ്രദമായ സെമിനാറുകളും കലാപരിപാടികളും മാജിക് ഷോയും മേളയ്ക്ക് മാറ്റുകൂട്ടി. കുട്ടികള്‍ക്കും വിനോദത്തിനുള്ള അവസരം മേളയില്‍ ഒരുക്കിയിരുന്നു. പരിശീലന പരിപാടികള്‍, നാട്ടുകൂട്ടം, സ്ത്രീ സംഗമം, വിവിധ മത്സരങ്ങള്‍, കേരളത്തിലെ തനതു കലാപരിപാടികളായ ഭരതനാട്യം, നാടന്‍ പാട്ട്, കാക്കാരശി നാടകം തുടങ്ങിയവയോടൊപ്പം പുതുതലമുറയുടെ ഹരമായ കോമഡി ഷോ, ഗാനമേള, മാജിക് ഷോ തുടങ്ങിയവയും മേളയുടെ ഭാഗമായി. പുഷ്പ പ്രദര്‍ശനം, പാചക മത്സരം, ശ്വാന പ്രദര്‍ശനം എന്നിവയും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
ചക്ക മഹോത്സവത്തിന്റെ എട്ടാം ദിവസമായ ഇന്നലെ ശ്വാന പ്രദര്‍ശനം ശുചിത്വ ബോധവല്കരണം പരിസ്ഥിതിസൗഹൃദ വികസനം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ എന്നിവ നടന്നു. പരിസ്ഥിതിയും സുസ്ഥിര വികസവും എന്ന വിഷയത്തില്‍ രാവിലെ നടന്ന സെമിനാറില്‍ ജോസ് പാറക്കടവില്‍, പ്രഫ. തോമസ് പി തോമസ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഡിജിറ്റല്‍ ബാങ്കിങ്ങ് സംബന്ധിച്ച് നടന്ന സെമിനാറില്‍ ലീഡ് ബാങ്ക് മാനേജര്‍ വിജയകുമാരന്‍ ടി എ ഷാജഹാന് എന്നിവര്‍ ക്ലാസെടുത്തു.
തിരുവല്ല ഡിവൈഎസ്പി ആര് ചന്ദ്രശേഖരന് പിള്ള ശ്വാന പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഡോഗ് സ്ക്വാഡ് പരിശീലകന് തിലകരാജ് പരിശീലന രീതികള്‍ വിശദീകരിച്ചു. പ്രസാദ് ആനന്ദഭവന്, സി ജി പ്രദീപ് കുമാര്‍, സഞ്ജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്റ് ബെന്നാഡ്, ലാബ്ര, ജെര്മ്മന്ഷെപ്പേര്ഡ്, ഡോബര്മാന്, ലാസ്ആപ്സേ, പോമറേനി, മിനിയേച്ചര്‍ ഷിവാവ തുടങ്ങി വിവിധ ഇനത്തില്‍പ്പെട്ട ശ്വാന പ്രദര്‍ശനം നടത്തി.
മാലിന്യസംസ്കരണ ബോധവല്‍ക്കരണം ലക്ഷ്യമാക്കി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മേളയില്‍ നടത്തിയ കിറ്റി ഷോ കാണികള്‍ക്ക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന അപകടകരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കുള്ള ചൂണ്ടുപലകയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ചക്ക വിഭവങ്ങളുടെ പാചകമത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി രാജശ്രീ തിരുവനന്തപുരം, വിജയമ്മ എസ് പിള്ള ആറന്മുള, റഫീക് പാറശ്ശാല, ദേവിക പി എം കിടങ്ങന്നൂര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: