മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഗ്രേഡ്-2 ഡ്രൈവര്‍ കെ.ജി. ദിലീപ്കുമാറും നമ്മുടെ മുന്‍ ഡിജിപി (കോടതി ഉത്തരവു പ്രകാരം ഇപ്പോഴത്തെയും) ടി.പി. സെന്‍കുമാറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? വിദ്യാഭ്യാസ പരമായും ഉദ്യോഗപരമായും അത്ര വലിയ ബന്ധം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ഇവര്‍ തമ്മില്‍ ഒരു ബന്ധമുണ്ട്. ആ ബന്ധത്തില്‍ ഒരു തരത്തിലുള്ള വിള്ളലുമില്ല. ആ ബന്ധം എന്താണെന്നുവെച്ചാല്‍ ഇരുവരും സത്യസന്ധരാണ്, ആത്മാര്‍ത്ഥതയുള്ളവരാണ്, സര്‍വോപരി ദേശസ്നേഹികളും. അതുകൊണ്ടുതന്നെ ഇരുവരെയും പടിക്കുപുറത്ത് നിറുത്തുകയെന്ന താല്പര്യമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കേരളത്തിലെ മിടുക്കനായ ഒരോഫീസറെ മാറ്റിനിര്‍ത്തുന്നതിലൂടെ സര്‍ക്കാരിനും അതിനെ നിയന്ത്രിക്കുന്ന കക്ഷിക്കും സൈ്വരവും സമാധാനവും കിട്ടുമെന്നത്രേ അണിയറ സംസാരം. മറ്റെയാളെ മാറ്റിയാല്‍ കള്ളപ്പണക്കാര്‍ക്ക് കൈനിറയെ കാശും!
കതിരൂര്‍ മനോജ് കേസിലുള്‍പ്പെടെയുള്ള അന്വേഷണത്തില്‍ പാളിച്ചയൊന്നും കൂടാതെ മുന്നോട്ടുപോയതാണ് സെന്‍കുമാറിന് വിനയായതെങ്കില്‍ മൂവാറ്റുപുഴയിലെ ദിലീപ്കുമാറിന് ആത്മാര്‍ത്ഥതയാണ് പ്രശ്നമായത്. നരേന്ദ്രമോദി 2016 നവ. 8ന് രാത്രി എട്ടുമണിയോടെ വന്‍ മൂല്യമുള്ള നോട്ടുകളുടെ വിനിമയത്തിന് നിരോധമേര്‍പ്പെടുത്തിയപ്പോള്‍ വന്‍തോതിലുള്ള കള്ളപ്പണത്തിന്റെ ഒഴുക്കാണ് നിലച്ചത്. അതുവഴി രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കാന്‍ തക്കംപാര്ത്തിരുന്നവര്ക്കും കണക്കിനു കിട്ടി. എന്നാല്‍ പഴയ നോട്ടുകള്‍ മാറ്റി കള്ളപ്പണക്കാരെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഒരു സ്ഥാപനം തന്നെ മുന്നോട്ടുവന്നപ്പോള്‍ അതിനെതിരെ ചങ്കുറപ്പോടെ നിലയുറപ്പിച്ചു കെ.ജി. ദിലീപ്കുമാര് എന്ന ഡ്രൈവര്‍. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് 500ന്റെയും 1000 ന്റെയും നോട്ടുകള്‍ രാത്രിയില്‍ മാറ്റിക്കൊടുക്കുന്ന വിവരമറിഞ്ഞെത്തിയ ദിലീപ് ഞെട്ടിക്കുന്ന സംഭവഗതികള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അതൊക്കെ മൊബൈലില്‍ പകര്‍ത്തുകയും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. പോര, അതിന്റെ വിശദീകരണങ്ങള്‍ ഉള്‍പ്പെടുന്ന പരാതി കെഎസ്ആര്‍ടിസിയുടെ സിഎംഡിക്ക് അയക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്ന് വിജിലന്‍സ് കേസ്സെടുക്കുകയും നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുകയുണ്ടായി. കേസിപ്പോള്‍ കോടതിയിലാണ്.
ഏതാണ്ട് എട്ടുലക്ഷം രൂപയാണ് ഈ ഡിപ്പോയിലെ പ്രതിദിന കളക്ഷന്‍. കണ്ടക്ടര്‍മാര്‍ യാത്രക്കാരില്‍ നിന്ന് സ്വീകരിക്കുന്ന പണം കെഎസ്ആര്‍ടിസി ജീവനക്കാരുടെ സഹകരണ സംഘത്തിന് നല്കി അവിടത്തെ കള്ളപ്പണം വെളുപ്പിച്ചെടുക്കുകയായിരുന്നു. ഇതാണ് തെളിവുസഹിതം ദിലീപ്കുമാര് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതിന്റെ ആത്യന്തിക ഫലമെന്തെന്നറിയുമോ? ദിലീപിന് കേരളത്തിന്റെ വടക്കേ അറ്റത്തേക്ക്, അതായത് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം. കള്ളപ്പണത്തിന്റെ ഒത്താശക്കാര്‍ക്ക് അതേ തസ്തികയില്‍ പൂമാല. പാപ്പാത്തിച്ചോലയിലെ കള്ളക്കുരിശ് പിഴുതെറിഞ്ഞപ്പോള്‍ ഇരട്ടച്ചങ്കന്റെ ഉള്ളു പൊള്ളിയെങ്കില്‍ ഇവിടെ കള്ളപ്പണം കൈകാര്യംചെയ്യുന്നവരെ ആത്മാര്‍ത്ഥതയുള്ള ഒരുദ്യോഗസ്ഥന് ചൂണ്ടിക്കാട്ടിയപ്പോഴും പൊള്ളി. കുറ്റാന്വേഷണത്തിന്റെ കുതിപ്പില്‍ സ്വന്തം പാര്ട്ടിക്കാര് തുരുതുരാ വീണപ്പോള്‍ ഇരട്ടച്ചങ്കനും കൂട്ടരും ഞെട്ടി വിറച്ചതിന്റെ അനന്തര ഫലം സെന്‍കുമാറിന്റെ തൊപ്പി തെറിപ്പിക്കലായിരുന്നു.
പരമോന്നത കോടതി കണക്കിന് പ്രഹരിച്ചിട്ടും ഇരട്ടച്ചങ്കന് നേരം വെളുത്തിട്ടില്ല. വെളുത്ത് വരുമ്പോഴേക്കും ന്താപ്പംണ്ടായേ എന്ന ചലച്ചിത്ര ഡയലോഗ് ആവര്‍ത്തിക്കാം. ഇവിടെയൊരു കാവ്യനീതിയെക്കുറിച്ച് ഒരധികപ്രസംഗം ആവാം. കെ.ജി. ദിലീപ് കുമാറും ടി.പി. സെന്കുമാറുമാണല്ലോ ചര്‍ച്ചാവിഷയം. രണ്ടിലും കുമാറുണ്ട്; എന്നുവെച്ചാല്‍ കുട്ടികള്‍. ആ കുട്ടികളോട് കളിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും. സംശയമുണ്ടെങ്കില്‍ ഒരു ചാനല്‍ സംപ്രേഷണം ചെയ്യുന്ന കുട്ടികളോടാണോ കളി എന്ന പരിപാടി കണ്ടാല്‍ മതി. കഴിഞ്ഞ തവണ പ്രിയപ്പെട്ട സെന്‍കുമാറിന് നാം സല്യൂട്ട് നല്‍കിയിട്ടുണ്ട്. ഇത്തവണ അത്തരമൊരു സല്യൂട്ട് ആദര്‍ശവാദിയായ നമ്മുടെ ദിലീപ്കുമാറിനാവട്ടെ. ഇത്തരം ഉദ്യോഗസ്ഥര്‍ ഏതു സ്ഥാപനത്തിന്റെയും മുതല്‍ക്കൂട്ടാണ്. അതറിയാതെ പോകുന്നവര്‍ക്ക് കാലം മറുപടി നല്കട്ടെ.
***** ***** *****
മൂന്നാര്‍, മൂന്നാര്‍ എന്നു കേള്‍ക്കുമ്പോള്‍ ആരാ ഞെട്ടുന്നത്. മൂന്ന് ആറ് സ്വന്തം ആറാക്കാന്‍ മുന്നിട്ടിറങ്ങിയവര്‍. അത് മണിയാവാം, ലംബോദരനാവാം, രാജേന്ദ്രനാവാം, ആരുമാവാം. സബ്കലക്ടറും ജില്ലാ കലക്ടറും പൊതുമുതല്‍ കയ്യേറുന്നത് നോക്കി നില്‍ക്കണമെന്ന് ഒരു ചട്ടത്തിലും പറയുന്നില്ല. സര്‍ക്കാര്‍ ഭൂമി, അതായത് പൊതുസ്വത്ത് പൊതുജനങ്ങളുടെതാണ്. അത് സ്വന്തം സ്വത്താക്കാന്‍ നടത്തുന്ന ശ്രമങ്ങളെ നിയമത്തിന്റെ പിന്‍ബലത്തില്‍ ഒഴിപ്പിക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ ജോലി. ആ ജോലി സ്തുത്യര്‍ഹമായി ചെയ്താല്‍ സംഭവിക്കുക എന്താണെന്നുവെച്ചാല്‍, ഇടത്, വലത് കക്ഷി നേതാക്കളുടെ തനിനിറം പുറത്തുവരും. അതിനുള്ള മറുമരുന്നെന്താ ? ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യല്‍.
ഇടുക്കിയെ ഉള്ളംകൈയിലിട്ട് അമ്മാനമാടുന്ന മണി പ്രധാനമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ വായില്‍ തോന്നിയത് പറഞ്ഞത് സംഗതി അട്ടിമറിക്കാനാണ്. സ്വന്തക്കാരനും ബന്ധക്കാരനും കൈയേറിയ ഭൂമി അന്വേഷണത്തില്‍ പുറത്തുവന്നാല്‍ ഈ കുപ്പായമിട്ട് നടക്കാന്‍ പറ്റുമോ? അന്വേഷണം വഴി തെറ്റിക്കാന്‍ പെമ്പിളൈ ഒരുമൈയേയും മണി വലിച്ചിഴച്ചു. സ്ഥിതിയോ ? വിവാദത്തിന്റെ പിന്നാലെ ഓട്ടമായി. താന്‍ സ്ത്രീകള്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ലെന്നും പത്രക്കാര്‍ക്കെതിരെയാണ് പരാമര്‍ശം നടത്തിയതെന്നും മണി വശദീകരിച്ചു. അതു കേട്ട കോടതി പറഞ്ഞു: പത്രക്കാരും മനുഷ്യരാണ്, പൗരാവകാശങ്ങള്‍ അവര്‍ക്കുമുണ്ട്. പണ്ട് തിര്വന്തോരത്ത് ആറാട്ട് ഘോഷയാത്രക്ക് കണ്ണേറുകിട്ടാതിരിക്കാന്‍ മുമ്പില്‍ ഒരു സംഘത്തെ നടത്തിക്കുമായിരുന്നുവത്രെ. ആറാട്ടുമുണ്ടന്മാര് എന്നാണവരെ വിളിച്ചിരുന്നത്. നമ്മുടെ വേലിക്കകത്തെ വിദ്വാന് അന്തോണിച്ചനെ ഇങ്ങനെ വിശേഷിപ്പിച്ച് വെള്ളം കുടിച്ചത് ഓര്‍മയില്ലേ? അതേപോലെ ഈ സര്‍ക്കാരിന് കണ്ണേറുകിട്ടാതിരിക്കാനുള്ള സംഘത്തിലെ ഒരു ടിയാനാണ് നമ്മുടെ മണി. നാട്ടുമ്പുറത്ത് പച്ചക്കറികൃഷി നടത്തുമ്പോള്‍ അവിടെയും കണ്ണേറ് കിട്ടാതിരിക്കാന്‍ ചില രൂപങ്ങള്‍ വെക്കാറുണ്ടല്ലോ. അങ്ങനെയൊക്കെ കരുതിക്കോളിന്‍.
മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കള്ളപ്പണ നാടകം വെളിച്ചത്തുകൊണ്ടുവന്ന ദിലീപ് കുമാറിന് സര്‍ക്കാര്‍ കൊടുത്ത സമ്മാനം നാം നേരത്തെ അറിഞ്ഞതാണല്ലോ. അതേപോലെ കുരിശുകൃഷി തടഞ്ഞ ശ്രീറാമിനും സംഘത്തിനുമുള്ള സമ്മാനത്തെക്കുറിച്ച് പൊളിറ്റ് ബ്യൂറോ തല ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. താമസംവിനാ നമുക്കതറിയാന്‍ കഴിയും. ഒരു കാര്യം വിട്ടു. മണിയാശാന്റെ ക്ലാസിക് പ്രസംഗം കലാകൗമുദി (മെയ് 07) യില്‍ വായിക്കാം. തലക്കെട്ട് ഇങ്ങനെ: മനസ്സിലായില്ലേ, നേരെ ചൊവ്വിന് പോവൂല്ല! ഇനി അധികവായന താല്‍പ്പര്യപ്പെടുന്നവര്‍ക്ക് കേരള ശബ്ദ (മെയ് 14)ത്തിലെ കയ്യേറ്റ ഭൂമിയിലെ കുരിശുവിവാദം, മാധ്യമം ആഴ്ചപ്പതിപ്പിലെ(മെയ് 08) മണിയില്‍ നിന്നല്ല, പൊമ്പിളൈ ഒരുമൈയില്‍ നിന്നാണ് പഠിക്കേണ്ടത് എന്നിവ നോക്കാം. തങ്ങളുടെ ഭാവനാ മണ്ഡലത്തിന് പുറത്ത് സമരം ചെയ്യുന്നവരെ അധിക്ഷേപിക്കാനും അവരെ ഒറ്റപ്പെടുത്തി അപമാനിക്കാനും സമരക്കാരെ മാവോവാദികളെന്നും സാമ്രാജ്യത്വ ഏജന്റുമാരെന്നും വിദേശ ശക്തികളുടെ പണം കൈപ്പറ്റുന്നവര്‍ എന്നും മറ്റും വിളിക്കാനാണ് എന്നും സിപിഎം തുനിഞ്ഞിട്ടുള്ളത്.
ചെങ്ങറ രാത്രി സമരത്തിലടക്കം ഇടതു പക്ഷം ഈ തന്ത്രം പയറ്റിയിട്ടുണ്ട്. ദലിതരും ആദിവാസികളുമുള്പ്പെടെയുള്ള കീഴാളരുടെ സമരത്തിലും മത്സ്യത്തൊഴിലാളികളുടെ സമരത്തിലും എല്ലാം ഇടതുപക്ഷ ഭാവുകത്വം പ്രവര്‍ത്തിച്ചത് ഇതേ രീതിയിലാണ്. രേഖാ രാജ് എഴുതിയ ലേഖനത്തില്‍ (മാധ്യമം) ഇതിന്റെ സൂക്ഷ്മതലം ഗഹനമായിതന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൂന്നാര്‍ കയ്യേറ്റം വിടുക. സ്വന്തം വകുപ്പിന്റെ സ്ഥലം കയ്യേറിയതിനെക്കുറിച്ച് വ്യക്തമായി റിപ്പോര്‍ട്ട് കിട്ടിയിട്ടും മന്ത്രി മണിയെന്തു ചെയ്തു എന്നറിയണമെങ്കില്‍ മലയാളം വാരിക (മെയ് 01) യിലെ മണിയാശാന് അറിയുമോ, വൈദ്യുതി ബോര്‍ഡ് കണ്ടെത്തിയ 56 കയ്യേറ്റക്കാരെ ? വായിച്ചാല്‍ മതി. ഇനി മന്ത്രി മണിയുടെ കോലാഹലത്തില്പ്പെട്ട് കോലംകെട്ട മന്ത്രിസഭയെ രക്ഷിക്കാന്‍ ഇതാ പാലായുടെ മാണിക്യമെന്ന് ചിലര്‍ പറയുന്ന മാണിസ്സാറ് വന്നിരിക്കുന്നു. സാറിനെ എങ്ങനെയാണ് ഇരട്ടച്ചങ്കനും കൂട്ടരും എതിരേല്‍ക്കുന്നതെന്ന് മാതൃഭൂമിയിലെ ഗോപീകൃഷ്ണന് കാണിച്ചുതരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: