പാലക്കാട്: കൊക്കകോള കമ്പനിയുടെ വിനാശകരമായ പ്രവര്‍ത്തനം മൂലം ജീവിതം തകര്‍ന്നു പോയ പ്ലാച്ചിമട ജനതയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള സമഗ്ര പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രമുഖ ഗാന്ധിയന്‍ ഡോ.എം.പി. മത്തായി അഭിപ്രായപ്പെട്ടു.
സാധാരണക്കാരായ മനുഷ്യര്‍ ഉപയോഗിക്കുന്ന ജലമടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ ഭീകരമായി മലിനമാക്കുന്നതിലൂടെ പ്രദേശ വാസികള്‍ മാരകമായ രോഗങ്ങള്‍ക്ക് അടിമകളാവുകയാണെന്നും, അതിന്റെ കൂടി കച്ചവട സാധ്യതകള്‍ കോര്‍പ്പറേറ്റുകള്‍ മുതലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സര്‍വ്വോദയ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പാലക്കാട് കളക്ട്രേറ്റിനു മുന്നില്‍ നടക്കുന്ന സത്യാഗ്രഹവും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍വ്വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് പുതുശ്ശേരി ശ്രീനിവാസന് അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യ സമര സേനാനി അമ്പലപ്പാറ നാരായണന് ജി മുഖ്യ പ്രഭാഷണം നടത്തി.മുന്‍ മന്ത്രി വി.സി.കബീര്‍, ജില്ലാ സെക്രട്ടറി എസ്.വിശ്വകുമാരന്‍ നായര്‍, പ്ലാച്ചിമട സമര സമിതി ചെയര്മാന് വിളയോടി വേണുഗോപാലന്‍, ജനറല്‍ കണ്‍വീനര്‍ എ. ശക്തിവേല്‍, പ്ലാച്ചിമട കന്നിയമ്മ, മുണ്ടൂര്‍ രാമകൃഷ്ണന് തുടങ്ങിയവര്‍
സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: