തൃശൂര്‍: പാവറട്ടി സെന്റ് ജോസഫ് പളളി തിരുനാളിനോടനുബന്ധിച്ച് മെയ് 5, 6, 7 തീയതി വെടിക്കെട്ട് പൊതു പ്രദര്‍ശനങ്ങള്‍ നടത്തുന്നത് പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്‌ക്കും ഭീഷണിയുളളതിനാല്‍ വെടിക്കെട്ട് ലൈസന്‍സിനുളള അപേക്ഷ നിരസിച്ചതായി ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു.ഇതില്‍ പ്രതിഷേധിച്ച് സംയുക്ത വെടിക്കെട്ട് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കൂട്ട ഉപവാസവും തുടര്‍ന്ന് നിരാഹാര സമരവും നടത്തും.
അനധികൃത വെടിക്കെട്ട് നടക്കാതിരിക്കുവാന്‍ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതാണ്. വെടിക്കെട്ടു നടത്തുന്നതിന് ഉദ്ദേശിച്ച സ്ഥലത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 17 വീടുകള്‍, കോണ്‍വെന്റ്,സ്‌ക്കൂളുകള്‍, ഓഡിറ്റോറിയം, മറ്റു സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുവെന്ന് ചാവക്കാട് തഹസില്‍ദാര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
കൂടാതെ എല്ലാ താമസക്കാരുടെയും സമ്മതപത്രങ്ങള്‍ ലഭിച്ചിട്ടില്ല. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നതിന് താല്‍കാലിക ഷെഡ് നിര്‍മ്മിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ചട്ടപ്രകാരം ലൈസന്‍സോടുകൂടിയ മാഗസിനുകള്‍ ആവശ്യമാണ്. സമീപത്ത് പളളിയില്‍ വെടിവഴിപാടിനു കരിമരുന്നു സൂക്ഷിക്കുന്നുണ്ട്.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലപരിശോധന നടത്തി സ്‌കെച്ചു പ്രകാരമുളള സ്ഥലത്ത് വെടിക്കെട്ട് നടത്തുന്നതിന് സാദ്ധ്യമാണോ എന്ന് പുന:പരിശോധന നടത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതനുസരിച്ച് തൃശൂര്‍ ജില്ല പോലീസ് മേധാവി (സിറ്റി) റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. വെടിക്കെട്ട് നടത്തുന്ന പരിസരം ജനം തിങ്ങിപ്പാര്‍ക്കുന്നതും പല തരത്തിലുളള സ്ഥാപനങ്ങള്‍ ഉള്‍ക്കൊളളുന്നതുമാണ്.
വെടിക്കെട്ട് സ്ഥലത്തു നിന്നും സുരക്ഷിതമായി ജനങ്ങളെ മാറ്റി നിര്‍ത്തുന്നതിനുളള സൗകര്യങ്ങള്‍ ഇല്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ ജനത്തെ ഒഴിപ്പിക്കുന്നതിനോ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിര്‍ത്തുന്നതിനോ സൗകര്യമോ സ്ഥലമോ പളളി പരിസരത്ത് ഇല്ലെന്നും വെടിക്കെട്ടിന് അനുമതി നല്‍കേണ്ടതില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: