കാസര്‍കോട്: ജില്ലയില്‍ കുടിവെളളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പിന് പുറമെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും കുടിവെളള വിതരണം നടത്താന്‍ വരള്‍ച്ച അവലോകന യോഗത്തില്‍ തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു.
കുടിവെളള വിതരണം കാര്യക്ഷമമാക്കാന്‍ ജില്ലയില്‍ സ്ഥാപിച്ച മുഴുവന്‍ കിയോസ്കുകളിലും റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കുടിവെളളം ഉറപ്പു വരുത്തും. കിയോസ്കുകളില്‍ വെളളം തീരുന്നതിനനുസരിച്ച് കുടിവെളളം ലഭ്യമാക്കും. ഇതിനായി ജിപിഎസ് ഘടിപ്പിച്ച കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഭരണസമിതിയുടെ തീരുമാനത്തിന് വിധേയമായി പഞ്ചായത്തുകളിലും നഗരസഭകളിലും കുടിവെളളം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളില്‍ കുടിവെളളം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാത്ത വാഹനത്തിലും കുടിവെളളം ലഭ്യമാക്കും. തുടര്‍ന്ന് ഈ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കേണ്ടതാണ്.
കുടിവെളളം ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. ചില പ്രദേശങ്ങളില്‍ ദുരുപയോഗം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ അഞ്ച് കുളങ്ങള്‍ വീതം വൃത്തിയാക്കാനും ഉപയോഗയോഗ്യമാക്കാനും തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും എട്ട് കിയോസ്കുകള്‍ വീതമാണ് അനുവദിച്ചിട്ടുളളത്. ജി പി എസ് ഘടിപ്പിക്കുന്നതിന് ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടിതല്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ പ്രത്യേകം പരിഗണിച്ച് കാലവര്‍ഷത്തില്‍ വാട്ടര്‍ റീച്ചാര്‍ജ് ചെയ്യുന്നതിനും മഴവെളള സംഭരണത്തിനുമുളള പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്തുകള്‍ ഈ പ്രവര്‍ത്തനത്തിന് മുന്‍കൈ എടുക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
ജല അതോറിറ്റിയുടെ ജലസംഭരണ സംവിധാനങ്ങളില്‍ നിന്നും അംഗീകൃത ശുദ്ധജല സ്രോതസ്സുകളില്‍ നിന്നും മാത്രം തദ്ദേശഭരണ സ്ഥാപനങ്ങള്‍ കുടിവെളള വിതരണത്തിന് പ്രയോജനപ്പെടുത്തേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു. ഉപ്പുവെളളം വിതരണം ചെയ്യുന്നതായി പരാതിയുളള കാസര്‍കോട് നഗരസഭയില്‍ എട്ട് വാഹനങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്തു.
യോഗത്തില്‍ എ ഡി എം കെ.അംബുജാക്ഷന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എല്‍.സുരേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.വിനോദ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എച്ച് ദിനേശന്, എന്‍.ദേവിദാസ്, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്, വാട്ടര്‍ അതോറിറ്റി എക്സി. എഞ്ചിനീയര്‍ വത്സന്, തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: