സിറിയയിലും ഇറാഖിലും ഐഎസ് ഇനി വേരുറപ്പിക്കില്ല എന്ന് നിസംശയം പറയാം. ഇറാഖിലെയും സിറിയയിലേയും ശക്തി കേന്ദ്രങ്ങളെല്ലാം സൈന്യം വീണ്ടെടുത്തിരിക്കുകയാണ്. ഇറാഖിലെ മൊസൂളിൽ സൈന്യം ഭീകരർക്കെതിരെ ആഞ്ഞടിക്കുമ്പോൾ സിറിയയിലെ തബാഖ് നഗരത്തിൽ കുർദിഷ് സിറിയൻ ഡെമോക്രാട്ടിക് സഖ്യം അവസാനത്തെ ഐഎസ് ഭീകരനേയും ഉൻമൂലനം ചെയ്തിരിക്കുകയാണ്.
അനുദിനം ഭീകരരെ തുരത്തിക്കൊണ്ട് ഇരു സേനകളും കൂടുതൽ പ്രത്യാശയിലാണ്. മനുഷ്യ കവചം രൂപികരിച്ച് സൈന്യത്തെ തടയാൻ പറ്റുമെന്ന ഭീകരരുടെ ഒടുവിലത്തെ ആഗ്രഹവും ഇനി വിലപ്പോകില്ല, കാരണം സൈന്യം അത്രമാത്രം ഐഎസിനെ ഇരു രാജ്യങ്ങളിലും അമർച്ച ചെയ്തിരിക്കുകയാണ്. തബാഖിലെ ഒടുവിലത്തെ സ്നൈപ്പറേയും തങ്ങൾ വധിച്ചു എന്ന സൈനിക കമാൻഡൻഡിന്റെ വാക്കുകൾ ഇതിന് ഉത്തമ ഉദാഹരണമാണ്.
സിറിയയുടെ വടക്കൻ പ്രവിശ്യയായ തബാഖിൽ കുർദിഷ് സിറിയൻ ഡെമോക്രാട്ടിക് സഖ്യം മികച്ച പോരാട്ടമാണ് കാഴ്ചവയ്‌ക്കുന്നത്. നഗരത്തിന്റെ തൊണ്ണൂറ് ശതമാനവും സഖ്യം പിടിച്ചെടുത്തു. ഇപ്പോൾ തബാഖിന്റെ വടക്കൻ പ്രദേശങ്ങളായ വഹാദ്, തബാഖ് തടാകത്തിന്റെ പ്രദേശങ്ങളിൽ മാത്രമാണ് ഐഎസ് അവശേഷിക്കുന്നത്. ഇവരെ എത്രയും പെട്ടന്ന് കീഴടക്കാൻ സാധിക്കുമെന്നാണ് സഖ്യം പ്രതീക്ഷിക്കുന്നത്.എന്നാൽ സമീപ പ്രദേശമായ അബാദ് നഗരത്തിൽ നിന്നും ചില പ്രത്യാക്രമണങ്ങൾ ഐഎസ് ഭീകരർ നടത്തുന്നുണ്ട്.
ഇറാഖിലും ഐഎസിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. മൊസൂളിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ പൂർണമായും സൈന്യം കീഴടക്കിയിട്ടുണ്ട്. ഇറാഖി സേനയുടെ ഒൻപതാമത്തെ ഡിവിഷനാണ് ഇപ്പോൾ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പോരാട്ടം നടത്തുന്നത്. ഇറാഖി സേനയ്‌ക്ക് പിന്തുണയുമായി യുഎസ് വ്യോമാക്രമണവും നടത്തുന്നുണ്ട്. പടിഞ്ഞാറൻ മൊസൂളിലെ 70 ശതമാനം പ്രദേശവും പിടിച്ചെടുത്തുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്.
ഇരു രാജ്യങ്ങളിലേയും പ്രധാന ഐഎസ് ശക്തി കേന്ദ്രങ്ങളിൽ സൈന്യം കടന്നു കയറുന്നത് ഐഎസ് ഭീകരർക്കിടയിൽ കടുത്ത ആശങ്കയാണ് ഉണർത്തിയിരിക്കുന്നത്. ഇതിനു പുറമെ വിദേശ ഭീകരർ സംഘടന ഉപേക്ഷിച്ച് പോകുന്നതും ഐഎസിനെ പരാജയ ഭീതിയിലേക്ക് തള്ളിയിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: