പണിയെടുക്കാതെ ശമ്പളം വാങ്ങി സുഖിച്ചിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എംഡി.എംജി.രാജമാണിക്യത്തിന്റെ പണി.ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം പിന്‍വലിച്ച് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ചമുതല്‍ മെക്കാനിക്കല്‍ വിഭാഗം തൊഴിലാളികള്‍ സമരം നടത്തിയിരുന്നു.ഈ സമരമാണ് മാതൃകാപരമായും നീതിയുക്തമായും രാജമാണിക്യം പൊളിച്ചടുക്കിയത്.കെഎസ്ആര്‍ടിസിയുടെ നട്ടെല്ലൊടിക്കുന്നതാണ് ഡബിള്‍ ഡ്യൂട്ടി സംവിധാനം.
വൈകിട്ടു നാലുമണിക്കു കയറി രാവിലെ എട്ടിനു അവസാനിക്കുന്നതാണ് ഈ ഡ്യൂട്ടി.എന്നാല്‍ ബസുകള്‍ ഓട്ടം അവസാനിപ്പിച്ച് അറ്റകുറ്റപ്പണിക്കെത്തുന്നതാകട്ടെ രാത്രി എട്ടോടേയും.നാലുമണിക്കു കയറുന്ന ജീവനക്കാര്‍ വെറുതെ സൊറ പറഞ്ഞിരുന്നു സമയം കളയും.ഇങ്ങനെ പലവിധേനെ സ്ഥാപനത്തെ നഷ്ടത്തിലേക്കും തകര്‍ച്ചയിലേക്കും നയിക്കുന്ന പല ആനുകൂല്യങ്ങളുമാണ് ഉണ്ടായിരുന്നത്.ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം പിന്‍വലിക്കാനുള്ള രാജമാണിക്യത്തിന്റെ തീരുമാനമാണ് ജീവനക്കാരെ ചൊടിപ്പിച്ചതും സമരത്തിനു വഴിതെളിച്ചതും. സമരം തുടരുന്നവരെ നേരിടാന്‍ കര്‍ശന നടപടികളാണ് രാജമാണിക്യം കൈക്കൊണ്ടത്.
ടാറ്റാ,അശോക് ലൈലാന്റ് എന്നിവയുടെ സര്‍വീസ് സെന്ററുകളിലെ ജീവനക്കാരെ ഉപയോഗിച്ച് വണ്ടികളുടെ അറ്റകുറ്റപ്പണി നടത്താനാണ് രാജമാണിക്യം ശ്രമിച്ചത്.അനുബന്ധമായി ഇതു നടത്താനും മറ്റും സര്‍ക്കാര്‍ തലത്തിലുള്ള നടപടികളും ചെയ്തു ഇതോടെ ജീവനക്കാര്‍ മുട്ടു മടക്കി. ഇത്തരം രാജമാണിക്യന്മാരുണ്ടെങ്കില് ശമ്പളം വാങ്ങാന്‍ പണിയെടുക്കണമെന്നു പഠിക്കുന്നവരുമുണ്ടാകും.
തൊഴിലാളികള്‍ പണിയെടുക്കാതെ സൊറ പറഞ്ഞും ഉറങ്ങിയും മെല്ലേപ്പോക്കു നടത്തിയും ശമ്പളവും കിമ്പളവും സര്‍വ ആനുകൂല്യങ്ങളും പറ്റി സമരം ചെയ്ത് നൂറുകണക്കിനു സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് കേരളത്തില്‍ പൂട്ടിപ്പോയത്.മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇതു കണ്ടില്ലെന്നു നടിച്ചു.നഷ്ടം വരുന്തോറും ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടാതിരിക്കാന്‍ കടലില്‍ കായം കലക്കും പോലെ പിന്നേയും പിന്നേയും കോടികള്‍ ഒഴുക്കി പൊതുജന ഖജനാവ് കുളം തോണ്ടുകയായിരുന്നു.ട്രേഡ് യൂണിയന് നേതാക്കളാകട്ടെ തൊഴിലാളികള്‍ എതിരാകും എന്നുകരുതി ഒരിക്കലും കടമയെക്കുറിച്ചു പറയാതെ അവകാശങ്ങളെക്കുറിച്ചുമാത്രം നിരന്തരം ഓര്‍മിപ്പിച്ച് പണിയെടുക്കാത്ത തൊഴിലാളികളെപ്പോലും പ്രോത്സാഹിപ്പിച്ച് പൊതുഖജനാവ് കൊള്ളയടിക്കാനാണ് കൂട്ടുനിന്നത്.
പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന പൊതുജന വിരുദ്ധമായ കൊള്ളക്കൂട്ടങ്ങളുടേതാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളെന്നാണ് പൊതുജനം വിശ്വസിക്കുന്നത്.ജോലി ചെയ്യാതെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുന്ന സംഘടിതരായ സര്‍ക്കാര്‍ ജീവനക്കാരും എല്ലുനുറുങ്ങെ പണിചെയ്ത് കഷ്ടപ്പാടുമാത്രം സമ്പാദ്യമായ അസംഘടിത തൊഴിലാളികളും എന്നിങ്ങനെ രണ്ടു തരം പൗരന്മാര് ഇവിടെയുണ്ടെന്ന തരത്തിലായി കാര്യങ്ങള്‍..തൊഴിലാളി പ്രശ്നങ്ങള്‍കൊണ്ട് പൂട്ടിപ്പോകുകയും പൂട്ടാന്‍ തുടങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങളെയെല്ലാം പൊതുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിച്ച് മാനേജ്മെന്റിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് പതിവ്.
ആത്മാര്‍ഥമായും സത്യസന്ധമായും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുണ്ട്.
അത്തരക്കാര്‍ ഒരു ന്യൂനപക്ഷം ആണെന്നുമാത്രം.പക്ഷേ അവരെ അതിനു സമ്മതിക്കില്ല ഈ പണിയെടുക്കാത്ത തൊഴിലാളികള്‍. നിലനില്‍പ്പിനുവേണ്ടി അങ്ങനെ അവരും ക്രമേണെ പണിയെടുക്കാത്തവരായി മാറുന്നു.പതിറ്റാണ്ടുകളായി കെ.എസ്.ആര്.ടി.സി നഷ്ടത്തിലാണ്.ഇങ്ങനെ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ വേറെയുമുണ്ട്.ഒന്നുകില്‍ ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടുക. അല്ലെങ്കില്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുക.പണിയെടുക്കാതെ ശമ്പളം വാങ്ങാനും അവര്‍ക്ക് ജീവിതം ആഘോഷിക്കാനും പൊതുജനം എന്തിനു സഹിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: