തൃശൂര്‍: മഞ്ഞും മഴയും വെയിലുമേല്‍ക്കാതെ പൂരങ്ങളുടെ പൂരത്തിനെത്തുന്ന ഗുരുസ്ഥാനീയനായ കണിമംഗലം ശാസ്താവിന്റെ പൂരപ്പുലരിയിലെ പാണ്ടിമേളത്തിന് യുവമേളകലാകാരന്‍ കൊടകര ഉണ്ണിയാണ് ഇക്കുറി അമരക്കാരനാകുന്നത്.
പൂരനാളില്‍ പുലര്‍ച്ചെ 5 മണിയോടെ കണിമംഗലംശാസ്താവ് എഴുന്നള്ളി കൊളശ്ശേരി ക്ഷേത്രത്തിലെത്തി അവിടെനിന്നും 7 മണിയോടെ മണികണ്ഠനാലിലെത്തി തെക്കേഗോപുരം കടന്ന് ഇലഞ്ഞിത്തറയിലെത്തും.
കഴിഞ്ഞ 28 വര്‍ഷമായി പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തില്‍ പങ്കെടുക്കുന്ന കലാകാരനാണ് ഉണ്ണി. തൃശൂരിലേയും പരിസരങ്ങളിലേയും ഒട്ടനവധിമേളങ്ങളുടെ ചുമതലക്കാരനായ ഈ കലാകാരന്‍ കൊടകര പൂനിലാര്‍ക്കാവ്, നന്തിപുലം കുമരഞ്ചിറ, പുതുക്കാട് കുറുമാലിക്കാവ് തുടങ്ങി ധാരാളം ക്ഷേത്രങ്ങളില്‍ മേളപ്രമാണിയുമായിട്ടുണ്ട്. വിദേശരാജ്യങ്ങളിലുള്ളവര്‍ക്കുപോലും ഓണ്‍ലൈന്‍ആയി പഞ്ചാരിമേളപരിശീലനം നല്‍കിവരുന്ന ഉണ്ണിക്ക് ആയിരത്തിമുന്നൂറിലധികം ശിഷ്യരുണ്ട്. പൂരനാളില്‍ ഉച്ചക്ക് 2ന് നടക്കുന്ന പ്രസിദ്ധമായ പാറമേക്കാവിന്റെ ഇലഞ്ഞിത്തറയിലെ പെരുവനത്തിന്റെ മേളപ്പെരുക്കത്തിനുമുന്നോടിയായാണ് കണിമംഗലത്തിന്റെ പാണ്ടിമേളം ഇതേസ്ഥാനത്ത് അരങ്ങേറുക.
















