ചന്ദ്രന് പണ്ടേ പ്രശ്‌നക്കാരനാണ്. എന്നാല്‍ പലപ്പോഴും ബ്രഹ്മദേവന്‍ വിഷയം ഒതുക്കിത്തീര്‍ക്കുകയാണ് പതിവ്. ബൃഹസ്പതിയുടെ ആശ്രമത്തില്‍ ആദ്യ വിദ്യ അഭ്യസിക്കാന്‍ പോയിരുന്ന കാലം ബ്രഹ്മചര്യവ്രതത്തോടെ ശിഷ്യധര്‍മം പരിപാലിച്ചു കഴിയേണ്ട അക്കാലത്താണ് ബൃഹസ്പതിയുടെ ഭാര്യയില്‍ ചന്ദ്രന് ഒരു കണ്ണു ചെന്നത്. കാര്യം ചര്‍ച്ചാവിഷയമായപ്പോഴേക്കും ആര്‍ക്കും ഒഴിഞ്ഞുമാറാനാവാത്ത അവസ്ഥയായി. ദേവഗുരു ബൃഹസ്പതി ഒരു പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ ദേവരാജന്‍ ഇന്ദ്രന് ഒഴിഞ്ഞുമാറാനായില്ല. ബൃഹസ്പതിയെ സഹായിക്കാന്‍ ദേവസൈന്യം മുഴുവന്‍ ഉണ്ടാകുമെന്ന് ഇന്ദ്രന്‍ ഗുരുവിന് വാക്കുകൊടുത്തു.
ദേവസൈന്യം തനിക്കെതിരാകുമെന്ന് തിരിച്ചറിഞ്ഞ ചന്ദ്രന്‍ ശുക്രാചാര്യരുടെ അടുത്ത് അഭയം തേടി. ശത്രുവിന്റെ ശത്രു മിത്രം എന്നതുമാത്രമായിരുന്നു ചന്ദ്രന്റെ ന്യായം. ഇതേ ന്യായം തന്നെയാണ് ശുക്രാചാര്യരും ചിന്തിച്ചത്. വിശ്വസിക്കാന്‍ കൊള്ളാത്തവനാണെങ്കിലും അഭയംതേടിയെത്തിയ ചന്ദ്രനെ ശുക്രാചാര്യര്‍ സ്വീകരിച്ചു. അസുരസൈന്യത്തിന്റെ സഹായവും വാഗ്ദാനം ചെയ്തു. ഒരു ദേവാസുരയുദ്ധത്തിന് കളമൊരുങ്ങിയെങ്കിലും ബ്രഹ്മാവും ശ്രീപരമേശ്വരനും ഇടപെട്ടതോടെ ഇരുകൂട്ടരും ഒതുങ്ങി.
ബൃഹസ്പത്യാശ്രമത്തിലെ എല്ലാവിധ പരിരക്ഷകളോടും കൂടിത്തന്നെ ചന്ദ്രന്റെ മകന്‍ ബുധന്‍ ജന്മമെടുത്തു. അച്ഛന്റെ വഴിപിഴച്ച ജീവിതത്തില്‍ നിന്ന് ജന്മമെടുത്തവനെന്ന അറിവ് കരസ്ഥമാക്കിയ ബുധന്‍ അന്നു മുതല്‍ തന്നെ ചന്ദ്രനെ ശത്രുവായിക്കണ്ടു.
ബുധന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ ബൃഹസ്പതി ആശ്രമത്തിലെ ശിക്ഷണങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ജന്മഗൃഹം-ബൃഹസ്പത്യാശ്രമം. ശുക്രാചാര്യാശ്രമത്തില്‍ ശുക്രന്റെ ശിക്ഷണങ്ങള്‍ കേട്ടു ബുധന്‍ വളര്‍ന്നു.
ഈ രണ്ടു മഹാചാര്യന്മാരുടെ ശിക്ഷണംകൊണ്ട് ബുധന്‍ വിദ്വാനായി. വാക്‌സാമര്‍ത്ഥ്യക്കാരനായെങ്കിലും അച്ഛനോട് മിണ്ടാറില്ല എന്നുമാത്രം.
















