കല്‍പ്പറ്റ:ജില്ലയില്‍ ആദ്യമായി നടക്കുന്ന വ്യോമസേന റിക്രൂട്ട്മെന്റ് റാലിയിലും അതിനു മുന്നോടിയായുള്ള രജിസ്ട്രേഷനിലും ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വിവിധ കാറ്റഗറിയില്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍ വരേണ്ടത്. പരീക്ഷയെഴുതി ഫലം കാത്തിരിന്നുവര്ക്ക് ഈ യോഗ്യത അടിസ്ഥാനമാക്കി രജിസ്ട്രേഷന് നടത്താന്‍ കഴിയില്ല. മേയ് 5, 6 തീയ്യതികളില്‍ വയനാട് ജില്ലയില്‍ നിന്നുള്ള ഉദ്യാഗാര്‍ത്ഥികള്‍ക്കായി പ്രീ രജിസ്ട്രേഷന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ നടക്കും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് രജിസ്ട്രേഷന്. മെയ് 25 മുതല്‍ 30 വരെയാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്. 5000 ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുക്കും. ഓട്ടോ ടെക്നീഷന്‍, ഗ്രൗണ്ട് ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്സ് പോലീസ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് സെലക്ഷന് റാലി നടത്തുന്നത്.
1997 ജൂലൈ 7 നും 2000 ഡിസംബര്‍ 20 നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് റാലിയില്‍ പങ്കെടുക്കാം. മെഡിക്കല്‍ അസിസ്റ്റന്റ് ഒഴികെയുള്ള മറ്റ് തസ്തികയിലേക്ക് +2 ന് മൊത്തമായും ഇംഗ്ലീഷില്‍ 50% മാര്‍ക്കും നേടിയിരിക്കണം. മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50% മാര്‍ക്കോടെ +2 വും ഇംഗ്ലീഷില്‍ വിഷയത്തിന് 50% മാര്‍ക്കും നേടിയിരിക്കണം. നേറ്റിവിറ്റി, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റില്‍ ജില്ലയുടെ പേര് വ്യക്തമാക്കിയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, +2 സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ്, നാല് കോപ്പി ഫോട്ടോ എന്നിവസഹിതമാണ് പ്രി-രജിസ്ട്രേഷനും റാലിക്കും ഹാജരാകേണ്ടത്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അത് സൂക്ഷിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരിയില്‍ നിന്ന് സാക്ഷ്യപത്രം ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: