തച്ചമ്പാറ: പാലക്കാട്- കോഴിക്കോട് ദേശീയപാത തച്ചമ്പാറയിലെ എടായ്ക്കല്‍ വളവ് വീതികൂട്ടല്‍ എങ്ങുമെത്തിയില്ല. അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഏതാനും മാസംമുമ്പ് വളവ് നിവര്‍ത്തുന്നതിനു നടപടി തുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് യാതൊന്നും നടപ്പായില്ല.
വളവു നിവര്‍ത്തുന്നതിന്റെ ഭാഗമായി സമീപത്തെ വലിയകുന്ന് ഇടിച്ചുനിരത്തിയെങ്കിലും ഇവിടെ നിന്നുള്ള മണ്ണ് സ്വകാര്യ വ്യക്തിയുടെ സ്ഥലം നികത്തുന്നതിനു ഉപയോഗിച്ചതായും പരാതി ഉയര്‍ന്നു.
ഇതേ തുടര്‍ന്ന് റോഡിന്റെ വീതികൂട്ടല്‍ നിര്‍ത്തിവെക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഇരുപതോളം പേരാണ് വിവിധ അപകടങ്ങളില്‍ ഇവിടെ മരണമടഞ്ഞത്. എന്നിട്ടും ദ്രുതഗതിയിലുള്ള യാതൊരു നടപടിക്കും അധികൃതര്‍ തയ്യാറായില്ല. കോടിക്കണക്കിനു രൂപയാണ് ഓരോവര്‍ഷവും ദേശീയപാത വിഭാഗം അറ്റകുറ്റപണികള്‍ക്ക് മാത്രമായി ചെലവഴിക്കുന്നത്.
ഇതില്‍ പലതും ഫലപ്രദമാകുന്നില്ല. രണ്ടു വാഹനങ്ങള്‍ക്കു കടന്നു പോകുന്നതിനുള്ള വീതി മാത്രമേ ഈ ഭാഗത്തുള്ളൂ. 90 ഡിഗ്രിയോളം വരുന്ന വളവാണ് അപകടങ്ങള്‍ക്കു കാരണമാകുന്നത്. ഇതിനു പരിഹാരമായാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടുന്നതിനു നടപടി തുടങ്ങിയത്. എന്നാല്‍ ചെറിയ കാരണത്തിന്റെ പേരില്‍ റോഡുപണി നിര്‍ത്തിവയ്ക്കുകയായിരുന്നു.
ദിവസം ഒരു അപകടമെങ്കിലും എടായ്ക്കല്‍ മേഖലയില്‍ ഉണ്ടാകുന്നുണ്ടെന്നാണ് ട്രാഫിക് പോലീസിന്റെ കണക്ക്. വലിയ ലോറികള്‍ അപകടത്തില്‍പെടുന്നത് പതിവുകാഴ്ചയാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് പലരുടെയും ജീവന് തിരിച്ചുകിട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: