ദല്‍ഹിയാണ് ഇന്ത്യ എന്നും അതിന്റെ കേന്ദ്രബിന്ദുവാണ് താന്‍ എന്നുമൊക്കെ ആയിരുന്നിരിക്കണം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഇത്രയുകാലം വിശ്വസിച്ചിട്ടുണ്ടാവുക. ഇക്കഴിഞ്ഞ ദല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയപ്പോഴാണ് താന്‍ ആരോ സമ്മാനിച്ച സ്വപ്നലോകത്താണെന്നു കേജ്രിവാള് തിരിച്ചറിഞ്ഞത്.
സത്യം കാണാതെ വലിയ ധാര്‍ഷ്ട്യത്തിലും പൊങ്ങച്ചത്തിലും കഴിഞ്ഞിരുന്നതിനാല്‍ എഎപി എന്ന സ്വന്തം മണ്ണ് കാലിന്നടിയില്‍ നിന്നും കുത്തിയൊലിച്ചു പോകുന്നതുപോലും അറിയാനായില്ല. മണ്ണില്‍ തൊടാത്ത ആകാശ കുസുമങ്ങള്‍ നിറഞ്ഞവാക്കുകളും ധാടിയും മോടിയും കൊണ്ടൊന്നും ഭരിക്കാനാവില്ലെന്നും ജനങ്ങളെ കൂടെ നിര്‍ത്താനാവില്ലെന്നും മനസിലാക്കിയപ്പോഴേക്കും പലതും ചോര്‍ന്നുപോയിരുന്നു.
പ്രധാന മന്ത്രി നരേന്ദ്രമോദിയെ വിമര്ശിച്ചുമാത്രം കാലം കഴിക്കാമെന്നായിരുന്നു കേജ്രിവാളിന്റെ ചെറു ബുദ്ധി കണ്ടെത്തിയ ഉപായം. മോദി ലോക നേതാവായി ഉയരുമ്പോഴും അദ്ദേഹത്തെ ഇല്ലാത്തതു പറഞ്ഞ് സ്വയം ചെറുതാകുകയായിരുന്നു കേജ്രിവാള്. അതൊന്നും വിലപ്പോകില്ലെന്ന് അദ്ദേഹത്തിനോ അതു മനസിലാക്കിക്കൊടുക്കാന്‍ കൂടെ ഉള്ളവര്‍ക്കോ കഴിഞ്ഞതുമില്ല. ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടെങ്കില്‍ അത് പിണറായിയുടെ ഉപദേശകരെപ്പോലുള്ളവരായിരുന്നിരിക്കണം.
ഇപ്പോള്‍ കേജ്രിവാള് പറയുന്നത് ആത്മ പരിശോധന നടത്തുമെന്നും തെറ്റുപറ്റിപ്പോയെന്നുമാണ്. ഇത്തരം വിലാപങ്ങള്‍ നേരത്തേയും നടത്തിയിരുന്നു. കുമ്പസാരിച്ചു പാപം തീര്‍ക്കുന്നത് വീണ്ടും പാപം ചെയ്യാനാണെന്നു ചിലര്‍ക്കു തോന്നുംപോലുള്ള പരിപാടിയാണിത്. പാര്‍ട്ടിയില്‍ നിന്നും പോകാനൊരുങ്ങുന്നവരെ തടുത്തു നിര്‍ത്തി പോകല്ലേ പോകല്ലേ എന്നു പറയുകയാണിപ്പോള്‍ കേജ്രിവാള്.
പക്ഷേ അവര്‍ തന്നെ മാനസികമായി പൊയ്ക്കഴിഞ്ഞു. ഭരിക്കുന്നതിനോ ജനത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ പകരമായി ബിജെപിയേയും മോദിയേയും വിമര്‍ശിക്കുകയായിരുന്നു ഇദ്ദേഹം. ജനങ്ങള്‍ മണ്ടന്മാരല്ലെന്നറിഞ്ഞതു തോറ്റപ്പോഴാണോ.
വെള്ളമെല്ലാം ഒഴുകിപ്പോയശേഷം ചിറകെട്ടുന്നതെന്തിനെന്ന് ഉണ്ണായി വാര്യര്‍ നളചരിതത്തില്‍ ചോദിക്കുന്നുണ്ട്. കേജ്രിവാളിനോടും ചോദിക്കേണ്ടത് ഇതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: