കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് കാത്തു നില്‍ക്കാതെ എംപി എംഎല്‍എമാര്‍ അവരുടെ പ്രദേശിക വികസന ഫണ്ടുകള്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റുപോലുള്ള സന്നദ്ധ സംഘടനകളുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് കേരള ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. പെരിയ ഇരിയയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാതിതര്ക്കുള്ള സത്യസായി ഗ്രാമം ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ടൗണ്‍ഷിപ്പുകളിലുമായി 108 വീടുകളും, അനുബന്ധ സൗകര്യങ്ങളും ഉയരുമ്പോള്‍ അത് മാതൃകപരമായ സേവന പ്രവര്‍ത്തനമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാതിതരുടെ വേദനയെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. കേരളം പോലെ ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനത്തെ ഒരു ജില്ലയില്‍ ഇത്തരം ഒരു അവസ്ഥയുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. നമ്മുടെ കൃഷിയിടങ്ങളിലും മറ്റും ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ച് കാര്യമായ ബോധവല്‍ക്കരണം അനിവാര്യമാണ്. കശുവണ്ടി കേന്ദ്രങ്ങളില്‍ മരുന്ന് തളിച്ചപ്പോള്‍ ഉണ്ടായ പരിണിത ഫലമാണ് കുടിവെള്ളം വഴിയായും കന്നുകാലികളിലേക്കും ഒടുവില്‍ മനുഷ്യരിലേക്കും ദുരിതമുണ്ടായത്. സര്‍ക്കാര്‍ 56 കോടി രൂപ ഇതിനകം എന്‍ഡോസള്‍ഫാന്‍ ദുരിത ബാതിതരര്ക്ക് നല്കിട്ടുണ്ട്. 403 കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപ്പിച്ചിരിക്കുകയാണ്. 80 രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. നമ്മുക്ക് മനുഷ്യരാശിയെ നശിപ്പിക്കുന്നവയെ കുറിച്ച് കാര്യമായ ബോധവല്‍ക്കരണം ആവശ്യമുണ്ട്. കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ക്കായി ഇതിനകം തന്നെ ബോധവല്‍ക്കരണം നടന്നതായി മനസ്സിലാക്കുന്നു. ഇത് ഒരു ദൗത്യമായെറ്റെടുക്കണമെന്നും ഗവര്‍ണ്ണര്‍ പി.സദാശിവം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: