ആധുനിക സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതിനും പുരോഗതി കൈവരുത്തുന്നതിനും രാഷ്ട്രീയം നല്കുന്ന ഇന്ധനം വലുതാണ്. രാപകലുകളില്ലാതെ രാഷ്ട്രീയക്കാര്‍ ഓടിനടക്കുന്നത് സമൂഹത്തിനു വേണ്ടിത്തന്നെയാണെന്നതില്‍ സംശയവുമില്ല. രാഷ്ട്രീയക്കാരെ വിമര്‍ശിക്കുമ്പോഴും അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ രാഷ്ട്രീയക്കാരില്‍ നിന്നും എങ്ങനെ രക്ഷപെടും എന്നു ചിന്തിക്കുന്നവരും നമ്മുടെ നാട്ടില്‍ ഇന്ന് ഇല്ലാതില്ല. മറ്റ് ഏതു ജോലിക്കും അടിസ്ഥാനപരവും അത്യാവശ്യവുമായ യേഗ്യത വേണമെന്നിരിക്കെ രാഷ്ട്രീയത്തിനുമാത്രം ഇതൊന്നും ബാധകമല്ലെന്നു വരുന്നത് പരിഷ്കൃത സമൂഹത്തിനു ലജ്ജാകരമാണ്.
യാതൊരുവിധ അടിസ്ഥാന യോഗ്യതയോ വിവരമോ വിദ്യാഭ്യാസമോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് രാഷ്ട്രീയ രംഗം എന്നത് സാംസ്ക്കാരിക കേരളത്തിനു ബാധ്യതയാണ്. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിക്കീഴിലും ഇത്തരക്കാര്‍ ധാരാളമായുണ്ട്. തങ്ങളുടെ വിവരദോഷമാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള മിനിമം യോഗ്യത എന്നുപോലും ഇത്തരക്കാര്‍ കരുതുന്നുണ്ടോ ആവോ. ഇത്തരം ആള്ക്കാര് തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിന്റെ ഗര്വില് സമൂഹ മാന്യതയ്ക്കുമേല്‍ തെമ്മാടിത്തത്തിന്റെ അശ്ളീല ഭാഷ ഉപയോഗിക്കുന്നത് പൊതുജനം സഹിക്കേണ്ട കടമയാണെന്നു വിശ്വസിക്കേണ്ടത് ഏതു പൗരബോധത്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല.
ജനാധിപത്യ രാഷ്ട്രീയത്തിലെ ഉന്നത പദവിയായ മന്ത്രി സ്ഥാനത്തിരിക്കുന്ന എംഎം.മണിയെപ്പോലുള്ള ഒരാള്‍ പൊതു സമൂഹത്തെ നികൃഷ്ട ഭാഷ ഉപയോഗിച്ചു വെല്ലു വിളിക്കുന്നതും ഇയാള്‍ സിപിഎംകാരനായതിനാല്‍ അയാള്‍ക്ക് അതിനുള്ള അവകാശങ്ങളുണ്ടെന്നും അതുശരിയാണെന്നുമുള്ള തരത്തില്‍ അനുകൂലിക്കുന്നതും ഗുരുതരമായ രാഷ്ട്രീയ രോഗത്തിന്റെ ലക്ഷണമാണ്. സ്റ്റാലിനും ചെഷസ്ക്യുവിനും പോള്‍പോട്ടിനും മാവോയ്ക്കും ഉണ്ടായിരുന്നതും ഇത്തരം രോഗമാണ്.
ബംഗാളില്‍ പതിറ്റാണ്ടുകളോളം ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കി സുഖം കണ്ടിരുന്ന ജ്യോതിബസുവിനും ഉണ്ടായിരുന്നു ഈ മാനസികാവസ്ഥ. സിപിഎം എന്ന ഒരു പാര്‍ട്ടി ബംഗാളില്‍ ഉണ്ടായിരുന്നോ എന്നുപോലും ചിന്തിക്കുന്നതു തന്നെ ഇപ്പോഴൊരു വിരോധാഭാസമാണ്. പിണറായി വിജയനും അങ്ങനെയൊരു വിരോധാഭാസത്തിനു തന്നാല്‍ കഴിയുന്നതൊക്കെ മണിയിലൂടെയും മറ്റും മറ്റും ചെയ്തുകൊണ്ടിരിക്കുകയാണ്.
പിണറായി വിജയനോ സിപിഎമ്മിന്റെ വരുംകാല നിലനില്പ്പോ ഒന്നുമല്ല പ്രശ്നം. മണിയെപ്പോലുള്ള ചട്ടമ്പി രാഷ്ട്രീയക്കാരനേ കേരളീയ പൊതു സമൂഹം എന്തിനു സഹിക്കണം എന്നുള്ളതാണ്. താന്‍ ശൈലിമാറ്റില്ല എന്ന് മണി പറയുമ്പോള്‍ അയാളില്‍ നിന്നും ഇനിയും എന്തെല്ലാം കേരളം കേള്‍ക്കാനിരിക്കുന്നുവെന്നതാണു സത്യം.
ഇല്ലാത്തവന്റെ പാര്‍ട്ടി എന്നു അവകാശപ്പെട്ടു വളര്‍ന്ന സിപിഎമ്മിന് ഉള്ളവന്റെ ഏതവസ്ഥയോടും പുച്ഛവും പ്രതിഷേധവുമായിരുന്നു. ഇല്ലാത്തവനെ കൂടെ നിര്‍ത്താന്‍ അവന്റെ നിഷ്ക്കളങ്കതയെ ചൂഷണം ചെയ്യേണ്ടത് ഇത്തരം നിഷേധത്തിലൂടെയായിരിക്കണമെന്നു തെറ്റിദ്ധരിക്കുന്ന രാഷ്ട്രീയ ക്രൂരന്മാരും വങ്കന്മാരും ഇപ്പോഴും സിപിഎമ്മിലുണ്ട്.
വിവരവും വിദ്യാഭ്യാസവും സംസ്കാരവും മാന്യതയുമുള്ളവരെയും അലക്കിത്തേച്ച കുപ്പായമിട്ടവരെപ്പോലും ഇവര്‍ പരിഹസിക്കും. തെറിയും തെമ്മാടിത്തവും പറയും. മണിയുടെ ചെറ്റ വിളി ഇതിന്റെ മാതൃകയാണ്. സിപിഎം അപകര്‍ഷതാ ബോധമുള്ള പാര്‍ട്ടിയാണ്. ഈ അപകര്‍ഷതയെയും അവര്‍ വിപ്ളവം എന്നു പറയും. അതാണ് അവരുടെ ആസ്തി. ഈ ആസ്തിയെ മറികടക്കാനാണ് സിപിഎം പൊതു സമൂഹത്തെ ചീത്ത വിളിക്കുന്നതും വെല്ലുവിളിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: