കാഞ്ഞങ്ങാട്: വര്‍ഷം 15 കഴിഞ്ഞിട്ടും ഒരുതുള്ളി വെള്ളം നല്‍കാതെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് കാഞ്ഞങ്ങാട് നഗരസഭ. നഗരസഭയിലെ കാഞ്ഞങ്ങാട് കടപ്പുറം മുണ്ടത്തോട് റോഡരികില്‍ കാഞ്ഞങ്ങാട് കടപ്പുറം ഭഗവതിക്ഷേത്ര സമീപത്ത് സൗജന്യമായി ലഭിച്ച മുന്നു സെന്റ് സ്ഥലത്ത് നഗരസഭ 15 വര്‍ഷം മുമ്പ് കിണറുംപമ്പ് ഹൗസും സ്ഥാപിച്ചിരുന്നു. ഇവിടെ തന്നെ ഹെഡ്ഓവര്ടാങ്കും നിര്‍മ്മിച്ച് തീരദേശത്തെ മൂന്നു വാര്‍ഡുകളിലെ വീടുകളിലേക്ക് പൈപ്പ് ലൈന്‍ വഴി കുടിവെളളമെത്തിക്കാനാണ് ലക്ഷ്യമിട്ടാണ് പമ്പ്ഹൗസ് സ്ഥാപിച്ചത്. 2002ല്‍ യുഡിഎഫ് ഭരണസമിതിയുടെ ഭരണ നേട്ടങ്ങളില്‍ ഒന്നായി ചൂണ്ടികാട്ടി അന്നത്തെ ലീഗ് വൈസ് ചെയര്‍മാനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ലീഗ് നേതാവ് ഹസിനാര്‍ കല്ലൂരാവിയായിരുന്നു അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍. പദ്ധതിക്കായി കിണര്‍ നിര്‍മ്മിച്ച് പമ്പ് ഹൗസും 10000 ലിറ്ററിന്റെ ടാങ്കും നിര്‍മ്മിച്ച് പമ്പ്സെറ്റ് ഘടിപ്പിച്ച് വൈദ്യുതി കണക്ഷനും നേടിയതായി നഗരസഭാ രേഖകളിലുണ്ടെങ്കിലും ഒരു തുള്ളി വെള്ളം പോലും കടലിന്റെ മക്കള്‍ക്ക് ഒന്നരപതിറ്റാണ്ടായിട്ടും കിട്ടിയിട്ടില്ല. 2002 നുശേഷമുള്ള ഓരോ സാമ്പത്തിക വര്‍ഷവും ഈ പദ്ധതി പുര്‍ത്തികരണത്തിനായി ഫണ്ട് നഗരസഭ അനുവദിച്ചിട്ടുണ്ടെങ്കിലും തുക എവിടെ എങ്ങനെ ചിലവിട്ടുവെന്ന കണക്ക് പോലുമില്ല. ലക്ഷങ്ങളുടെ അഴിമതിയാണ് കുടിവെള്ള പദ്ധതിയുടെ മറവില്‍ യുഡിഎഫ് ഭരണകാലത്ത് നടത്തിയതെന്ന് വ്യക്തം. കടലിന്റെ മക്കള്‍ക്കായി കൗണ്‍സില്‍ യോഗങ്ങളില്‍ മുറവിളികൂട്ടന്ന കൗണ്‍സിലര്‍മാരും നഗരസഭാ ഫണ്ട് തട്ടി തിന്നവരും ഈ കുടിവെള്ള പദ്ധതിയുടെ അവസ്ഥ നേരില്‍ കാണണം. വെള്ളം പമ്പ് ചെയ്യാന്‍ സ്ഥാപിച്ച മൂന്ന് എച്ച്പി മോട്ടോറും ഫുട്വാള്വ് ഉള്‍പ്പെടെയുള്ള പൈപ്പുകളും ഇവിടെ കാണാനില്ല. കടുത്ത വേനലിലും കിണറില്‍ നിറയെ വെള്ളമുണ്ടെങ്കിലും മലിനപ്പെട്ടിരിക്കുകയാണ് പമ്പ് ഹൗസ് മുറിയുടെ വാതില്‍ തകര്‍ത്ത നിലയിലാണ്. സ്വിച്ച് ബോര്‍ഡ് ഇളക്കിമാറ്റിയമെയിന് സ്വിച്ചും അനുബന്ധ ഉപകരണങ്ങളും കടത്തി കൊണ്ടുപോയി. മോട്ടോര്‍ സ്ഥാപിച്ച ഫൗണ്ടേഷന് തകര്‍ത്ത നിലയിലാണ്. പദ്ധതി നിര്‍മ്മാണത്തിലെ അഴിമതിയും ക്രമക്കോടും മറച്ചുവെക്കാനായി അന്നത്തെ ഭരണസമിതി പമ്പ് ഹൗസില്‍ നടന്ന കവര്‍ച്ചയെ കുറിച്ച് അറിഞ്ഞ ഭാവം നടിച്ചില്ല. കുടിവെള്ള പദ്ധതി ഫയലില്‍ മാത്രമുണ്ടാക്കി ഫണ്ട് തട്ടാന്‍ മാത്രമായിട്ടാണ് ഇത്തരമൊരു പദ്ധതി യുഡിഎഫുകാര്‍ നടപ്പാക്കിയതെന്ന് കാഞ്ഞങ്ങാട് കടപ്പുറം നിവാസികള്‍ എക സ്വരത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: