സുരഭി ലക്ഷ്മി വാണിജ്യസിനിമകളുടെ ഭാഗമാണോ അതോ സമാന്തര സിനിമകളുടെ ഭാഗമാണോ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി അവര്‍ സിനിമയുടെ ഭാഗമായുണ്ട്. അഭിനയ പാടവം ഉണ്ടായിട്ടും നായികയായില്ല. പക്ഷെ മുന്‍നിര നായികമാര്ക്കൊന്നും കിട്ടാത്ത ഭാഗ്യം സുരഭി നേടി, പ്രധാനകഥാപാത്രമായി ആദ്യമായി അഭിനയിച്ച ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയപുരസ്കാരം. നടിയെന്ന നിലയില്‍, കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്താന്‍ സുരഭിയെ പ്രാപ്തയാക്കിയത് നാടകത്തിന്റെ തട്ടകമാണ്.
ശബാന ആസ്മി, സീമ ബിശ്വാസ്, സ്മിത പാട്ടീല്‍, കങ്കണ റനൗത്ത് എന്നീ ദേശീയ അവാര്‍ഡ് ജേതാക്കളുടെ പേരിനൊപ്പമാണ് സുരഭിയുടെ പേരും ഇനി ചേര്‍ത്തുവായിക്കാനാവുക. കാരണം ഇവരെല്ലാം തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലും പ്രതിഭ തെളിയിച്ചവരാണ്.
ഭരതനാട്യത്തില്‍ ബിരുദം ഒന്നാം റാങ്കോടെ പാസായ കലാകാരി.
തിയേറ്റര്‍ പഠനം അന്ന് രണ്ടാമത്തെ ഓപ്ഷനായിരുന്നു. പിന്നെ നടന വഴിയില്‍ നിന്ന് നാടക വഴിയിലേക്ക് മനസ്സും ശരീരവും ഒരേപോലെ ചലിച്ചു. അഭിനയത്തില്‍ നാടകം നല്കുന്ന സ്വാതന്ത്ര്യം പൂര്‍ണമായി ആസ്വദിച്ച് സ്വയം നവീകരിക്കുകയാണ് സുരഭി ലക്ഷ്മി. നാടകത്തെ കുറിച്ച്, സിനിമയെക്കുറിച്ച് സുരഭി സംസാരിക്കുന്നു.
മീഡിയ വണ്ണിലെ ‘എം80 മൂസ’യിലും ‘മിന്നാമിനുങ്ങി’ലും പ്രാദേശികത അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഭാഷയിലും പെരുമാറ്റത്തിലും അത് പ്രകടമാവുകയും വേണം.
എങ്ങനെയാണ് ഈ കഥാപാത്രങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്?
തിയേറ്റര്‍ തന്നെയാണ് ഇതിന് പ്രധാനഘടകം. ഒരു കഥാപാത്രത്തെ വെറുതെ അവതരിപ്പിക്കുകയല്ല. ഗൗരവത്തോടെ കാണണം. അത്തരത്തില്‍ കാഴ്ചപ്പാട് മാറ്റിയത് തിയേറ്റര്‍ പഠനമാണ്. ആ ഒരു പരിശീലനം കിട്ടിയില്ലായിരുന്നെങ്കില്‍ കഥാപാത്രമാവുന്നതിന് വേണ്ടി കൂടുതല്‍ പ്രയത്നിക്കണം എന്ന ചിന്ത വരില്ല. തിയേറ്റര്‍ പഠിക്കുമ്പോള്‍ കുഞ്ഞു കഥാപാത്രമാണെങ്കില്‍ കൂടി അതിന്റെ ഒരു കഥാപാത്രപഠനമുണ്ട്. അത് ചെയ്യുന്നതുകൊണ്ടാണ് ഇന്നത് ഇങ്ങനെ എന്ന് മാറ്റി മാറ്റി ചെയ്യാന്‍ സാധിക്കുന്നത്.
അനില്‍ തോമസാണ് ‘മിന്നാമിനുങ്ങ്’ സംവിധാനം ചെയ്തത്. തിരുവനന്തപുരം ഭാഷാ ശൈലിയാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റല്‍ മേട്രണായ മീന തിരുവനന്തപുരം സ്വദേശിയായിരുന്നു. മീന മേട്രന്റെ എനര്‍ജിയാണ് ഞാന്‍ ആ കഥാപാത്രത്തിന് വേണ്ടി എടുത്തത്. അതൊരിക്കലും അനുകരണമല്ല. മിന്നാമിനുങ്ങില്‍ ഒപ്പം പ്രവര്‍ത്തിച്ച കൃഷ്ണന് ബാലകൃഷ്ണന്, റെക്കോഡിസ്റ്റ് ഷിബു, ഇവരൊക്കെ തിരുവനന്തപുരം ഭാഷയിലേക്ക് എത്താന്‍ സഹായിച്ചിട്ടുണ്ട്. നമ്മുടെ ഭാഗത്തുനിന്നും ഒരു പ്രയത്നവും ആവശ്യമാണ്.
കോഴിക്കോടന്‍ ഭാഷയിലുള്ള പാത്തുവിനെ മറികടിക്കണം എന്ന ആഗ്രഹത്താലാണ് ആ വെല്ലുവിളി ഏറ്റെടുത്തത്. അവാര്‍ഡ് കിട്ടും അറിയപ്പെടും എന്നൊന്നും അന്ന് വിചാരിച്ചിരുന്നില്ല. എനിക്ക് എന്നെ ബോധ്യപ്പെടുത്താനും എന്റെ സിനിമാ ജീവിതത്തില്‍ മിന്നാമിനുങ്ങ് ഒരു നല്ല സിനിമയായിരിക്കും എന്ന വിശ്വാസത്തിലാണ് ഈ സിനിമ ചെയ്തത്. അത് എക്കാലത്തേയും എന്റെ പ്രൊഫൈല്‍ ആയി മാറും എന്ന് വിചാരിച്ചില്ല.
നാടകവഴിയിലേക്ക് തിരിയാന്‍ കുടുംബ പശ്ചാത്തലം സഹായിച്ചിട്ടുണ്ടോ?
എന്റെ നാടായ കോഴിക്കോട് എളേറ്റില്‍ വട്ടോളി എന്ന ഗ്രാമത്തില്‍ കെ.ടി. മുഹമ്മദിന്റേയും ഒക്കെ നാടകങ്ങള്‍ കളിച്ചിരുന്നു. ്യൂജ്ജ് നല്ലൊരു മനുഷ്യനാകാന്‍ നോക്ക്’, ‘ഇത് ഭൂമിയാണ്’ തുടങ്ങിയ നാടകങ്ങള്‍ അമ്മയ്ക്കൊപ്പം കാണാന്‍ പോയിരുന്നു. പക്ഷെ നാടകം തുടങ്ങി കഴിയുമ്പോഴേക്കും ഞങ്ങള്‍ കുട്ടികള്‍ ഒരുവശത്ത് ഉറക്കം പിടിച്ചിട്ടുണ്ടാകും. മുകുന്ദന് നെടിയനാട് കംസവധം എന്ന നാടകത്തില്‍ കൃഷ്ണനായി അഭിനയിപ്പിച്ചു. അവിടെ നിന്നാണ് നാട്ടുമ്പുറത്തെ നാടകത്തിന്റെ തുടക്കം.
ഡിഗ്രിക്ക് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ചേര്‍ന്നപ്പോള്‍ തിയേറ്റര്‍ ആയിരുന്നു ഓപ്ഷനായി കൊടുത്തത്. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. അതോടെഅഭിനയമാണ് എന്റെ വഴിയെന്ന് മനസ്സിലായി. തിയേറ്ററില്‍ എംഎ നേടി. എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫില്‍ ഏടുത്തു. ഇപ്പോള്‍ സംസ്കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്നു.
ഇതിനിടയില്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. അഭിനയ തിയേറ്റര്‍ റിസര്‍ച്ച് സെന്ററില്‍ പോയി സഖാറാം ബൈന്‍ഡര്‍, ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത് തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് പഠിച്ചുപോയവരുടേയും അവിടുത്തെ അധ്യാപകരുടേയും നിരവധി നാടകങ്ങളില്‍ ഭാഗമായി. കഥാബീജം, സൃഷ്ടി, ചോരക്കുഞ്ഞിനെ കൊന്ന മേരിഫറിന്റെ കഥ, ഈഡിപ്പസ്, പ്രേതങ്ങള്‍ തുടങ്ങിയ നാടകങ്ങള്‍ പഠനത്തിന്റെ ഭാഗമായി സംവിധാനം ചെയ്തു. സൃഷ്ടി എന്റെ നാട്ടുകാരെ വച്ച് ചെയ്ത നാടകമായിരുന്നു.
നൃത്തം പൂര്‍ണമായും ഉപേക്ഷിച്ചോ?
നൃത്തം ഉപേക്ഷിച്ചതല്ല. നൃത്തത്തിനപ്പുറം നാടകത്തിനൊരു പഠനം ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. കാലടിയില്‍ എത്തുന്നതിന് മുമ്പ് സ്കൂള്‍ ഓഫ് ഡ്രാമയെപ്പറ്റിയൊന്നും ഞാന്‍ കേട്ടിട്ടില്ലായിരുന്നു. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് നൃത്തം എടുത്തത്. പക്ഷെ അഭിനയം പ്രത്യേകമായി പഠിക്കാം എന്നറിഞ്ഞതോടെയാണ് അത് തിരഞ്ഞെടുത്തത്. നൃത്തത്തിന്റെ താളവും ഒക്കെ കൃത്യമായി ഞാന്‍ നാടകത്തില്‍ ഉപയോഗിക്കുന്നുണ്ട്. എട്ട് വര്‍ഷമായി നൃത്തം ചെയ്തിട്ട്.
ബോംബെ ടൈലേഴ്സ് പോലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ നാടകത്തിന്റെ ഭാഗമാണ് സുരഭി. ഇതിലേക്ക് എത്തിയത്?
മൂന്ന് വര്‍ഷമായി ഞാന്‍ നാടകം ചെയ്തിട്ട്. ബോംബെ ടൈലേഴ്സ് സംവിധാനം ചെയ്ത വിനോദ് കുമാറിന്റെ തന്നെ യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനാണ് എനിക്ക് ആദ്യമായി കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് കിട്ടുന്നത്. അത് കഴിഞ്ഞ് അദ്ദേഹം ഒരുപാട് നാടകങ്ങള്‍ ചെയ്തു. ഒന്നിലും എനിക്ക് സഹകരിക്കാന്‍ പറ്റിയില്ല. മൂന്നര വര്‍ഷത്തോളം ‘എം80 മൂസ’യിലെ പാത്തുവിനെ കൊണ്ടുനടന്നു. എനിക്ക് എന്നെത്തന്നെ ഒന്ന് നവീകരിക്കണമെന്നുതോന്നി. നാടകമാണ് അതിനുള്ള വഴി. ഒരു കഥാപാത്രത്തില്‍ തന്നെ അകപ്പെട്ടുപോയൊ എന്നൊരു തോന്നല്‍. ഇല്ല എന്ന് മനസ്സുകൊണ്ട് അറിയാമെങ്കിലും സ്വയം അങ്ങനല്ല എന്ന് തെളിയിക്കേണ്ടതുണ്ട്.
അങ്ങനെയാണ് വിനോദ് മാഷിനോട് ഞാന്‍ നാടകം കളിക്കാന്‍ വരട്ടെയെന്ന് ചോദിച്ചത്. എനിക്ക് സമയം ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന് സംശയം. അങ്ങനെ 10 ദിവസം, മറ്റെല്ലാ പരിപാടികളും ഒഴിവാക്കി ഈ നാടകത്തിനുവേണ്ടി സമയം കണ്ടെത്തി. ഫോണ്‍ കോളുകള്‍ പോലും വേണ്ടെന്നുവച്ചു. ഉച്ചയ്ക്ക് തുടങ്ങി പുലര്‍ച്ചവരെ പരിശീലനം. ഒരു കല്യാണമണ്ഡപത്തിലായിരുന്നു റിഹേഴ്സല്‍. ഇടപ്പള്ളി അതീതി സ്കൂള്‍ ഓഫ് പെര്‍ഫോമന്‍സ് ആണ് ബോംബെ ടൈലേഴ്സ് രംഗത്തെത്തിച്ചത്.
നാടകം സിനിമ പോലെയല്ല. നാടകത്തിലെ ഓരോ രംഗവും എല്ലാവരും ചേര്‍ന്നാണ് വിപുലപ്പെടുത്തുന്നത്. ഓരോ സീനിനും അനുസൃതമായ സംഗീതം ഏതെന്ന് പരിശോധിക്കണം. ചമയം ഏതാവണം എന്ന് നിശ്ചയിക്കണം. അങ്ങനെ നിരവധി കാര്യങ്ങള്‍ റിഹേഴ്സലിനൊപ്പം തന്നെ ചെയ്യണം. നാല്പതോളം പേരാണ് അതില്‍ അഭിനയിച്ചത്. നാടകം എന്നത് വല്ലാത്തൊരു ശക്തിയാണ് തരുന്നത്. അതൊരു കൂട്ടായ്മയാണ്. സിനിമ എന്നത് പലതായി ചിതറിക്കിടക്കുകയാണ്. നമ്മള് എത്ര ദിവസം ഷൂട്ടിനുവരുന്നോ അത്ര ദിവസമേ ആ സിനിമയുടെ ഭാഗമായി നമ്മള് നില്ക്കുന്നുള്ളു. സിനിമ എന്നത് ഒരുപാട് ടേക്കുകളിലൂടെ കടന്നുപോകുമ്പോള്‍ നാടകം ഒറ്റ ടേക്കാണ്. എല്ലാവരും ഒരേ മനസ്സോടെ നിന്നെങ്കില്‍ മാത്രമേ നാടകം ഒറ്റ ടേക്കില്‍ ശരിയാവൂ.
നാടകത്തിനോ സിനിമയ്ക്കോ പ്രാധാന്യം?
അങ്ങനെ ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. രണ്ടും ഒരേപോലെ തന്നെയാണ് കാണുന്നത്. രണ്ടിന്റേയും മാധ്യമം കൃത്യമായി തിരിച്ചറിയണം. നാടകം സിനിമയോട് അടുത്തുനില്‍ക്കുന്നുണ്ട് ഇപ്പോള്‍. ആ അതിര്‍ത്തികള്‍ തമ്മില്‍ വല്യ വ്യത്യാസമില്ല.
കൂടുതല്‍ സങ്കീര്‍ണം ഏത് അഭിനയമാണ്?
നാടകാഭിനയവും സിനിമാഭിനയവും ഒരു തുലാസില്‍ കിടന്ന് ഉത്തരം കിട്ടാതെ കളിക്കുകയാണ്. ഏതെങ്കിലും ഒന്ന് ഉയര്ന്നുനില്ക്കുന്ന അവസ്ഥയിലേക്ക് ഇപ്പോള്‍ എത്തിയിട്ടില്ല.
നാടകം ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
നമ്മുടെ പരിമിതികളും സാധ്യതകളും തിരിച്ചറിയാന്‍ നമ്മുടെ ഉള്ളിലേക്കുള്ള സഞ്ചാരമാണ് നാടകത്തിലൂടെ നടക്കുന്നത്. നല്ലൊരു വ്യക്തിയാവുക, ആളുകളെ അറിയുക, നന്നായി പെരുമാറുക തുടങ്ങി വ്യക്തിത്വ വികസനം കൂടിയാണ് നാടകത്തിലൂടെ നടക്കുന്നത്.
ജീവിതത്തില്‍ ആരാണ് മാതൃക?
അങ്ങനെ ഒരാളെ ചൂണ്ടിക്കാട്ടാന്‍ സാധിക്കില്ല. എല്ലാവരിലും നല്ലതും ചീത്തയുമുണ്ട്. ഓരോ വ്യക്തിയും ഓരോ കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. വിജയത്തിന് കുറുക്കുവഴികളില്ല, ഓരോ പടിയും ചവിട്ടിക്കയറിവേണം പോവാന്‍ എന്നൊക്കെ ഓര്‍മിപ്പിക്കുന്ന ജ്യേഷ്ഠന് ക്യാപ്റ്റന്‍ അരുണ്‍ ദേവ്, അതേപോലെ ടോമി വര്‍ഗ്ഗീസ്, ഷാഹില ചേച്ചി അങ്ങനെ ഒരുപാടുപേര്.
അമ്മയും അമ്മമ്മയും സാധാരണ മനുഷ്യര്‍ക്ക് എന്തൊക്കെ വേണം എന്ന വ്യക്തമായ അടിത്തറ നല്കിയതുകൊണ്ടാണ് എനിക്ക് ആളെ അറിഞ്ഞ് പെരുമാറാന്‍ സാധിക്കുന്നത്. അമ്മയുടെ രസികത്വവും അമ്മമ്മയുടെ ചിട്ടയും കിട്ടിയതുകൊണ്ട് എനിക്ക് ഏതൊരാളുമായും ഇഴുകിച്ചേരാന്‍ പറ്റും. അത് മറ്റുള്ളവര്‍ക്കും കൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്.
ശബാന ആസ്മി, സ്മിത പാട്ടീല്‍, കങ്കണ റനൗത്ത് ഇവരുടെ ഗണത്തിലേക്ക് ഇപ്പോള്‍ സുരഭിയും?
തിയേറ്ററിലൂടെ ചിട്ടയായ പരിശീലനമാണ് കിട്ടുന്നത്. ഈ പറഞ്ഞവരുടെയെല്ലാം അഭിനയത്തിന് വേറൊരു തലമുണ്ട്. കഥാപാത്രങ്ങളുടെ ആഴത്തിലേക്ക് പോകാന്‍ ഇവര്‍ക്ക് സാധിക്കും. കൃത്യമായ വഴിയിലൂടെയുള്ള പരിശീലനം വേണമെന്നുമാത്രം. നമ്മുടെ സാധ്യതകള്‍ എങ്ങനെ ഉപയോഗിക്കാം, പരിമിതികളെ എങ്ങനെ മറികടക്കാം, സ്വയം തിരിച്ചറിയുന്നതിനൊപ്പം മറ്റുള്ളവരെക്കുറിച്ചുമുളള തിരിച്ചറിവ്, കഥാപാത്രങ്ങളെ പരിചയപ്പെടുന്ന രീതി ഇതൊക്കെ മനസ്സിലാക്കാന്‍ തിയേറ്റര്‍ പഠനം സഹായിക്കും. ഞാന്‍ ഒരു തുടക്കക്കാരി മാത്രമാണ്. ദേശീയ അവാര്‍ഡ് ആനന്ദവും പ്രോത്സാഹനവും ഒക്കെയാണ് നല്‍കുന്നത്. അവാര്‍ഡ് കിട്ടി എന്നത് വലിയൊരു ഭാഗ്യമാണ്.
നാടകം കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്നുണ്ടോ?
ഒരുപാട് സാധ്യതകള്‍ നാടകത്തില്‍ പരീക്ഷിക്കാന്‍ പറ്റും. നായികാ കഥാപാത്രങ്ങള്‍ ചെയ്താലെ സ്വാതന്ത്രം സിനിമയില്‍ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാകൂ. കോറസായിട്ടാണ് നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയത്. പ്രജിത്തിന്റെ നാടകത്തിലാണ് ഞാന്‍ നായികയായിട്ടുവരുന്നത്. നാടകത്തില്‍ കുഞ്ഞു കഥാപാത്രമാണെങ്കില്‍ കൂടി ആ കഥാപാത്രത്തേയും മികവുറ്റതാക്കാന്‍ സംവിധായകര്‍ ശ്രമിക്കും. നാടകം എന്റെ സ്വകാര്യതയാണ്.നാടകത്തില്‍ റിച്വല്‍ പെര്‍ഫോമന്‍സിനെ കുറിച്ചാണ് ഗവേഷണം ചെയ്യുന്നത്. അതൊരു ഫീല്‍ഡ് വര്‍ക്കാണ്.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയെക്കുറിച്ച്?
പൂര്‍ണ സ്വാതന്ത്ര്യമാണ് അവിടെ ലഭിച്ചത്. വീടുപോലൊരു ഡിപ്പാര്‍ട്ട്മെന്റായിരുന്നു തിയേറ്റര്‍ ഡിപ്പാര്‍ട്ട്മെന്റ്. കഥ പറയുന്നതുപോലെയായിരുന്നു പഠനം. ആ ഇഷ്ടം കൊണ്ടുകൂടിയാണ് പിഎച്ച്ഡി പഠനം അവിടെയാക്കിയത്. വല്ലപ്പോഴും കയറിച്ചെല്ലണം എന്നുതോന്നുമ്പോള്‍ ചെല്ലാനൊരിടം. യൂണിവേഴ്സിറ്റിയുടെ മണവും ഡിപ്പാര്‍ട്ട്മെന്റില്‍ ഇരിക്കുമ്പോള്‍ ഉള്ള സുഖവും കാറ്റും ഒക്കെ വീണ്ടും അനുഭവിക്കുക എന്നതൊരു ഭാഗ്യമല്ലെ?
കുടുംബം?
അച്ഛന് കെ.പി. ആണ്ടി ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മരിച്ചു. അദ്ദേഹം നല്ലൊരു കലാസ്വാദകനായിരുന്നു. മൂന്നര വയസ്സില്‍ എന്നെ സ്റ്റേജിലേക്ക് ആദ്യമായി കയറ്റിയത് അച്ഛനാണ്. അമ്മ രാധ. നൃത്തവും നര്‍മ്മവും എല്ലാം അമ്മയില്‍ നിന്നാവാം കിട്ടിയത്. സഹോദരങ്ങളും കലാകാരന്മാര് ആയിരുന്നെങ്കിലും അവരുടെയെല്ലാം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചത് എന്നിലൂടെയാണ്. ഓരോ ഘട്ടത്തിലും പ്രോത്സാഹിപ്പിച്ചത് ഇവരെല്ലാമാണ്. സുബിത സന്തോഷ്, സുമിത അഖില്‍, സുധീഷ് എന്നിവരാണ് സഹോദരങ്ങള്‍. അമ്മമ്മ ലക്ഷ്മി. അമ്മമ്മയുടെ സ്വഭാവമാണ് എനിക്കും. വിചാരിച്ചാല്‍ ആ കാര്യം സാധിക്കണം. എന്റെ അമ്മാവനേയും നാട്ടുകാരേയും ആരേയും മാറ്റിനിര്‍ത്താനാവില്ല. ഇവരെല്ലാവരുമാണ് എന്നിലെ കലാകാരിയെ പ്രോത്സാഹിപ്പിച്ചത്.
നാടക വിശേഷങ്ങള്‍?
‘യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും’ ഒന്നൂടെ ചെയ്യണം എന്നുണ്ട്. അധ്യാപകന് രമേഷ് വര്‍മ സാറിനൊപ്പം ബെര്‍ടോള്‍ഡ് ബ്രഹ്ത്തിന്റെ ‘സെത്സ്വാനിലെ നല്ല സ്ത്രീ’ എന്ന നാടകം ചെയ്യണമെന്ന് വിചാരിക്കുന്നു. ജ്യോതിഷ് എം.ജിക്കൊപ്പം ഒരു നാടകം ഒക്കെ ആലോചനയിലുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് കഥകള്‍ കേള്‍ക്കുന്നു. ചെറിയ വേഷമാണെങ്കിലും പ്രാധാന്യം ഉണ്ടാവണമെന്നേ ആഗ്രഹിക്കുന്നുള്ളു.
എല്ലാ കലാകാരന്മാര്ക്കും അവസരം കിട്ടണമെന്നാണ് സുരഭിയുടെ ആഗ്രഹം. കഴിവുതെളിയിക്കാന്‍ അവസരങ്ങളാണ് വേണ്ടതെന്ന് പറയുന്ന സുരഭി ലക്ഷ്മിയുടെ മികച്ച കഥാപാത്രങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: