ഏപ്രില്‍ 22 ന് അന്‍പത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു അമൂല്യ അവസരത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. 1965 ഏപ്രില്‍ 16 മുതല്‍ 19 വരെ മാനവദര്ശനഗാഥ ലോകത്തിന് നല്കിയ ഋഷിതുല്യനായ പണ്ഡിത് ദീനദയാല്‍ ഉപാധ്യായ കേരളത്തിലെ ജനങ്ങള്‍ക്ക് ഏകാത്മമാനവദര്‍ശനത്തിന്റെ ആദ്യവിശകലനം നല്‍കിയതിന്റെ അര്‍ധശതാബ്ദി സ്മരണ, അതിനു വേദിയായ വെളിയത്തുനാട്ടിലെ തവണക്കടവിലുള്ള വൈപ്പിന്‍ മനയില്‍ നടത്തപ്പെട്ടതിനെയാണിവിടെ സൂചിപ്പിക്കുന്നത്.
അന്നതില്‍ പങ്കെടുത്തവരായി ഒ. രാജഗോപാലും കെ. രാമന്‍പിള്ളയും മാത്രമേ സ്മരണയില്‍ പങ്കുകൊള്ളാന്‍ എത്തിയിരുന്നുള്ളൂ. ഞാനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന ധാരണയിലാണ് ക്ഷണിക്കപ്പെട്ടത്. അന്നത്തെ പരിപാടി സംഘടിപ്പിച്ച പരമേശ്വര്‍ജിയും സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്ന രാ. വേണുഗോപാലും പരിപാടിയില്‍ പങ്കെടുത്തില്ലെന്നു പറയേണ്ടതില്ലല്ലോ. അന്നു ദീനദയാല്‍ജിക്കും മറ്റും ആതിഥേയത്വം വഹിച്ച ഇരവി രവി നമ്പൂതിരിപ്പാട് (പിന്നീട് സ്വാമി ചിത്സ്വരൂപാനന്ദ) എല്ലാവരുടെയും ഓര്‍മകള്‍ക്ക് ചൈതന്യമേകിക്കൊണ്ട് അദൃശ്യനായി സന്നിഹിതനായിരുന്നു.
1965 ലും ജനസംഘത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായിരുന്ന രാമന്‍പിള്ള അന്നത്തെ സാഹചര്യം ഓര്മ്മിച്ചവതരിപ്പിച്ചത് രസകരമായി. ഔപചാരികത ഒട്ടുമില്ലാതെയായിരുന്നു ചടങ്ങുകള്‍. പരമേശ്വര്‍ജി അതില്‍ പങ്കെടുക്കണമെന്നാഗ്രഹിച്ചവര്ക്ക് നേരിട്ട് കത്തുകളയക്കുകയായിരുന്നത്രേ. ഇപ്പോള്‍ തവണക്കടവില്‍ പെരിയാറ്റിനു കുറുകെ പാലമുള്ളതിനാല്‍ വരാന്‍ എളുപ്പമാണ്. അക്കാലത്ത് ആലുവയില്‍നിന്ന് പറവൂര്‍ റോഡില്‍ യുസി കോളേജിന് മുമ്പില്‍ ഇറങ്ങി അഞ്ചു കി.മീറ്റര്‍ നടന്നാണ് വരവ്. വിശാലമായ മനയുടെ മുന്നില്‍ ഉയര്‍ത്തിയ പന്തലിലായിരുന്നു പരിപാടി നടന്നത്. അതിനും ഔപചാരികതയില്ല.
ഏകാത്മ മാനവത എന്നതിന്റെ സങ്കല്പത്തെ അനവധി വര്‍ഷക്കാലത്തെ ധ്യാന, മനനങ്ങളിലൂടെ ദീനദയാല്‍ജി പ്രായോഗികതയിലേക്ക് ആനയിക്കുകയായിരുന്നു. സ്വതന്ത്രഭാരതത്തിന്, തനതായ ഒരു രാജനീതിശാസ്ത്രവും വ്യവസ്ഥയും ഉണ്ടാകണമെന്നും, അത് വൈദേശികമായ ഒന്നിന്റെയും പകര്പോ അനുകരണമോ ആകരുതെന്നും; എന്നാല്‍ അവയിലെ ഉത്തമാംശങ്ങളെ ഉള്‍ക്കൊള്ളുന്നതാകണമെന്നും ദീനദയാല്‍ജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
തന്റെ ആശയങ്ങള്‍ അദ്ദേഹം ജനസംഘ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പലവട്ടം അവതരിപ്പിക്കുകയും, തുടര്‍ന്ന് പാര്‍ട്ടിക്കുവേണ്ടി തത്വവും നയവും രൂപീകരിക്കുന്നതിന് കരട് രൂപം തയ്യാറാക്കി അത് രാജ്യമെങ്ങുമുള്ള ചിന്തകര്‍ക്കും ബുദ്ധിജീവികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും അയച്ചുകൊടുത്ത് അഭിപ്രായം തേടുകയും ചെയ്തശേഷം ജനസംഘത്തിന്റെ ഭാരതീയ പ്രതിനിധിസഭയില്‍ അവതരിപ്പിച്ച് അംഗീകാരവും നേടി. അതുകൊണ്ടും തൃപ്തിപ്പെടാതെ സാധാരണ ജനസംഘം പ്രവര്‍ത്തകര്‍ക്കു അതു മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹം തന്നെ മുന്‍കയ്യെടുത്ത് ഓരോ സംസ്ഥാനത്തും പരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് വൈപ്പിന്മനയില് പരിപാടി നടന്നത്.
ഗുരുകുല വിദ്യാഭ്യാസത്തെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തില്‍ എല്ലാവരും ദീനദയാല്‍ജിക്കു ചുറ്റും വട്ടംകൂടിയിരിക്കുകയും, അദ്ദേഹം ഓരോ ആശയം അവര്‍ക്കു പറഞ്ഞുകൊടുക്കുകയും, അതേക്കുറിച്ചുള്ള സംശയങ്ങള്‍ക്കു മറുപടി നല്കുകയുമായിരുന്നുവത്രേ രീതി. എപ്പോള്‍ വേണമെങ്കിലും സംശയമുന്നയിക്കാമായിരുന്നു. താനൊരു നേതാവാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്കു തോന്നാത്ത വിധം തീര്‍ത്തും സാധാരണമട്ടിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.
രാജേട്ടന്റെ ഉദ്ഘാടനപ്രസംഗത്തിലും ദീനദയാല്ജിയുമായുണ്ടായ സമ്പര്‍ക്കത്തിന്റെയും, അന്നത്തെ പഠനശിബിരത്തിന്റെയും സ്മരണകള്‍ അനുസ്മരിച്ചു. ശിബിരത്തില്‍ അക്കാലത്ത് ആരംഭിക്കാനിരുന്ന പഞ്ചവത്സര പദ്ധതിയുടെ മുന്‍ഗണനകള്‍ക്കും മറ്റും മുന്‍പദ്ധതികളുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തേണ്ടതിനെക്കുറിച്ച് ദീനദയാല്‍ജി വിശദമായി സംസാരിച്ച കാര്യം അനുസ്മരിച്ചു.
എറണാകുളം ജില്ലയിലെ പഴയ ജനസംഘം പ്രവര്‍ത്തകരെയും, ദീനദയാല്‍ജിയെ നേരിട്ടു കണ്ടിട്ടുള്ളവരെയും, അടിയന്തരാവസ്ഥയില്‍ സമരം നടത്തി ജയില്വാസമനുഭവിച്ചവരെയും പരിപാടിയില്‍ പങ്കെടുപ്പിച്ചിരുന്നു. ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായി അടിയന്തരാവസ്ഥ കഴിയുന്നതുവരെ പ്രവര്‍ത്തിച്ച പി. സുന്ദരം സജീവമായി അവിടെ കാണപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ആലുവയില്‍ പ്രചാരകനായിരുന്ന വി.കെ. വിശ്വനാഥന് എല്ലാവര്ക്കും ആവേശം നല്‍കിയും ആദരവേറ്റുവാങ്ങിയും ചടങ്ങിന്റെ വേദിയിലിരുന്നു.
വെളിയത്തുനാട് ഗ്രാമത്തിന് അവിസ്മരണീയനായ ബലിദാനി ചന്ദ്രശേഖരന് എല്ലാവരുടെയും മനസ്സില്‍ പരിപാടിയുടെ ആദ്യാവസാനം ജ്വലിച്ചുനിന്നു. പറവൂരിനടുത്ത് കൈതാരത്ത് സംഘശാഖ നടത്താന്‍ പോയ സമയത്ത് മാര്‍ക്സിസ്റ്റുകളുടെ അക്രമത്തിനിരയായി ജീവന് ആഹുതിചെയ്ത ചന്ദ്രന് ഇന്നും സ്മരിക്കപ്പെടുന്നു. ചന്ദ്രന്റെ സഹോദരിഭര്‍ത്താവും പറവൂരിലെ സ്വയംസേവക പ്രമുഖനുമായ ദിവാകരന്‍പിള്ള ചടങ്ങില്‍ നിറസാന്നിധ്യമായി പങ്കെടുത്തിരുന്നു.
അന്‍പതുവര്‍ഷങ്ങള്‍ക്കുശേഷം വൈപ്പിന്മനയ്ക്കും മാറ്റങ്ങള്‍ വന്നു. പഴമ നിലനിര്‍ത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങള്‍ വന്നിരിക്കുന്നു. ദീനദയാല്‍ജിക്ക് ആതിഥേയത്വം വഹിച്ച കാലത്ത് ഏഴ് വയസ്സുകാരിയായിരുന്ന തിരുമേനിയുടെ മകള്‍ മായ, എല്ലാവരെയും സ്വീകരിച്ചു. അവരും അമ്മയും ജനസംഘം നടത്തിയ എല്ലാ സമരങ്ങളുടെയും അഗ്നിപഥം കടന്നവരാണ്. തിരുമേനിയാകട്ടെ കേരളത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ പ്രശസ്ത സ്ഥാപനമായ തന്ത്രവിദ്യാപീഠത്തിന്, തന്റെ ഊരാണ്മയിലുണ്ടായിരുന്ന ചെറിയത്ത് ക്ഷേത്രം വിട്ടുകൊടുത്ത ആളാണ്.
അതിനുപുറമെ എറണാകുളം കലൂരിലെ പാവക്കുളം മഹാദേവക്ഷേത്രം വിശ്വഹിന്ദുപരിഷത്തിനു ലഭ്യമായതിലും ഇരവി രവി നമ്പൂതിരിപ്പാടിന്റെ പങ്ക് അമൂല്യമായിരുന്നു.
മനയുടെ പരിസരം ഒരു തപോവനംപോലെ വൃക്ഷനിബിഡമാണിന്ന്. അതിനിടയിലായിരുന്നു സംഗമവേദി ഒരുങ്ങിയത്. സമീപത്ത് നിറഞ്ഞൊഴുകുന്ന പെരിയാറ്റില്‍നിന്ന് വീശുന്ന കുളിര്‍കാറ്റും, ലിഫ്റ്റ് ഇറിഗേഷന്‍ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ കളകളാരവവും ആനന്ദകരമായി. അവിടെയെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ തികഞ്ഞ നിര്‍വൃതി അനുഭവിച്ചുകൊണ്ടാകും മടങ്ങിയിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: