കല്‍പ്പറ്റ: സൗദി അറേബ്യയില്‍ ദുരുഹ സാഹചര്യത്തില്‍ മരണമടഞ്ഞ വയനാട് കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗം കമ്പളക്കാട് ചുണ്ടക്കര മാവുങ്കല്‍ സിസിലി മൈക്കിളിന്റെ(48) മൃതദേഹം വിട്ടുകിട്ടാനുള്ള ബന്ധുക്കളുടെ ശ്രമം തുടരുന്നു. ഇന്നലെയും സഹോദരങ്ങളും ബന്ധുക്കളും എം.പി. അടക്കമുള്ള ജനപ്രതിനിധികളുടെ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ആശാവഹമായ ഒരു നീക്കവുമുണ്ടായിട്ടില്ലെന്ന് സിസിലിയുടെ സഹോദരന് ജോര്‍ജ് പറഞ്ഞു. ഇതിനിടെ സിസിലിയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന്, വിസ ഏജന്റുമാരായ മൂന്നുപേര്‍ക്കെതിരേ സഹോദരങ്ങള്‍ കമ്പളക്കാട് പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു. കോഴിക്കോട്ടെ റോളക്സ് ഏജന്‍സിയുടെ പേരില്‍ എത്തിയ മീനങ്ങാടി സ്വദേശി സലീം, കോഴിക്കോട് സ്വദേശി റഫീഖ്, സഫിയ എന്നിവര്‍ക്കെതിരെയാണ് ഈ മാസം 24ന് സിസിലിയുടെ സഹോദരങ്ങളായ ജോര്‍ജ്, ജോസ്, ജോണ്സണ് എന്നിവര്‍ ചേര്‍ന്ന് പരാതി നല്‍കിയത്. സിസിലിയെ കബളിപ്പിച്ച വിസ ഏജന്റുമാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന പരാതിയല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്നാണ് കമ്പളക്കാട് പോലീസ് പ്രതികരിച്ചത്.
നഴ്സറി കുട്ടികളെ പരിചരിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ സിസിലി അടക്കമുള്ള നാലു സ്ത്രീകള്‍ക്ക് വീട്ടുജോലിയാണ് ലഭിച്ചത്. സൗദിയില്‍ ബുദ്ധിമുട്ടാണെന്നും ഇവിടെ നിന്ന് തന്നെ രക്ഷിക്കണമെന്നും സിസിലി സഹോദരനോട് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് വിസ ഏജന്‍സിയുടെ നടപടിയില്‍ ബന്ധുക്കള്‍ക്ക് സംശയം ജനിച്ചത്. റോളക്സ് ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായാണ് അറിയിച്ചതെന്ന് ജോര്‍ജ് പറഞ്ഞു. എന്നാല്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സൗദിയിലെ ആശുപത്രിയിലെ മലയാളി ജീവനക്കാരുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരത്തില്‍ ഒരു നീക്കവും നടക്കുന്നില്ലെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
സിസിലി മരിച്ചതായി ഏപ്രില്‍ 24ന് വൈകീട്ടാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: