കൈച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നു പറയുംപോലെയാണ് ദേവന്മാര്‍ക്ക്. ദേവന്മാരുടെ ഇടയിലെ സ്ഥിരം പ്രശ്‌നക്കാരനാണ് ചന്ദ്രന്‍. ഇയാളു കാരണം ദേവേന്ദ്രന്‍ പോലും പലപ്പോഴും പ്രശ്‌നങ്ങളില്‍ ചെന്ന് പെട്ടിട്ടുണ്ട്. പലവട്ടം താക്കീത് ചെയ്തിട്ടുമുണ്ട്. ഒരിക്കല്‍ യുദ്ധത്തിന്റെ വക്കത്തുവരെയെത്തിയതാണ് വലിയ ദേവാസുരയുദ്ധത്തിന് ഈ വിദ്വാന്‍ കളമൊരുക്കി. മഹര്‍ഷിമാരും ബ്രഹ്മദേവനും ഇടപെട്ടാണ് ഒതുക്കിത്തീര്‍ത്തത്.
ഒരിക്കല്‍ നമ്മുടെ ചന്ദ്രന്‍ ദക്ഷപ്രജാപതിയുടെ കൊട്ടാരത്തില്‍ ചെന്നു. ദക്ഷന് കുറെ പെണ്‍കുട്ടികളുണ്ടായിരുന്നു. അവിടെ പെണ്ണു ചോദിച്ചാണ് ചന്ദ്രന്റെ ആഗമനം. പണ്ട് അതിഥിയായി ആരു വന്നാലും സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു. ചന്ദ്രനേയും ദക്ഷന്‍ സ്വീകരിച്ചിരുത്തി. താന്‍ ഇവിടെനിന്നും ഒരു പെണ്‍കുട്ടിയെ കിട്ടുമോന്നാലോചിച്ചു വന്നതാണെന്ന് ചന്ദ്രന്‍ വിവരമറിയിച്ചു.
ഇതില്‍ ഏതു പെണ്‍കുട്ടിയെയാണ് വേണ്ടതെന്ന് ദക്ഷന്‍ ആരാഞ്ഞു. നോക്കിയപ്പോള്‍ 27 പെണ്‍കുട്ടികളാണ് നിരന്നുനില്‍ക്കുന്നത്. സൗന്ദര്യംകൊണ്ട് ഓരോരുത്തരും ഒന്നിനൊന്നു മെച്ചം. ആരെ വേണമെന്ന കാര്യത്തില്‍ ചന്ദ്രനും ആശങ്കയായി. എല്ലാവര്‍ക്കും നല്ല തിളക്കം. എല്ലാവരെയും മാറി മാറി നോക്കിയപ്പോള്‍ ചന്ദ്രന്റെ ചിന്താക്കുഴപ്പം കൂടി. ഒടുവില്‍ ചന്ദ്രന്‍ വ്യക്തമാക്കി. ഈ ഇരുപത്തേഴുപേരെയും എനിക്കു വേണം. ഇതുപറഞ്ഞതോടെ ചന്ദ്രന്റെ അങ്കലാപ്പ് കുറഞ്ഞു. വാക്കു കൊടുത്ത ദക്ഷന്‍ അങ്കലാപ്പിലായി. ഇനി എന്തുമറുപടി പറയും. ദേവന്മാരെയും മഹര്‍ഷിമാരെയും സാക്ഷിയാക്കി വാക്കുകൊടുത്തിട്ട് ഇനി പിന്മാറാന്‍ പറ്റുമോ. ചോദിക്കുന്നവന് ഔചിത്യമില്ലെന്ന് ഇപ്പോള്‍ വ്യക്തമായി. ഇനി കൊടുക്കുന്നവനും ഔചിത്യമില്ലെന്ന് ആരും പറയരുതല്ലോ.
ഒടുവില്‍ ബ്രഹ്മദേവന്റെ അനുഗ്രഹത്തോടെ തീരുമാനത്തിലെത്തി.
അങ്ങനെയാണ് ഇരുപത്തേഴുതാരങ്ങളെയും ദക്ഷന്‍ ചന്ദ്രന് നല്‍കിയത്. ഇതോടെ ചന്ദ്രന്‍ താരാനാഥന്‍ എന്നറിയപ്പെട്ടു തുടങ്ങി. 27 നക്ഷത്രങ്ങളുടെയും നാഥനായെങ്കിലും ചന്ദ്രന്‍ പിന്നെയും പ്രശ്‌നങ്ങളുണ്ടാക്കി. ഈ ഇരുപത്തേഴുപേരില്‍ രോഹിണിയോടുമാത്രം ചന്ദ്രന്‍ പ്രത്യേക സ്‌നേഹം തുടര്‍ന്നു. ഇത് മറ്റുള്ളവര്‍ക്കെല്ലാം സങ്കടമായി. അവര്‍ സതീദേവിയോട് സങ്കടമറിയിച്ചതിനെത്തുടര്‍ന്ന് സതീദേവിയുടെ നിര്‍ദ്ദേശമനുസരിച്ച് ചന്ദ്രന്‍ ഓരോ ദിവസം ഇരുപത്തേഴുപേരില്‍ ഓരോരുത്തരുടെ കൂടെ എന്ന നിലയില്‍ കഴിയാന്‍ തുടങ്ങി.
















