കല്‍പ്പറ്റ: കമ്പളക്കാട് ചുണ്ടക്കര മാവുങ്കല്‍ സിസിലി (48) സൗദി അറേബ്യയില്‍ മരണമടഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. സിസിലിയെ ജോലിക്ക് അയച്ച കോഴിക്കോട്ടെ ഏജന്സിക്കെതിരേും പരാതിയുണ്ട്. സിസിലി മരിച്ചതായി ഏപ്രില്‍ 24ന് വൈകീട്ടാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇതിനു മൂന്നു ദിവസം മുമ്പ് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പെങ്ങള് വിളിച്ചിരുന്നതായി സഹോദരന് ജോര്‍ജ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിനും മന്ത്രിമാര്‍ക്കും ജോര്‍ജ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സിസിലി മരിച്ചതായുള്ള വാര്‍ത്തയാണ് അറിഞ്ഞത്. ഇതിനിടെ മൃതദേഹം വിട്ടുകിട്ടാന്‍ ബന്ധുക്കള്‍ ജനപ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും നോര്‍ക്ക, എംബസി എന്നിവിടങ്ങളില്‍ നിവേദനം നല്‍കിയിട്ടും ഇതുവരെ ആശാവഹമായ ഒരു നടപടിയുമുണ്ടായില്ല.
കോഴിക്കോട്ടെ റോളക്സ് എന്ന ഏജന്‍സിക്കെതിരേയാണ് ജോര്‍ജ് പരാതി നല്‍കിയിരിക്കുന്നത്. സഫിയ എന്ന സ്ത്രീയാണ് സിസിലി അടക്കം വയനാട്ടില്‍ നിന്ന് നാലുപേരെ സൗദി അറേബ്യയിലേക്ക് കൊണ്ടു പോയത്. ഇതില്‍ മൂന്നു പേര് കമ്പളക്കാട് സ്വദേശികളും ഒരാള്‍ പനമരം സ്വദേശിനിയുമാണ്. നഴ്സറി കുട്ടികളെ പരിപാലിക്കുന്ന ജോലിയാണെന്നാണ് ഏജന്‍സി പറഞ്ഞിരുന്നത്. 2017 ജനുവരി ആറിനാണ് സിസിലിയും മറ്റ് സ്ത്രീകളും സൗദിയിലേക്ക് പോയത്. വീട്ടുജോലിയാണെന്നും ബുദ്ധിമുട്ടാണെന്നുമാണ് സിസിലി ബന്ധുക്കളോട് പറഞ്ഞിരുന്നത്. സിസിലിയോടൊപ്പം പോയ മറ്റ് സ്ത്രീകളും ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് സൂചന.
ഏപ്രില്‍ 24ന് സൗദിയിലെ കിംഗ് ഹാലിദ് എന്ന ആശുപത്രിയിലെ ഒരു മലയാളി നഴ്സ് മുഖേനെയാണ് മരണവിവരം കമ്പളക്കാട് പോലീസില്‍ അറിയിച്ചത്. ആംബുലന്‍സില്‍ വളരെ അത്യാസന്ന നിലയിലാണ് സിസിലിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. സിസിലിയുടെ ബന്ധുക്കള്‍ മുമ്പ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നി പോലീസ് ബന്ധുക്കളെ വിളിപ്പിച്ചു. ബന്ധുക്കള്‍ നഴ്സിന് ഫോട്ടോ അയച്ചുകൊടുത്തപ്പോഴാണ് മരിച്ചത് സിസിലി തന്നെയാണെന്ന് ഉറപ്പിച്ചത്. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ ഇന്നലെയും പരാതിയും നിവേദനങ്ങളുമായി നടന്നിട്ടും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ ആരംഭിച്ചിട്ടില്ല. ഇന്നലെ കേന്ദ്ര വിദേശകാര്യമന്ത്രി അടക്കമുള്ളവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്കി.
10 വര്‍ഷത്തോളം പഞ്ചായത്തംഗമായിരുന്നു സിസിലി.17 വയസുള്ള ഒരു മകളുണ്ട്. ഇവരെയും സിസിലിയുടെ മാതാവിനെയും ബന്ധുക്കള്‍ മരണവിവരം അറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: