വടകര: കക്കൂസ് മാലി ന്യം റോഡിലേക്കൊഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ ബിജെപി നടത്തിയ സമരം വിജയിച്ചു. വടകര മുനിസിപ്പല്‍ ചെയര്‍മാന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ബിജെപി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
വടകര ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ്, ഫാമിലി വെഡിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കക്കൂസ് മലിനജലമാണ് റോഡിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഒഴുക്കിയത്. ഇതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തത്. ഉപരോധത്തെ തുടര്‍ന്ന് കടകളടച്ചിട്ടിരുന്നു. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ തെക്കു ഭാഗത്തുള്ള ടാങ്കുകള്‍ മാലിന്യ മുക്തമാക്കി മണ്ണിട്ടു മൂടാനും ഇതിനായി മോണീറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. പുതുതായി ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതുവരെ നിലവിലുള്ള ടോയ്‌ലറ്റുകള്‍ അടച്ച് താക്കോലുകള്‍ മുനിസിപ്പല്‍ അധികൃതരെ ഏല്‍പ്പിക്കാനും തീരുമാനമായി. നിര്‍മ്മാണമാരംഭിച്ച ട്രീറ്റ്‌മെന്റ് പ്ലാന്റ് മെയ് 10 ന് മുമ്പ് പൂര്‍ത്തിയാക്കണം. പരിസരത്തുള്ള മലിനമായ കിണറുകള്‍ സ്ഥാപനങ്ങളുടെ ചിലവില്‍ ശുദ്ധീകരിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകള്‍.
കെ. ശ്രീധരന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.കെ. സിന്ധു, പി. അശോകന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. എം. രാജേഷ്, പി.എം. അശോകന്‍, കടത്തനാട് ബാലകൃഷ്ണന്‍, സി. പീതാംബരന്‍, എല്‍. ജയചന്ദ്രന്‍, എസ്. ആര്‍. റിജേഷ്, പ്രേമകുമാരി, അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















