കല്‍പ്പറ്റ: കടലാസ് വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മെയ് മൂന്നിന് അച്ചടി ബന്ദും, കലക്ടറേറ്റ് ധര്‍ണ്ണയും നടത്തുമെന്ന് കേരളാ പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് നടക്കുന്ന ധര്‍ണ്ണ എം.വി ശ്രേയാംസ്കുമാര്‍ എക്സ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ അച്ചടി വ്യവസായം വന്‍പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അമിതമായ കടലാസ് വില വര്‍ദ്ധന ഈ വ്യവസായത്തെ വന്‍തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. മൂന്നു മാസത്തിനുള്ളില്‍ കടലാസിന് 25 ശതമാനം വില വര്‍ദ്ധിച്ചിരിക്കുന്നത്. സമീപ വര്‍ഷങ്ങളിലൊന്നുമില്ലാത്ത വര്‍ദ്ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഒട്ടുമിക്ക പേപ്പറുകളും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും പ്രസ്സുടമകള്‍ പറഞ്ഞു. സംസ്ഥാനത്ത് കടലാസ് നാമമാത്രമായതിനാല്‍ അയല്‍ സംസ്ഥാനങ്ങളിലുള്ള പേപ്പര്‍ മില്ലുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇവയാകട്ടെ ക്രമാതീതമായി ആഴ്ചകള്‍ തോറും വില വര്‍ദ്ധിപ്പിക്കുകയാണ്. ദീര്‍ഘകാല കരാര്‍ ഏറ്റെടുത്തിരിക്കുന്ന പ്രസ്സുകളെ ഇത് ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് എത്തിക്കുന്നത്. അമിതമായ കടലാസ് വില വര്‍ദ്ധന നിയന്ത്രിക്കണമെന്നും, അച്ചടി വ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന് നല്‍കിയിരിക്കുന്ന നിവേദനത്തിലെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുമാണ് ബന്ദും, കലക്ടറേറ്റ് ധര്‍ണ്ണയും നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. അമിത വില വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ പ്രസ്സുകള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്നും, മെയ് മൂന്നിന് ഉച്ചവരെ ജില്ലയിലെ പ്രസ്സുകള്‍ക്ക് അവധിയായിരിക്കുമെന്നും അവര്‍ അറിയിച്ചു.പത്ര സമ്മേളനത്തില്‍ പ്രസിഡണ്ട് വി.പി രത്നരാജ്, ട്രഷറര്‍ ടി.പി തോമസ്, താലൂക്ക് പ്രസിഡണ്ട് വി രാജനന്ദന്‍, സെക്രട്ടറി ബുഷ്ഹര്‍, ട്രഷറര്‍ ശിവയോഗരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: