കാഞ്ഞങ്ങാട്: മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ധന ഉപയോഗം പരമാവധി കുറക്കുക എന്ന ഉദ്ദേശത്തിന്റെ ഭാഗമായി പൊതു വാഹനയാത്ര ശക്തിപ്പെടുത്തുന്നതിന് സ്വകാര്യ വാഹനങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം ഓടുന്നത് നിരോധിക്കണമെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ്സ് ഓണേഴ്സ് അസോസിയേഷന് വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. നീലേശ്വരം പള്ളിക്കരയില്‍ അടിയന്തിരമായി മേല്‍പ്പാലം പണി ആരംഭിക്കുക, സ്വകാര്യ ബസ്സുകള്‍ക്കുള്ള ഡീസലിന് സബ്സിഡി അനുവദിക്കുക, മേല്‍പ്പാലങ്ങള്‍ക്കുള്ള ടോള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക, ഏഴാംമൈല്‍ പാണത്തൂര്‍ റോഡ്, കിഴക്കുംകര ചാലിങ്കാല്‍ റോഡ് പണി എത്രയും പെട്ടെന്ന് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു. കാസര്‍കോട് ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി.എം.ശ്രീപതി റിപ്പോര്‍ട്ടും, ട്രഷറര്‍ പി.സുകുമാരന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി സി.രവി (പ്രസിഡന്റ്), മാധവന്‍മാസ്റ്റര്‍, എച്ച്.പി.ശാന്താറാം (വൈസ് പ്രസിഡന്റുമാര്‍), വി.എം.ശ്രീപതി (സെക്രട്ടറി), കെ.വി.രവി, കെ.ടി.സുരേഷ്ബാബു (ജോ.സെക്രട്ടറിമാര്‍), പി.വി.പത്മനാഭന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: