കൊട്ടാരക്കര: ചൂട് കടുത്തതോടെ സാക്രമികരോഗങ്ങള്‍ പടരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമായതാണ് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ തുടങ്ങുകയും ചെയ്‌തെങ്കിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണ്. ജലജന്യരോഗങ്ങളും വേനല്‍ക്കാല രോഗങ്ങളുമാണ് പടര്‍ന്നുപിടിക്കുന്നത്.
എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപനി, ചിക്കന്‍പോക്‌സ്, മഞ്ഞപിത്തം തുടങ്ങിയ രോഗങ്ങളാണ് പടരുന്നത്. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ജില്ലയില്‍ മൂന്നുപേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. പലരും ചികിത്സയിലാണ്. തുടക്കത്തില്‍ ചികിത്സ ലഭിച്ചാല്‍ രോഗങ്ങള്‍ മാരകമാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വായുവിലൂടെ പകരുന്ന വൈറല്‍പനിയാണ് എച്ച് വണ്‍ എന്‍ വണ്‍, ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മറ്റു രോഗങ്ങള്‍ ഉള്ളവരിലും ഇത് മാരകമാകാറുണ്ട്. തൊണ്ടവേദന, ശ്വാസംമുട്ടല്‍, മൂക്കൊലിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എളുപ്പമല്ല. രോഗലക്ഷണം ഉണ്ടായാല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടണം. എല്ലാ താലൂക്ക് ആശുപത്രികളിലും എച്ച് വണ്‍ എന്‍ വണ്‍ പനിക്ക് പ്രതിരോധമരുന്ന് എത്തിച്ചിട്ടുള്ളതായി അറിയിച്ചു.
ജലജന്യരോഗമാണ് ഡെങ്കിപ്പനി. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് ഇത് പരത്തുന്നത്. തലവേദനയും ശരീരവേദനയുമാണ് പ്രധാനലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. വേനല്‍കാലത്ത് സ്വയംചികിത്സ അരുതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വീട്ടിലും പരിസരപ്രദേശങ്ങളിലും കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കരുത്. കൊതുക് നശീകരണത്തിന് മുന്‍കൈയെടുക്കണം. മലിനജലം ഉപയോഗിക്കരുത്. കുടിക്കുവാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. പുറത്തുനിന്നുള്ള ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജില്ലാ-താലൂക്ക് ആശുപത്രികളില്‍ പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കുകയും മരുന്നുകള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകരെ സജ്ജമാക്കിയതായും അവര്‍ വ്യക്തമാക്കുന്നു. ജില്ലാതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയായിട്ടുണ്ടെങ്കിലും താഴെതട്ടില്‍ പ്രവര്‍ത്തനം മന്ദീഭവിച്ചുതന്നെയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരുമൊന്നും ഇനിയും സജ്ജമായിട്ടില്ല. ഗ്രാമീണ മേഖലകളിലാണ് ഇത്തരം രോഗങ്ങള്‍ വ്യാപിക്കുന്നത്.
















